'ബോബി ചെമ്മണ്ണൂർ മണ്ടനോ ഞരമ്പ് രോഗിയോ അല്ല; അക്കാര്യം മറയ്ക്കാന്‍ വേണ്ടിയാണ് ഇതൊക്കെ: കാഞ്ഞ ബുദ്ധി'
കൊച്ചി: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി 11.45 ഓടെ തന്നെ ബോബിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. അതിന് ശേഷം പുലർച്ചെ അഞ്ച് മണിയുടെ വീണ്ടും ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നിലവില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കഴിയുന്ന അദ്ദേഹത്തെ രാവിലെ 11 മണിയോടെ എറണാകുളും സി ജെ എം കോടതിയില്‍ ഹാജരാക്കും.
അതേസമയം, ബോബി ചെമ്മണ്ണൂരിനെ ഈ തരത്തില്‍ വളത്തിയതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കും നിർണ്ണായക പങ്കുണ്ടെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനായ ശ്രീകുമാർ മനയില്‍ അഭിപ്രായപ്പെടുന്നത്. 'ഒരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണകർത്താക്കളെ കിട്ടും എന്ന് പറയുന്നത് പോലെ ഓരോ ജനതയ്ക്കും അവരുടെ മനസ്ഥിക്ക് അനുസരിച്ചുള്ള ബിംബങ്ങളേയും കിട്ടും. അങ്ങനെ മൊത്തം മലയാളികളുടേയും മനഃസ്ഥിതിക്ക് അനുസരിച്ച് സൃഷ്ടിക്കപ്പെട്ട ബിംബമാണ് ബോബി ചെമ്മണ്ണൂർ' എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോബി ചെമ്മണ്ണൂർ എന്ന ബിംബത്തെ സൃഷ്ടിച്ചതില്‍ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. 2014 കാലഘട്ടത്തിലാണ് ഞാന്‍ ഇയാളെക്കുറിച്ച് കൂടുതലായി കേള്‍ക്കുന്നത്. അന്ന് 'എനിക്ക് രക്തം തരൂ, രക്ത ബാങ്ക് ഉണ്ടാക്കണം' എന്ന് പറഞ്ഞുകൊണ്ട് ഇദ്ദേഹം കാസർകോട് മുതല്‍ കന്യാകുമാരി വരെ ഓട്ടം നടത്തിയിരുന്നു. അത് ലൈവായി കൊടുക്കാന്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ തിക്കിതിരക്കി മുന്നോട്ട് വരുന്ന കാഴ്ചയുണ്ടായിരുന്നു. ഒരു സ്ലോട്ട് ആ പരിപാടിക്ക് മാത്രമായി മാറ്റിവെച്ചു. ഇയാള്‍ എവിടെയാണ് രക്തബാങ്ക് ഉണ്ടാക്കിയത്. ആർക്കാണ് രക്തം കൊടുത്തത്. ഇതൊന്നും ആരും അന്ന് അന്വേഷിച്ചില്ല.
2015 ല്‍ വിഎസ് അച്യുതാനന്ദന്‍ ഒരു പത്രസമ്മേളനത്തില്‍ ബോബി ചെമ്മണ്ണൂർ എന്ന വാക്ക് പറഞ്ഞപ്പോള്‍ ദൃശ്യമാധ്യമങ്ങളെല്ലാം ലൈവ് കട്ട് ചെയ്തു. വിഎസ് പറഞ്ഞ കാര്യം പോലും സംപ്രേക്ഷണം ചെയ്യാന്‍ ഒരു മാധ്യമങ്ങള്‍ പോലും തയ്യാറായില്ലെന്ന ദുഃഖസത്യം നാം മനസ്സിലാക്കണം. ഇത്തരം ബിംബങ്ങളെ പരുവപ്പെടുത്തി എടുത്തതില്‍സമൂഹത്തിനും സമൂഹത്തിന്റെ കണ്ണാടികളായ മുഖ്യധാര മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. അന്ന് ഓണ്‍ലൈനുകള്‍ അത്ര സജീവമായിരുന്നില്ലെന്നും ശ്രീകുമാർ മനയില്‍ പറയുന്നു.
അശ്ലീല വാക്കുകളും ദ്വയാർത്ഥ പ്രയോഗങ്ങളും അദ്ദേഹം വളരെ മനപ്പൂർവ്വമായി പർപ്പസ്ഫുള്ളി ക്രിയേറ്റ് ചെയ്തെടുക്കുന്ന ഇമേജാണ്. അത് ആസ്വദിക്കുന്നു വൈകൃത മനസ്സുള്ള വലിയ സമൂഹം തന്റെ മുന്നിലുണ്ടെന്നും അവരെ രസിപ്പിച്ച് നിർത്തിക്കൊണ്ട് തനിക്ക് തന്റെ ബിസിനസ് വളരെ നന്നായി മുന്നോട്ട് കൊണ്ടുപോകാം എന്ന് ഇയാള്‍ക്ക് നന്നായി അറിയാം.
ഇന്ന് ഈ വിഷയത്തില്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് ഇട്ടപ്പോള്‍ ഒരു സ്ത്രീ വന്ന് വളരെ മോശമായ രീതിയില്‍ സംസാരിച്ചു. മര്യാദക്ക് വസ്ത്രം ധരിച്ചാല്‍ ആരും ഇങ്ങനെ പറയില്ലെന്നാണ് അവർ പറയുന്നത്. അതായത് സ്ത്രീകള്‍ പോലും ഇത്തരത്തില്‍ വന്ന് ബോബി ചെമ്മണ്ണൂരിനെ ന്യായീകരിക്കുന്നു. അത്രക്ക് അടച്ച് മൂടിയ സമൂഹത്തിന് മുന്നിലേക്കാണ് ഇത്തരം അശ്ലീല പ്രയോഗങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളുമായി അദ്ദേഹം കടന്നുചെല്ലുന്നത്.
ബോബി ചെമ്മണ്ണൂർ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന് വ്യക്തമായ ഉദ്ദേശമുണ്ട്. സജിനന്ത്യാട്ട് പറഞ്ഞത് അദ്ദേഹം മണ്ടനോ ഞരമ്പ് രോഗിയോ ഒന്നുമല്ല. ഇയാളുടെ ബിസിനസുമായി ബന്ധപ്പെട്ട പലകാര്യങ്ങളും മൂടിവെക്കപ്പെടുന്നത് ഇത്തരം തന്ത്രപരമായ മാധ്യമ ഇടപെടലുകളിലൂടെയാണ്. എല്ലാ സർക്കാറുകള്‍ക്കും ഇയാളുടെ തട്ടിപ്പുകളെക്കുറിച്ച് കൃത്യമായ പരിപാടി നല്‍കിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പേരില്‍ പിടികൂടിയെങ്കിലും എത്രകണ്ട് ശിക്ഷ ലഭിക്കുമെന്ന് കണ്ട് അറിയണം. അതിന് അപ്പുറം ഇയാളുടെ തട്ടിപ്പുകളും സാമ്പത്തിക തിരിമറികളും സംബന്ധിച്ച പരാതികള്‍ സർക്കാറിന് മുന്നിലുണ്ട്. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചതായി എനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications