ബോബി ചെമ്മണ്ണൂര്‍ ഒടുവില്‍ 'കടുത്ത' തീരുമാനം എടുത്തു; 'നിര്‍ത്തി മാപ്പ്', ആ നമ്പറില്‍ വിളിച്ചാല്‍ കിട്ടില്ല
മലയാളികള്‍ക്ക് സുപരിചിതനായ വ്യവസായി ആണ് ബോബി ചെമ്മണ്ണൂര്‍. മറ്റു വ്യവസായികളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് വസ്ത്ര രീതിയും സംസാരവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ്. ബോബി ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് അടക്കം തന്റെ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് പുറമെ മറ്റു സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനും ബോബി ചെമ്മണ്ണൂര്‍ പോകുന്നത് പതിവാണ്.
സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള വ്യക്തി കൂടിയാണ് ബോബി ചെമ്മണ്ണൂര്‍. സന്നദ്ധ സേവന രംഗത്ത് ബോബി നടത്തുന്ന ഇടപെടല്‍ വേറിട്ടതാണ്. സൗദിയില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശിയെ യുവാവിനെ സഹായിക്കാന്‍ 35 കോടിയോളം സമാഹരിച്ച ബോബിയുടെ നടപടി പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കടുത്ത ചില തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്...

ഉദ്ഘാടനങ്ങള്‍ക്ക് പോകുന്നത് താല്‍ക്കാലികമായി നിര്‍ത്തി എന്നാണ് ബോബി ചെമ്മണ്ണൂര്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. പലരുടെയും ക്ഷണം ലഭിച്ചിട്ടും തിരക്ക് കാരണം എത്താന്‍ സാധിക്കാത്തത് പ്രയാസമുണ്ടാക്കി. ചിലര്‍ക്ക് സമയ നഷ്ടവും സാമ്പത്തിക നഷ്ടവും വരാന്‍ ഇതിടയാക്കുന്നുണ്ട്. ഈ കാരണത്താലാണ് ഉദ്ഘാടനത്തിന് പോകേണ്ടതില്ല എന്ന് തീരുമാനിച്ചത് എന്ന് ബോബി ചെമ്മണ്ണൂര്‍ പറയുന്നു.
ചാരിറ്റിയും സമാനമായ കാര്യങ്ങള്‍ക്കുമുള്ള ചടങ്ങുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പോകുന്നത് എന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഒരുപാട് ഉദ്ഘാടനത്തിന് ക്ഷണം ലഭിക്കുന്നുണ്ട്. എന്നാല്‍ തിരക്കും മടിയും കാരണം എല്ലാ സ്ഥലത്തും എത്താന്‍ സാധിക്കുന്നില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ തുറന്നുപറയുന്നു. ചില ഉദ്ഘാടനത്തിന് മാത്രം പോകുന്നത് പലരുടെയും വിഷമത്തിന് കാരണമാകുന്നുണ്ട് എന്ന് മനസിലാക്കിയതും ഈ തീരുമാനത്തിന് കാരണമാണ്.
ആ ഫോണ്‍ നമ്പര്‍ ഇനി നിലവിലുണ്ടാകില്ല
അടുത്തിടെ ഒരു ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചെങ്കിലും എത്തിപ്പെടാന്‍ പറ്റിയില്ല. ആ കടയുടമ വലിയ പ്രചാരണം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ വലിയ നഷ്ടമുണ്ടായി. ഇക്കാര്യം അറിഞ്ഞപ്പോള്‍ തനിക്കും പ്രയാസമുണ്ടായി. അതുകൊണ്ടാണ് ഇനി വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് പോകേണ്ടതില്ല എന്ന് തീരിമാനിച്ചതെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.
ഉദ്ഘാടനത്തിന് വിളിക്കാന്‍ പരസ്യപ്പെടുത്തിയ മൊബൈല്‍ നമ്പര്‍ ഇനി നിലവില്‍ ഉണ്ടായിരിക്കുന്നതല്ല എന്നും 'നിര്‍ത്തി മാപ്പ്' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ വീഡിയോയില്‍ ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. നല്ല തീരുമാനം എന്നാണ് ഈ വീഡിയോക്ക് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ പരിഹസിച്ചും കമന്റ് ചെയ്തിട്ടുണ്ട്.
അതേസമയം, തൊടുപുഴയില്‍ ഫെബ്രുവരി ഒമ്പതിന് ജീവകാരുണ്യ സംഘടന നടത്തുന്ന വോളിബോള്‍ ടൂര്‍ണമെന്റ് ഉദ്ഘടാനം ചെയ്യാന്‍ എത്തുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.












Click it and Unblock the Notifications