ബോബി ചെമ്മണ്ണൂരിനെ പൂട്ടിയ പൊലീസ് ബുദ്ധി; കോയമ്പത്തൂർ പരിപാടി പൊളിച്ചു: വിമാനത്താവളത്തിലും കണ്ണ്
കല്‍പ്പറ്റ: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് ചടുല നീക്കത്തിലൂടെ. നടി പരാതി നല്‍കിയതോടെ മുന്‍കൂർജാമ്യം തേടാനുള്ള നീക്കത്തിലായിരുന്നു ബോബി ചെമ്മണ്ണൂർ. മുന്‍കൂർ ജാമ്യം ലഭിക്കുന്ന സമയം വരെ ഇദ്ദേഹം ഒളിവില്‍ പോയേക്കാമെന്ന സൂചന ലഭിച്ചതോടെ പൊലീസ് അതിവേഗം നീക്കം നടത്തുകയായിരുന്നു.
ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ പൊലീസ് അദ്ദേഹം വയനാട് മേപ്പാടിയിലെ സ്വന്തം റിസോർട്ടിലുണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറി. ഒടുവില്‍ കൊച്ചിയില്‍ നിന്നെത്തിയ പൊലീസം സംഘവും വയനാട് പൊലീസും ചേർന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോബിയെ കൊച്ചിയിലേക്ക് കൊണ്ടുപോയി വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. അതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടേയുള്ള നടപടികളിലേക്ക് കടക്കുക.

വയനാട്ടില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോകാനുള്ള നീക്കത്തിലായിരുന്നു ബോബി ചെമ്മണ്ണൂർ. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണല്‍ ജ്വല്ലറി ഗ്രൂപ്പിന്റെ കോയമ്പത്തൂരിലെ പുതിയ റോം ഉദ്ഘാടനം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിന് ഇടയിലാണ് പൊലീസ് നടപടിയുണ്ടാകുന്നത്. പ്രതി രാജ്യം വിടുന്നത് തടയാനായി വിമാനത്താവളങ്ങളില്‍ അടക്കം നിരീക്ഷണം ശക്തമാക്കിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
അതേസമയം, തന്റെ പരാതിയില്‍ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രിയും ഡി ജി പിയും ഉറപ്പ് നല്‍കിയിരുന്നുവെന്ന് ഹണി റോസ് വ്യക്തമാക്കി. "മനസ്സിന് ഏറ്റവും സമാധാനം നല്‍കുന്ന ദിവസം ആണ് ഇത്. ഭയങ്കര റിലാക്സ്ഡ് ആണ്. അത്രയും വലിയ ടോർച്ചർ കുറെ വർഷങ്ങളായി അനുഭവിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അവഹേളനമുണ്ടായിരുന്നു. അതില്‍ നിന്നെല്ലാം കിട്ടിയ പ്രചോദനത്തില്‍ നിന്നായിരിക്കും ബോബി ചെമ്മണ്ണൂർ എന്ന വ്യക്തി നമ്മുടെ മുന്നില്‍ നിന്നും മോശം പരാമർശങ്ങള്‍ നടത്തിയത്' ഹണി റോസ് പറഞ്ഞു.
എതിർപ്പ് അറിയിച്ചിട്ടും വീണ്ടും വീണ്ടും അത് പറഞ്ഞ് കൊണ്ടിരുന്നതോടെ എന്നെ വെല്ലുവിളിക്കുന്നത് പോലെയായി. അതും അത്രയും നിയമസംവിധാനമുള്ള ഒരു നാട്ടില്‍. ഇതിന് ഒരു അറുതി വേണമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാനും എൻ്റെ കുടുംബവും എന്നെ സ്നേഹിക്കുന്ന എല്ലാവരും കൂടി ചേർന്ന് എടുത്ത ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസുമായി മുന്നോട്ട് പോയത്.
മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്ന ഒരു അപേക്ഷ ഞാന്‍ മുന്നോട്ട് വെച്ചിരുന്നു. അത് അംഗീകരിച്ച് അദ്ദേഹവുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചു. എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ ബുദ്ധിമുട്ടുകള്‍ എല്ലാം തന്നെ അദ്ദേഹവുമായി പങ്കുവെച്ചു. അതുപോലെ തന്നെ ഡി ജി പിയുമായും സംസാരിക്കുകയും അവരെല്ലാം കർശന നടപടി ഉറപ്പ് നല്‍കുകയും ചെയ്തു. ഞാന്‍ അനുഭവിക്കുന്നത് അത്രയും ഗുരുതരമായ വിഷയമാണെന്ന് അവർക്ക് മനസ്സിലായെന്നും ഹണി റോസ് വ്യക്തമാക്കി.
കുറേ നാളുകളായി ഇത് അനുഭവിക്കുന്നു. അപ്പോഴൊക്കെ ഒരു സംസാരത്തിലേക്കും വിവാദത്തിലേക്കും പോകേണ്ട എന്ന് കരുതുകയായിരുന്നു. ഒടുവില്‍ ഇതിനോടൊന്നും പ്രതികരിച്ചില്ലെങ്കില്‍ ഞാന്‍ അതിനെ അംഗീകരിക്കുന്നു, ആസ്വദിക്കുന്നു എന്ന തരത്തിലുള്ള വളരെ മോശമായ ഒരു സന്ദേശം സമൂഹത്തിലേക്ക് എത്തും. അതില്‍ എനിക്ക് അതിയായ ബുദ്ധിമുട്ടും വിഷമവുമുണ്ട്. ഇതൊക്കെ കുറച്ചുകൂടെ നേരത്തെ ആകാമായിരുന്നുവെന്ന് ഇപ്പോള്‍ കരുതുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications