ലോണെടുത്ത വലിയ തുക ഒഴിവാക്കി നൽകി ബോചെ, വീടൊരുക്കി കെസി, ഗൗരിക്കും ശരണ്യയ്ക്കും വീടായി

ആലപ്പുഴ: പ്രകാശം പരത്തുന്ന പെൺകുഞ്ഞുങ്ങൾ ഗൗരിക്കും ശരണ്യയ്ക്കും ഇനി അടച്ചുറപ്പുളള വീട്ടിൽ സമാധാനത്തോടെ കിടന്നുറങ്ങാം. അച്ഛന് പരിക്കേറ്റ് ജോലി ചെയ്യാൻ വയ്യാതായ സാഹചര്യത്തിൽ നാലംഗ കുടുംബത്തെ പോറ്റുന്ന ചുമതല ഏറ്റെടുത്ത മിടുക്കികളാണ് പത്ത് വയസ്സുകാരി ഗൗരിയും അനുജത്തി ഏഴ് വയസ്സുളള ശരണ്യയും. അച്ഛന്റെ തൊഴിലായിരുന്ന എൽഇഡി ബൾബ്, ട്യൂബ് ലൈറ്റ് നിർമാണ സംരംഭമാണ് ഈ കുട്ടികൾ ഏറ്റെടുത്തത്. ഇവരുടെ ജീവിത കഥ വാർത്തയായിരുന്നു.

അതിന് പിന്നാലെയാണ് വീട് എന്ന സ്വപ്നം സഫലമാക്കാൻ കെസി വേണുഗോപാലും ബോബി ചെമ്മണ്ണൂരും അടക്കമുളളവർ സഹായിച്ചത്. കെസി വേണുഗോപാലിന്റെ കുറിപ്പ് വായിക്കാം: '' നമ്മളൊക്കെ കുറച്ചുനാളുകൾക്ക് മുൻപ് പ്രകാശം പരത്തുന്ന രണ്ട് കുഞ്ഞുങ്ങളെക്കുറിച്ച് കേട്ടിരുന്നില്ലേ? ഗൗരിയും ശരണ്യയും. കൊച്ചുവീട്ടിലെ ഇരുളടയാതിരിക്കാൻ വേണ്ടി, കൊച്ചുപ്രായത്തിലേ തന്നെ പ്രകാശം പരത്താൻ ഇറങ്ങിപ്പുറപ്പെട്ട മിടുക്കിക്കുട്ടികൾ. പത്തും ഏഴും വയസ്സിലെത്തി നിൽക്കെ, ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് മാത്രമല്ല അവർ നേരിട്ടത്. അച്ഛൻ ചെയ്തിരുന്ന എൽഇഡി ബൾബ്, ട്യൂബ് ലൈറ്റ് നിർമാണ സംരംഭം വാടകവീട്ടിൽ തുടങ്ങി വിസ്മയിപ്പിക്കുകയായിരുന്നു ഇക്കാലത്ത് ആ കുഞ്ഞുങ്ങൾ.

രണ്ടുവർഷം മുൻപാണ് ഒരു സംഘട്ടനത്തിനിടയിൽപ്പെട്ട് അച്ഛൻ വി.ജി ഗവേഷിന് നെഞ്ചിലും വയറ്റിലും കുത്തേറ്റത്. ഇതോടെ, ശസ്ത്രക്രിയയും തുടർചികിത്സകളും മൂലം വീടുപണി നിലച്ചു. ആയാസമുള്ള ജോലികൾ ചെയ്യാൻ കഴിയാതായി. തുടർന്ന് ബാങ്ക് വായ്പയെടുത്ത് എൽഇഡി ബൾബ്, ട്യൂബ് ലൈറ്റ് നിർമാണ സംരംഭം വാടകവീട്ടിൽ തുടങ്ങുകയായിരുന്നു. ബൾബിനുള്ള അസംസ്കൃത വസ്തുക്കൾ ഡൽഹിയിൽ നിന്നു വാങ്ങാൻ സുമനസ്സുകളും സഹായിച്ചു.

