ജയില്‍മേറ്റിന് ഓട്ടോ വാങ്ങിച്ച് നല്‍കി ബോബി ചെമ്മണ്ണൂർ: 'ഹണി റോസിനാണ് നന്ദി പറയേണ്ടത്'; കമന്റുകള്‍
തന്നോടൊപ്പം ജയിലില്‍ കിടന്ന സഹതടവുകാരന് ഓട്ടോറിക്ഷ വാങ്ങി നല്‍കി ബോബി ചെമ്മണ്ണൂർ. വൈപ്പിന്‍ സ്വദേശിയായ അരുണിനാണ് ബോബിയുടെ സഹായം ലഭിച്ചിരിക്കുന്നത്. ഹണി റോസിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന കുറ്റത്തിനായിരുന്നു അരുണും പിടിയിലായത്. എന്തുകൊണ്ട് അദ്ദേഹത്തിന് ഒരു ഓട്ടോ വാങ്ങി നല്‍കിയതെന്നും ബോബി ചെമ്മണ്ണൂർ തന്റെ പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.
ഞാന്‍ ജാമ്യം കിട്ടാതെ ജയിലില്‍ പോയപ്പോള്‍ സെല്ലിന് അകത്ത് അരുണ്‍ ഉണ്ട്. എന്നെ കണ്ടതും അവന്‍ ചാടി എഴുന്നേറ്റ് 'ബോച്ചെ ഞാന്‍ അങ്ങയുടെ വലിയ ആരാധകനാണെന്ന് പറഞ്ഞു' അങ്ങനെ ഞങ്ങള്‍ കമ്പനിയായി. ഞാനും അരുണും ഒരുമിച്ചാണ് പിന്നീട് ജാമ്യത്തിനായി കോടതിയിലേക്ക് പോയത്. എനിക്കും ജാമ്യം കിട്ടുമെന്നും അവന് കിട്ടില്ലെന്നുമായിരുന്നു അരുണ്‍ വിചാരിച്ചിരുന്നത്. ആള്‍ ഈ പറയുന്ന സെലിബ്രിറ്റിയുടെ പേജില്‍ കമന്റിട്ടിരുന്നു. അത് വലിയൊരു തെറിയായിരുന്നു. എന്തായാലും അന്ന് എനിക്ക് ജാമ്യം കിട്ടിയില്ലെങ്കിലും അവന്‍ ജാമ്യം കിട്ടി.

ജാമ്യം കിട്ടിയിട്ടും എന്താണ് ജയിലില്‍ കിടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഒരു പതിനായിരം രൂപയുണ്ടെങ്കില്‍ ജാമ്യക്കാരേയും വക്കീലിനേയും അറേഞ്ച് ചെയ്തി പുറത്തിറങ്ങാമെന്നായിരുന്നു മറുപടി. അപ്പോള്‍ ഞാന്‍ പറഞ്ഞു നാളെ കേറിപ്പോയിക്കോളൂ.. അതിനുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്യാമെന്ന്. അതിന് വഴങ്ങാതെ ബോച്ചെ പോയിട്ടെ ഞാനും ഇറങ്ങുന്നുള്ളൂ എന്നും പറഞ്ഞ് എന്റെ കൂടെ അഞ്ച് ദിവസം അവിടെ കിടന്നു. ഇതാണ് ഞങ്ങളുടെ ജയിലിലെ ബന്ധമെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു.
ജയിലില്‍ നിന്ന് ഇറങ്ങിയതോടെ അരുണിന് ജോലിയൊന്നും കിട്ടാതായി. അങ്ങനെയാണ് ഒരു ഉപജീവനമാർഗ്ഗം എന്ന നിലയില്‍ ബോച്ചെ ഫാന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ഒരു ഓട്ടോ അദ്ദേഹത്തിന് വാങ്ങി നല്‍കുന്നത്. അദ്ദേഹത്തിന് പറ്റാവുന്ന ഓട്ടവും നമ്മള്‍ കൊടുക്കും. വൈപ്പിനില്‍ ബോച്ചെ പബ്ബ് പ്രവർത്തിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഓട്ടവും നല്‍കാം.
ഞാന്‍ ജയിലില്‍ പോയത് ഒരു നിമിത്തമാണ്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചിട്ട് 70 രൂപ കൊടുക്കാനില്ലാത്തോണ്ട് ജയിലില്‍ വന്ന ഒരു വ്യക്തിയുണ്ട്. ആ ഹോട്ടല്‍ ഉടമ അയാളെ പിടിച്ച് മർദ്ദിച്ചു. അത് കഴിഞ്ഞ ഒരു മാസത്തോളമായി ജയിലില്‍ കിടക്കുകയാണ്. ഒരു ആറായിരം രൂപയുണ്ടെങ്കില്‍ അദ്ദേഹത്തിന് പുറത്തിറങ്ങാം. അങ്ങനത്തെ ചെറിയ, ചെറിയ തെറ്റുകള്‍ ചെയ്തവരെ സഹായിക്കാമെന്ന് ഞാന്‍ കരുതി. അങ്ങനെയുള്ളവരെ സഹായിക്കാനായി നിയമരമായി തന്നെ ഒരു സംവിധാനം ഏർപ്പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെ 17 പേരെ ഞാന്‍ ജാമ്യത്തില്‍ ഇറക്കി. ഇനിയും ഒരുപാട് പേരെ ജാമ്യത്തില്‍ ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതേസമയം, പതിവ് പോലെ ബോച്ചെയുടെ നടപടിയെ അനുകൂലിച്ചുകൊണ്ടുള്ള നിരവധി കമന്റുകളും വീഡിയോക്ക് താഴെ കാണാന്‍ സാധിക്കും. 'ഈ സഹായം കിട്ടിയ എല്ലാവരും ബോച്ചെക് അല്ല. നന്ദി പറയേണ്ടത് ഹണി റോസിന് ആണ്' എന്നാണ് ബാബു രാജ് എന്നായള്‍ കുറിച്ചത്.
'ഇരിപ്പിലും നടപ്പിലും കിടപ്പിലും വീഴ്ചയിലും എല്ലാം ചാരിറ്റി ദൈവത്തിനറിയാം ആർക്ക് സമ്പത്ത് നൽകണമെന്ന്. നൽകേണ്ട ആൾക്ക് ദൈവം നൽകിയപ്പോൾ ആയിരം കണ്ണീരുകൾക്ക് ആശ്വാസമായി നമ്മുടെ മുത്ത് ബോബി ചെമ്മണ്ണൂർ. ഒരു പക്ഷെ ജയിലിൽ കിടക്കുന്ന നിരപരാധികളിൽ ആരുടെയോ പ്രാർത്ഥനയാവാം ദൈവം നിങ്ങളെ അവിടേക്കെത്തിച്ചതെന്ന് വിശ്വസിക്കുക'- എന്ന് മറ്റൊരാളും കുറിച്ചു.












Click it and Unblock the Notifications