മൊണാലിസയുടെ കഴുത്തിൽ ലക്ഷങ്ങളുടെ നെക്ലേസ് അണിയിച്ച് ബോബി ചെമ്മണ്ണൂർ!കേരളം വിട്ടുപോകാൻ തോന്നുന്നില്ലെന്ന് താരം
കുംഭമേളയിലെ വൈറൽ താരം ചാരകണ്ണുള്ള സുന്ദരി മോനി ഭോസ്ല എന്ന മൊണാലിസയെ കേരളത്തിൽ എത്തിച്ചിരിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ. കോഴിക്കോട് അരയിടത്ത്പാലത്ത് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മൊണാലിസ എത്തിയത്. വൈറൽ താരത്തിനെ കാണാൻ നിരവധി പേരാണ് ജ്വല്ലറിക്ക് മുൻപിൽ ഒത്തുകൂടിയത്.
ബോളിവിഡ് സംവിധായകൻ സനോജ് മിശ്രയും മൊണാലിസക്കൊപ്പം പരിപാടിക്കെത്തിയിരുന്നു. സനോജിന്റെ 'ദ് സ്റ്റോറി ഓഫ് മണിപ്പുര്‍' എന്ന ചിത്രത്തിൽ നായികയായി സിനിമ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് മൊണാലിസ. പിങ്ക് ലഹങ്ക ധരിച്ച് അതീവ സുന്ദരിയായിട്ടാണ് പരിപാടിക്കായി മൊണാലിസ എത്തിയത്. ബോബി ചെമ്മണ്ണൂരിനൊപ്പം വേദിയിൽ മൊണാലിസ ആടി തിമിർത്തു.

ആദ്യമായാണ് മൊണാലിസ കേരളത്തിൽ എത്തുന്നത്. തനിക്ക് കേരളവും മലയാളികളേയും ഒരുപാട് ഇഷ്ടമായെന്ന് പെൺകുട്ടി പറഞ്ഞു. 'ഇവിടേക്ക് വരുമ്പോൾ ഞാൻ ആകെ അസ്വസ്ഥതയിൽ ആയിരുന്നു. ആകെ ഭയന്നിരുന്നു. എന്ത് ചെയ്യുമെന്നൊക്കെ തോന്നി. പക്ഷെ വന്നപ്പോൾ ശരിക്കും സന്തോഷം തോന്നി.. ബോചെയാണ് എനിക്ക് കേരളത്തിലേക്ക് വരാൻ അവസരം തന്നത്. എനിക്ക് വളരെ അധികം സന്തോഷം തോന്നി. കേരളത്തിൽ ഉള്ളവർ വളരെ നല്ല മനുഷ്യരാണ്. ഇവിടെ തന്നെ ജീവിക്കാം എന്ന് തോന്നുകയാണ്. ഇപ്പോൾ പങ്കജ് മിശ്ര സാറിന്റെ സിനിമയിൽ അഭിനയിക്കാനുളള തയ്യാറെടുപ്പിലാണ്. മലയാള സിനിമയിൽ അവസരം ലഭിച്ചാൽ തീർച്ചയായും അഭിനയിക്കും', താരം വ്യക്തമാക്കി.
ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഡയമണ്ട് സെക്ഷൻ കൂടി ഉദ്ഘാടനം ചെയ്താണ് മൊണാലിസ മടങ്ങിയത്. സെക്ഷനിൽ വെച്ച് ലക്ഷങ്ങൾ വിലയുള്ള ഡയമണ്ട് നെക്ലേസ് ബോബി ചെമ്മണ്ണൂർ മൊണാലിസയെ അണിയിക്കുകയും ചെയ്തു. ഏകദേശം 15 ലക്ഷത്തോളം രൂപ പ്രതിഫലമായി നൽകിയാണ് മൊണാലിസയെ ബോബി ചെമ്മണ്ണൂർ കേരളത്തിൽ എത്തിച്ചത്. മുൻപ് അതിഥികളായി എത്തിയവരിൽ പലരേയും ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങൾ ബോബി അണിയിച്ചിട്ടുണ്ട്. നടി ശ്വേത മേനോനെ 40 ലക്ഷത്തിലേറെ വിലയുള്ള നെക്ലേസ് ബോബി ചെമ്മണ്ണൂർ അണിയിച്ച വീഡിയോ ഒക്കെ മുൻപ് വൈറലായിരുന്നു.
അതുകൊണ്ട് തന്നെ മൊണാലിസയ്ക്ക് ബോബി സ്വർണാഭരണങ്ങൾ സമ്മാനമായി നൽകുമോയെന്ന ചോദ്യങ്ങൾ ആരാധകർ ഉയർത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ചൊന്നും അദ്ദേഹം പ്രതികരിച്ചിട്ടില്ല. അതിനിടെ മൊണാലിസയുടെ ഉദ്ഘാടന വീഡിയോ വൈറലാകാൻ തുടങ്ങിയതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമനറുമായി എത്തുന്നത്. ചില കമന്റുകൾ നോക്കാം
'ഹണി റോസിനെ കൊണ്ടുവരുന്നതിനെക്കൾ പാവപ്പെട്ട വീട്ടിലെ ഒരു കുട്ടിക്ക് ഉപകാരം ഉണ്ടായത് നല്ല കാര്യം', 'ആശംസകൾ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ട ഒരു പെൺകുട്ടിക്ക് ഇത്തരത്തിൽ ഒരു ഉയർച്ച ഉണ്ടായതിൽ വളരെ സന്തോഷം.നന്മകൾ ഉണ്ടാകട്ടെ', 'ഇത് പോലെ മാറണ൦ ജനങ്ങളുടെ മനോഭാവ൦ അഴകല്ല നല്ല മനസ്സാണ് വേണ്ടത് കാശല്ല ഇല്ലായ്മ എന്തന്നു അറിഞ് ജീവിയ്ക്കുന്നവനാണ് മനുഷ്യൻ. അത് സ്വയം അനുഭവിച്ചാലെ അറിയു ഒരു സല്യൂട്ട്', 'ആ കുട്ടിയുടെ ഭാഗ്യം ഇതുപോലെ എല്ലാവരും വന്നെങ്കിൽ മറ്റുള്ളവരുടെ അഹങ്കാരത്തിനെ ഒരു ശമനം ഉണ്ടായനെ'.
അതേസമയം ഹണി റോസ് കേസിൽ അറസ്റ്റിലായതോടെ ഇടിഞ്ഞ തന്റെ ഇമേജ് തിരിച്ചുപിടിക്കാനുള്ള ബോബി ചെമ്മണ്ണൂരിന്റെ മാർക്കറ്റിംഗ് തന്ത്രമാണിതെന്ന് കമന്റ് ചെയ്യുന്നവരും ഉണ്ട്. ബോചെയുടെ മാർക്കറ്റിംഗ് ബുദ്ധി അപാരം തന്നെയെന്നാണ് പലരും കുറിച്ചത്.












Click it and Unblock the Notifications