ഹണി റോസിനോട് പരസ്യമായി ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂർ; ഒരു അഭ്യർത്ഥനയും
നടി ഹണി റോസിനെതിരെ ബോബി ചെമ്മണ്ണൂർ അധിക്ഷേപ പരാമർശം നടത്തിയ സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഒടുവിൽ നടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിലാകുകയും ചെയ്തു. ദിവസങ്ങളോളം ജയിലിൽ കിടന്നതിന് ശേഷമാണ് ബോബിക്ക് ജാമ്യം ലഭിച്ചത്. കേസിൽ ഇപ്പോഴും നിയമനടപടി പുരോഗമിക്കുകയാണ്. അതിനിടയിലിതാ ഹണി റോസിനോട് പരസ്യമായി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരണം.
'എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, യഥാർത്ഥത്തിൽ ഞാൻ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്നേഹത്തോടും പരിഗണനയോടും കൂടി മാത്രം പെരുമാറുന്ന ഒരു വ്യക്തിയാണ്. ഞാൻ ഒരിക്കലും ബോധപൂർവ്വം ആരെയും ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും ശ്രമിക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ ഞാൻ ഇടയ്ക്ക് തമാശകളും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ട്, എന്നാൽ ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെയല്ല ഞാൻ അത് ചെയ്യുന്നത്.

എന്നാൽ, നടി ഹണി റോസിനെക്കുറിച്ച് ഞാൻ നടത്തിയ പ്രസ്താവനകൾ അവരെയും അവരുടെ കുടുംബത്തെയും വളരെയധികം വേദനിപ്പിച്ചതായി ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. എനിക്കുണ്ടായ ആ വീഴ്ചയിൽ ഞാൻ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു. എന്റെ വാക്കുകളുടെയും അതിന്റെ ആഘാതത്തിന്റെയും പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയാണ്. ആരെയും വേദനിപ്പിക്കാൻ എനിക്ക് യാതൊരു ഉദ്ദേശവുമില്ലായിരുന്നു. ഈ ആത്മാർത്ഥമായ മാപ്പപേക്ഷ സ്വീകരിച്ച് അവർ കേസ് പിൻവലിക്കാൻ തയ്യാറാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ വിഷയം ദയവായി പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നതിനൊപ്പം, നല്ല രീതിയിൽ മുന്നോട്ട് പോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്' എന്നാണ് ബോബി ചെമ്മണ്ണൂർ കുറിച്ചത്.
ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടന വേദിയിൽ വെച്ച് നടി ഹണി റോസിനെതിരെ നടത്തിയ ചില മോശം പരാമർശങ്ങളാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഉദ്ഘാടന ചടങ്ങിനിടെ നടിയുടെ അനുവാദമില്ലാതെ കൈയിൽ പിടിച്ച് തിരിക്കുകയും ശരീരഭാഗങ്ങളെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു എന്നതായിരുന്നു നടി നൽകിയ പരാതി. ഹണി റോസ് കൊച്ചിയിൽ നേരിട്ട് എത്തി പരാതി നൽകിയതോടെ പോലീസ് ബോബിക്കെതിരെ കേസെടുക്കുകയായിരുന്നു. തുടർന്ന് വയനാട്ടിലെ റിസോർട്ടിൽ വെച്ചാണ് നാടകീയമായി ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ദിവസങ്ങളോളം ബോബിക്ക് ജയിലിൽ കഴിയേണ്ടി വന്നിരുന്നു. ഒടുവിൽ കർശന ഉപാധികളോടെയാണ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
ജാമ്യം കിട്ടി പുറത്തിറങ്ങിയ സമയത്ത് താൻ ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വെറുമൊരു തമാശ മാത്രമാണ് പറഞ്ഞതെന്നുമാണ് ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ വാക്കുകൾ ചിലർ വളച്ചൊടിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം, കേസുമായി ശക്തമായി മുന്നോട്ട് പോകുമെന്ന നിലപാടിലായിരുന്നു ഹണി റോസ്. പരാതി നൽകിയതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ തനിക്കും കുടുംബത്തിനും നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ഉണ്ടായതായും ഇതിന് പിന്നിൽ വലിയൊരു സംഘം തന്നെയുണ്ടെന്നും നടി തുറന്നടിച്ചിരുന്നു. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നവർക്കെതിരെയുള്ള നിയമപോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും നടി ആവർത്തിച്ചു. ഇതിനിടയിലാണ് ഇപ്പോൾ കേസ് പിൻവലിക്കണമെന്ന അഭ്യർത്ഥനയുമായി ബോബി ചെമ്മണ്ണൂർ രംഗത്തെത്തിയിരിക്കുന്നത്. അഭ്യർത്ഥനയിൽ ഹണി റോസ് എന്ത് നിലപാടെടുക്കുമെന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications