ഹണി റോസിനെ വീണ്ടും വിളിപ്പിക്കും, ബോബിയുടെ പഴയ വീഡിയോകള്‍ എടുക്കുന്നു.. കുരുക്കാനുറച്ച് പൊലീസ്
കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്‍കിയ പരാതിയില്‍ കര്‍ശന നടപടികളിലേക്ക് കടക്കാനൊരുങ്ങി പൊലീസ്. ചൊവ്വാഴ്ച ബോബി ചെമ്മണ്ണൂരിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ജാമ്യം നല്‍കാതിരിക്കാനുള്ള വകുപ്പുകള്‍ കൂടി ചേര്‍ക്കാനുള്ള വഴിയാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിനായി നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും.
ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടന പരിപാടിക്കിടെ ലൈംഗിക അധിക്ഷേപം നടത്തിയതിന് പിന്നാലെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്നും ഹണി റോസ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്. ഇത് പ്രകാരമുള്ള വകുപ്പ് ബോബി ചെമ്മണ്ണൂരിന് എതിരെ ചുമത്തുന്നതും പൊലീസ് പരിശോധിച്ച് വരികയാണ്.

ബോബി ചെമ്മണ്ണൂര്‍ നടത്തിയ മറ്റ് അശ്ലീല പരാമര്‍ശങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ഇതിന് മുന്‍പ് പല അവസരങ്ങളിലായി ബോബി ചെമ്മണ്ണൂര്‍ നടത്തിയ അശ്ലീല പരാമര്‍ശങ്ങളുടെ വീഡിയോകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ബോബിയുടെ ജാമ്യത്തെ എതിര്‍ത്ത് ഇവയെല്ലാം കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം. നിലവില്‍ ഭാരതീയ ന്യായ സംഹിത 75, ഐടി ആക്ട് 67 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിന് തെിരെ കേസെടുത്തിരിക്കുന്നത്.
നിലവില്‍ കാക്കനാട് ജയിലിലാണ് ബോബി ചെമ്മണ്ണൂര്‍ കഴിയുന്നത്. എറണാകുളം സിജെഎം കോടതിയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് ബോബിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇത് ചോദ്യം ചെയ്ത് ബോബി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു.
ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ് ഹര്‍ജി. ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കൂടി കേള്‍ക്കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. നേരത്തെ ബോബി ചെമ്മണ്ണൂരിന്റെ വാദങ്ങളൊന്നും ഹൈക്കോടതി മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഹണി റോസ് കുറ്റമാരോപിക്കുന്ന വീഡിയോ അവരുടെ തന്നെ പ്രൊഫൈലിലുണ്ടെന്നും അതിന്റെ ലിങ്ക് ഹാജരാക്കാമെന്നും ബോബി പറഞ്ഞിരുന്നു.
എന്നാല്‍ വീഡിയോ ഹാജരാക്കുന്നത് കേസിനെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഇത് ശരിവെച്ച് കൊണ്ട് വീഡിയോ കാണേണ്ടതില്ല എന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. ബോബി ചെയ്തത് ഗൗരവമേറിയ തെറ്റാണെന്നായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. മോശം പെരുമാറ്റത്തോടുള്ള എതിര്‍പ്പ് ഹണി റോസ് കൃത്യമായി അറിയിച്ചിരുന്നു എന്നും പൊലീസ് ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ അത് ഇത്തരം കുറ്റങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതുപോലെയാകും എന്നും പ്രതി നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിന് തെളിവുണ്ട് എന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ ബി രാമന്‍ പിളളയാണ് ബോബിക്കായി കോടതിയില്‍ ഹാജരായത്.












Click it and Unblock the Notifications