• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രശ്നം കസബയോ പാർവ്വതിയോ പോലുമല്ല.. അതുക്കും മേലെ! ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം!

കൊച്ചി: ഇന്ത്യൻ സിനിമയെ ആകെയും മലയാള സിനിമയെ പ്രത്യേകമായും എടുത്ത് നോക്കിയാൽ സ്ത്രീപക്ഷ സിനിമകൾ അധികമൊന്നും കണ്ടെടുക്കാനാവില്ല. പൊതുബോധത്തിനെ ഊട്ടിയുറപ്പിക്കുന്നതല്ലാതെ അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ അപൂർവ്വമായേ നടക്കാറുള്ളൂ. സ്ത്രീവിരുദ്ധത മലയാള സിനിമയിൽ എക്കാലത്തും ഒറ്റയ്ക്കും തെറ്റയ്ക്കും നിലനിൽക്കുന്നുണ്ടായിരുന്നു. അതേക്കുറിച്ച് ആരും ബോധവാന്മാരായിരുന്നില്ല. ആയിരുന്നുവെങ്കിൽ തന്നെയും ഉറക്കെ അത് പറയാൻ ധൈര്യപ്പെട്ടില്ല.

വിഗ്രഹങ്ങൾക്ക് നേരെ കൈചൂണ്ടി നിങ്ങൾ തെറ്റാണെന്ന് പറയാൻ ഒരു കൂട്ടം പെണ്ണുങ്ങളുണ്ടായിരിക്കുന്നു. തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിക്കുന്ന ഫാൻസ് കൂട്ടത്തിന് നേർക്ക് പാർവ്വതിയെപ്പോലുള്ള പെണ്ണുങ്ങളുണ്ട് ഇന്ന് തലയുയർത്തി നിൽക്കാൻ. എന്താണ് യഥാർത്ഥത്തിൽ പാർവ്വതി മലയാള സിനിമയോട് ചെയ്ത ' കുറ്റം' ? അത് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് പറയും.

പാർവ്വതി പറഞ്ഞതും പുറത്ത് വന്നതും

പാർവ്വതി പറഞ്ഞതും പുറത്ത് വന്നതും

രാജ്യാന്തര ചലച്ചിത്ര മേളയുടെ സംവാദവേദിയിൽ സിനിമയിൽ സ്ത്രീവിരുദ്ധത മഹത്വവത്ക്കരിക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിടെയാണ് പാർവ്വതി കസബ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. എന്താണ് ഉദ്ദേശിച്ചത് എന്ന് പാർവ്വതി ആ വേദിയിൽ തന്നെ കൃത്യമായ വാക്കുകളിൽ വ്യക്തമാക്കിയതാണ്. അത് സിനിമയിൽ സ്ത്രീ വിരുദ്ധരായ കഥാപാത്രങ്ങൾ പാടില്ല എന്നല്ല, മറിച്ച് അത്തരം സ്ത്രീവിരുദ്ധത ആഘോഷിക്കുന്നത് നല്ലതല്ല എന്നാണ്.

നിലപാടിലുറച്ച് പാർവ്വതി

നിലപാടിലുറച്ച് പാർവ്വതി

നേരത്തെ തന്നെ പാർവ്വതിക്കെതിരെയും വിമൻ ഇൻ സിനിമ കളക്ടീവിന് നേരെയും നിലപാടുകളുടെ പേരിൽ കലിപ്പുള്ള കൂട്ടർ ഇതോടെ ആക്രമണവുമായി ചാടിവീണു. പാർവ്വതി മമ്മൂട്ടിയെ വിമർശിച്ചു എന്നായി വ്യാഖ്യാനം. തെറിവിളികൾ തുടങ്ങിയിട്ട് ദിവസങ്ങളായി. ലിച്ചിയെപ്പോലെ കരഞ്ഞ് കൊണ്ട് മാപ്പുമായി പാർവ്വതി വരുമെന്ന് കാത്തിരുന്ന ഫാൻസുകാർക്ക് നിരാശ മാത്രം ബാക്കി. പറഞ്ഞ നിലപാടുകൾ ആവർത്തിച്ചതല്ലാതെ ഒരിഞ്ച് പോലും പാർവ്വതി പിന്നോട്ട് പോവുകയുണ്ടായില്ല.

കടുത്ത മറുപടി

കടുത്ത മറുപടി

പാർവ്വതിക്ക് നേരെ നടക്കുന്ന സൈബർ ആക്രമങ്ങൾക്ക് രസകരമായ രീതിയിൽ ചുട്ട മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്. ഫേസ്ബുക്ക് കുറിപ്പ് ഒറ്റ നോട്ടത്തിൽ പാർവ്വതിക്ക് എതിരെയാണ് എന്ന് ഫാൻസിനെ തെറ്റിദ്ധരിപ്പിക്കുന്നതാണ് . എന്നാൽ കഥയറിയാതെ കിടന്ന് തുള്ളുന്ന വെട്ടുകിളിക്കൂട്ടത്തിന്റെ തലയ്ക്ക് കൂടം കൊണ്ടടിക്കുന്നത് പോലൊരു മറുപടിയാണിത്. ബോബി സഞ്ജയ് എഴുതിയ കുറിപ്പ് ഇങ്ങനെയാണ്.

കസബയോ പാർവ്വതിയോ അല്ല പ്രശ്നം

കസബയോ പാർവ്വതിയോ അല്ല പ്രശ്നം

ആദാമിന്റെ വാരിയെല്ല് എന്ന തലക്കെട്ടിലാണ് കുറിപ്പ്. ബോബിയും സഞ്ജയും പറയുന്നു: പ്രശ്നം കസബയോ പാർവതിയോ പോലുമല്ല. പ്രശ്നം പെണ്ണ് സംസാരിച്ചു എന്നതാണ്. തെറ്റിദ്ധരിക്കരുത്. സംസാരിക്കുന്നതിൽ ഞങ്ങൾക്ക് പരാതിയില്ല. പക്ഷേ അത് ഫാഷൻ ട്രെന്റുകളെ കുറിച്ചും, പാചകത്തെക്കുറിച്ചും, ഭാവി വരനെപ്പറ്റിയുള്ള സങ്കൽപങ്ങളെക്കുറിച്ചുമൊക്കെ പോരെ? വൻ കാര്യങ്ങളെക്കുറിച്ചൊക്കെ പറയേണ്ടി വരുമ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ ഞാനാളല്ല എന്ന വിനയമല്ലേ അതിന്റെ ശരി?

ഒരു ക്ഷമാപണം നടത്തിക്കൂടേ

ഒരു ക്ഷമാപണം നടത്തിക്കൂടേ

അതും പോട്ടെ പറഞ്ഞതിനെപ്പറ്റി ഒരു ക്ഷമാപണമെങ്കിലും നടത്തിക്കൂടേ? എത്ര ഉച്ചത്തിൽ ഞങ്ങൾ ആൺസിംഹങ്ങൾ അലറിക്കൊണ്ടിരിക്കുന്നു. മാപ്പ് പറയുന്നില്ലെന്ന് മാത്രമല്ല, അതേ ആത്മവിശ്വാസത്തോടെ, അതേ ശക്തിയോടെ ഉള്ള മറുപടികൾ വീണ്ടും വീണ്ടും. ഇല്ല പാർവതി, ഞങ്ങൾക്കിത് ശീലമില്ല. പെണ്ണ് എന്ന് പറയുമ്പോൾ ഞങ്ങൾ പ്രതീക്ഷിക്കുന്ന മിനിമം അടക്കവും ഒതുക്കവുമുണ്ട്.

പ്രത്യേകിച്ച് ഈ പ്രായത്തിൽ.

ആക്രമിച്ചേ ശീലമുള്ളൂ

ആക്രമിച്ചേ ശീലമുള്ളൂ

അതിനപ്പുറമുള്ളവരെ ആക്രമിച്ചേ ഞങ്ങൾക്ക് ശീലമുള്ളൂ. ആക്രമണമെന്ന് പറയുമ്പോൾ അത് പല ഘട്ടങ്ങളിലാണ്. ഒന്ന് നിങ്ങളാരാണ് ഇതൊക്കെപ്പറയാൻ എന്ന തരത്തിലുള്ളത്. (നീയാരാടീ ഇത് പറയാൻ എന്ന് പരിഭാഷ). അതിൽ കുലുങ്ങുന്നില്ലെന്ന് കണ്ടാൽ അടുത്ത സ്റ്റെപ്പ് പരിഹാസമാണ്. പണിപ്പെട്ടുണ്ടാക്കുന്ന തമാശകൾ, ഉപമകൾ. അവിടെയും അനക്കമില്ലെങ്കിൽ പിന്നെ ഞങ്ങൾ മൂന്നാമത്തെ ലെവലിലേക്ക് പോകും.

ആരോഗ്യമുള്ള ചർച്ച അജണ്ടയിലില്ല

ആരോഗ്യമുള്ള ചർച്ച അജണ്ടയിലില്ല

സ്ത്രീയെ ലൈംഗിക അവയവങ്ങളിലേക്ക് ചുരുക്കിയുള്ള ശുദ്ധ ചീത്തവിളിയും. വ്യക്തിഹത്യയും. മൂന്നും ഇന്ന് വരെ കേട്ടിട്ടില്ലാത്ത തരത്തിൽ സ്ത്രീ ശബ്ദം ഉയരുമ്പോഴുണ്ടാകുന്ന അസഹിഷ്ണതയിൽ നിന്നാണെന്നതാണ് സത്യം. അല്ലാതെ വിയോജിപ്പ് ആരോഗ്യകരമായ പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചയിലൂടെ എന്നതൊന്നും ഞങ്ങളുടെ അജണ്ടയിലില്ല.

ആദാമിന്റെ വാരിയെല്ല്

ആദാമിന്റെ വാരിയെല്ല്

അങ്ങനെയായിരുന്നെങ്കിൽ സ്ത്രീ വിരുദ്ധമായ പരാമർശങ്ങളോ അങ്ങനയെുള്ള കഥാപാത്രങ്ങളോ ഉണ്ടാവാൻ പാടില്ല എന്നതാണ് നിങ്ങളുടെ പരാമർശത്തിലുള്ളതെന്ന് ഞങ്ങൾ തെറ്റിദ്ധരിക്കില്ലായിരുന്നു. അവ മഹത്വവൽക്കരിക്കപ്പെടരുത് എന്നാണ് നിങ്ങൾ ഉദ്ദേശിച്ചതെന്ന് ഞങ്ങൾ മനസിലാക്കുമായിരുന്നു. മലയാളം കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയിലെ പുരുഷ കഥാപാത്രങ്ങൾ സ്ത്രീ വിരുദ്ധതയുടെ പ്രതീകങ്ങളായിരുന്നു എന്ന് തിരിച്ചറിയുന്നിടത്ത് തീരുമായിരുന്നു എല്ലാ പ്രശ്നവും. ആ സിനിമയുടെ പേരാണ് ഈ കുറിപ്പിന്റെയും ടൈറ്റിൽ, ആദാമിന്റെ വാരിയെല്ല്.

ഞങ്ങൾ താങ്കളോട് വിയോജിക്കുന്നു

ഞങ്ങൾ താങ്കളോട് വിയോജിക്കുന്നു

ഒരു സിനിമയുടെ മാത്രമാണ് പേരെടുത്ത് പറഞ്ഞതെങ്കിലും അതിലൂടെ അനേകം സിനിമകളെയാണ് പാർവതി, താങ്കൾ വിമർശിച്ചിരിക്കുന്നത്. ഒരു പക്ഷേ, ഞങ്ങൾ എഴുതിയവകളടക്കം. എന്തായാലും സ്വസ്ഥമായി എഴുതിക്കൊണ്ടിരുന്ന ഞങ്ങളെ, ഇനി പേനയെടുക്കുമ്പോൾ സ്ത്രീയെ, അവളുടെ പക്ഷത്ത് നിന്ന് കൂടി ചിന്തിച്ചിട്ടെഴുതൂ എന്ന ഓർമപ്പെടുത്തലിലേക്ക്, സ്വയം വിശകലനത്തിലേക്ക്, മനസമാധാനക്കേടിലേക്ക് തള്ളിയിട്ടതിനാൽ ഞങ്ങൾ താങ്കളോട് വിയോജിക്കുന്നു, വിയോജിക്കുന്നു, വിയോജിക്കുന്നു.

English summary
Script Writers Bobby and Sanjay's response to Kasaba Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more