Bobby Chemmanur

അതിനിടെ അടുത്ത അപകടം. ഏണിയിൽ നിന്ന് വീണ് ഗവേഷിന്റെ ഒരു കൈപ്പത്തി തിരിഞ്ഞുപോയി. അതോടെ കുടുംബം പ്രതിസന്ധിയിലായി. വീട്ടുവാടക കൊടുക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥ. അതോടെ, മൂന്നാം ക്ലാസിലെ അവധിക്ക് അച്ഛനൊപ്പമിരുന്ന് കൗതുകത്തോടെ ബൾബ് നിർമാണം പഠിച്ച ഗൗരി, കഴിഞ്ഞ വർഷം അവസാനത്തോടെ അതൊരു തൊഴിലായി ഏറ്റെടുത്തു. സോൾഡറിങ് അയൺ ഉൾപ്പെടെ ആ കുഞ്ഞിക്കൈകൾക്ക് വഴങ്ങി. ബൾബുകൾ പാക്കറ്റിലാക്കി പെട്ടിയിൽ അടുക്കാൻ കുഞ്ഞനിയത്തി ശരണ്യയും കൂട്ടിനിരുന്നു. ഇത് ഗവേഷ് കടകളിൽ വിൽപനയ്ക്കെത്തിക്കും. ഇങ്ങനെയാണ് ഏറെ നാളുകളായി രണ്ട് കുഞ്ഞുങ്ങളും അച്ഛനും അമ്മൂമ്മയും അടങ്ങുന്ന ആ കുടുംബം കഴിഞ്ഞുപോരുന്നത്.

വാർത്തകളിൽ നിന്നാണ് പ്രകാശം പരത്തുന്ന ഈ കുഞ്ഞുങ്ങളെക്കുറിച്ചറിഞ്ഞത്. ഇവരുമായി ബന്ധപ്പെട്ടപ്പോഴാണ് സ്വന്തമായി വീടില്ലെന്നും കൈയിലുള്ള സ്ഥലം പണയപ്പെടുത്തി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തിരിക്കുന്നുവെന്നും മനസ്സിലായത്. തുടർന്ന് ബോബിയോട് ഞാൻ സംസാരിക്കുകയുണ്ടായി. വലിയ തുകയാണെങ്കിലും അതൊഴിവാക്കി സ്ഥലം വിട്ടുനൽകിയാൽ, വീട് ഞാൻ നിർമിച്ചുനൽകാം എന്നറിയിച്ചു. പ്രിയപ്പെട്ട ബോബി അത് ഒരു തടസ്സവുമില്ലാതെ സമ്മതിക്കുകയായിരുന്നു.

സ്ഥലം വായ്പയൊഴിവാക്കി ലഭിച്ചതോടെ, സമാന മനസ്കരുമായി സംസാരിച്ച് വീട് നിർമ്മിക്കാനുള്ള പണം സ്വരൂപിക്കാനായിരുന്നു അടുത്ത ലക്ഷ്യം. അത് പ്രതിബന്ധങ്ങളേതുമില്ലാതെ അതിവേഗം പൂർത്തിയായി. അടച്ചുറപ്പുള്ള സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ഗൗരിയും ശരണ്യയും ഗവേഷും ഗവേഷിന്റെ അമ്മയും ഇന്നുമുതൽ ജീവിച്ചുതുടങ്ങുകയാണ്. താക്കോൽ ദാനം നിർവഹിക്കുമ്പോൾ, മനസ്സ് നിറയെ സന്തോഷമായിരുന്നു.

ഏത് പ്രതിസന്ധികളെയും ആത്മവിശ്വാസം കൊണ്ട് മറികടക്കാൻ ഈ കുഞ്ഞുപ്രായത്തിലേ കഴിയുമെന്ന് തെളിയിച്ച ആ കുഞ്ഞുങ്ങൾക്ക് എവിടെയും വിജയിച്ചുകയറാൻ കഴിയും. ഒരാൾക്ക് എഞ്ചിനീയറാകണമെന്നും മറ്റൊരാൾക്ക്‌ യുദ്ധവിമാനങ്ങൾ പറത്തുന്ന പൈലറ്റാകണമെന്നുമുള്ള ആഗ്രഹമാണ്. ആ സ്വപ്നത്തിലേക്ക് ചിറക് വെച്ച് പറക്കുകയാണവർ. അതിനൊപ്പം നിൽക്കേണ്ടത് നമ്മളോരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാണ്. പ്രകാശം പരത്തി അവർ ഉയരങ്ങളിലേക്ക് പറക്കട്ടെ. ആശംസകൾ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ.. ഒപ്പം നിന്ന ബോബി ചെമ്മണ്ണൂർ അടക്കമുള്ളവർക്ക് ഹൃദയം നിറഞ്ഞ നന്ദി..''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+