ഈ സ്വർണത്തിന് മേക്കിംഗ് ചാർജ് ഇല്ല; ഇനി ആഭരണങ്ങളും വരുത്തും..ഗോൾഡ് എടിഎമ്മിനെ കുറിച്ച് വിശദീകരിച്ച്
കഴിഞ്ഞ ദിവസമാണ് സ്ഥാപനത്തിൽ'ഗോൾഡ് എടിഎം' സ്ഥാപിച്ച വിവരം ബോബി ചെമ്മണ്ണൂർ പങ്കുവെച്ചത്. ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ തൃശൂർ കോർപറേറ്റ് ഓഫീസിലാണ് എ ടി എം സ്ഥാപിച്ചത്. സ്വർണത്തിന്റേയും വെളളിയുടേയും നാണയങ്ങൾ ഈ എ ടി എമ്മിൽ നിന്ന് ലഭിക്കും. ഹൈദരാബാദിലെ ഗോൾഡ് സിക പ്രൈവറ്റ് ലിമിറ്റഡ് ആണ് എ ടി എം നിർമ്മിച്ചത്. ഇപ്പോഴിതാ ഈ എടിമ്മിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം.
എ ടി എമ്മിൽ നിന്നും അര മില്ലിഗ്രാം മുതലുള്ള സ്വർണ നാണയങ്ങൾ ലഭിക്കുമെന്നാണ് ഉദ്ഘാടന വീഡിയോ പങ്കുവെച്ച് കൊണ്ട് ബോബി ചെമ്മണ്ണൂർ അറിയിച്ചു. 24 മണിക്കൂറും ആ എടിഎം പ്രവർത്തിക്കും. പണം നിക്ഷേപിച്ച് കഴിഞ്ഞാൽ എ ടി എമ്മിൽ നിന്നും സ്വർണം ലഭിക്കും. ഏറ്റവും വലിയ പ്രത്യേകത ഇങ്ങനെയെടുക്കുന്ന സ്വർണത്തിന് പ്രത്യേകിച്ച് പണിക്കൂലിയൊന്നും നൽകേണ്ടതില്ലെന്നാണ്. വൈകാതെ തന്നെ ഈ എടിമ്മിലൂടെ ആഭരണങ്ങൾ കൂടി വരുന്ന തരത്തിലുള്ള സൗകര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എടിമ്മിൽ നിന്നെടുക്കുന്ന സ്വർണ നാണയങ്ങൾക്ക്ബിഐഎസ് സർട്ടിഫിക്കറ്റ് ഓഫ് പ്യൂരിറ്റി ലഭിക്കും. 100 ശതമാനം പരിശുദ്ധിയുള്ള സ്വർണം തന്നെയായിരിക്കും ലഭിക്കുക. വാങ്ങിക്കുന്ന ഓരോ സ്വർണ നാണയത്തിനും ജിഎസ്ടി ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഇൻവോയിസ് ലഭിക്കും. 5 കിലോ സ്വർണം ഈ എടിഎമ്മിൽ സൂക്ഷിക്കാൻ സാധിക്കും.
'സ്വർണം വിൽക്കുക കാശുണ്ടാക്കുക എന്നത് തന്നെയാണ് തന്റെ ലക്ഷ്യം. ആളുകൾക്ക് ഈ എടിഎം കൂടുതൽ സൗകര്യപ്രദമായിരിക്കും. എപ്പോൾ വന്ന് വേണമെങ്കിലും വാങ്ങാം. കൈയ്യിൽ രാത്രിയാണ് പണം വരുന്നതെങ്കിൽ അപ്പോൾ തന്നെ ഇവിടെ എത്തി കോയിൻ എടുക്കാം. കടയിൽ തന്നെ ഈ കോയിനൊക്കെ വാങ്ങാൻ പോകുന്നതിനെക്കാൾ എളുപ്പമാണ് ഇത്. നിക്ഷേപ ആവശ്യങ്ങൾക്കും ഗിഫ്റ്റ് നൽകുന്നതിനുമെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താം', ബോബി ചെമ്മണ്ണൂർ പറഞ്ഞു.
ഗോൾഡ് എടിഎമ്മുകൾക്ക് പ്രചാരമേറുന്നു
ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളോ ഡിജിറ്റൽ വാലറ്റുകളോ ഉപയോഗിച്ച് 24 കാരറ്റ് സ്വർണ്ണ ബാറുകളോ നാണയങ്ങളോ വാങ്ങാൻ സാധിക്കുന്ന ഗോൾഡ് എടിഎമ്മുകൾക്ക് രാജ്യത്ത് വലിയ പ്രചാരം ലഭിക്കുന്നുണ്ട്. 2009-ൽ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലാണ് 'ഗോൾഡ് ടു ഗോ' എന്ന പേരിൽ ലോകത്തെ ആദ്യത്തെ ഗോൾഡ് എടിഎം ആരംഭിച്ചത്. നിലവിൽ പന്ത്രണ്ടിലധികം രാജ്യങ്ങളിലായി ഏകദേശം 200-300 ഗോൾഡ് എടിഎമ്മുകൾ പ്രവർത്തിക്കുന്നുണ്ട്. വിമാനത്താവളങ്ങൾ, ആഢംബര ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, കൺവീനിയൻസ് സ്റ്റോറുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലാണ് ഇവ കൂടുതലും സ്ഥാപിച്ചിരിക്കുന്നത്.
ഇന്ത്യയിൽ 2022 ലാണ് ആദ്യമായി ഗോൾഡ് എടിഎം വരുന്നത്. ഗോൾഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡ്, ഓപ്പൺക്യൂബ് ടെക്നോളജീസുമായി സഹകരിച്ച് ഹൈദരാബാദിലാണ് രാജ്യത്തെ ആദ്യത്തെ ഗോൾഡ് എടിഎം സ്ഥാപിച്ചത്. 0.5 ഗ്രാം മുതൽ 100 ഗ്രാം വരെയുള്ള സ്വർണ്ണ നാണയങ്ങൾ ലൈവ് എൽബിഎംഎ (LBMA) വിലയിൽ വിതരണം ചെയ്യുന്ന തരത്തിലായിരുന്നു ഈ മെഷീൻ. നിലവിൽ ഗോൾഡ്‌സിക്കയ്ക്ക് ഇന്ത്യയിലുടനീളം ഏകദേശം 14 എടിഎമ്മുകൾ ഉണ്ട്. ഹൈദരാബാദിലെ ബീഗംപേട്ട്, അമീർപേട്ട്, കൂടാതെ ആന്ധ്രാപ്രദേശിലെ തിരുപ്പതിയി,ഗുജറാത്തിലെ ഗാന്ധിനഗർ എന്നിവിടങ്ങളിലെല്ലാം എടിഎമ്മുകൾ പ്രവർത്തിക്കുന്നുണ്ട്. ഡി. ഖുഷാൽഭായി ജ്വല്ലേഴ്സ് പോലുള്ള മറ്റ് സ്ഥാപനങ്ങളും ഗോൾഡ്-സിൽവർ എടിഎമ്മുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ഗോൾഡ് എടിഎമ്മുകളുടെ എണ്ണം 15-20 ആയി ഉയർന്നു.
ഈ വർഷം മെയ് മാസത്തിൽ ഗോൾഡ്‌സിക്ക ഹൈദരാബാദിൽ ലോകത്തിലെ ആദ്യത്തെ എഐ-പവർഡ് ഗോൾഡ് മെൽറ്റിംഗ് എടിഎമ്മും പുറത്തിറക്കി. പഴയ ആഭരണങ്ങൾ വിൽക്കാൻ കൂടി കഴിയുന്ന തരത്തിലുള്ളതാണ് ഈ മെഷീൻ.. ആഭരണങ്ങൾ ഉരുക്കുകയും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴി പരിശുദ്ധി വിലയിരുത്തുകയും, 30 മിനിറ്റിനുള്ളിൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. എന്നിരുന്നാലും, ഈ സംവിധാനത്തിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (BIS) അംഗീകാരം ലഭിക്കേണ്ടതുണ്ട്.












Click it and Unblock the Notifications