'ഹണി റോസ് വിളിച്ചാല്‍ വരുമെങ്കില്‍ കൊണ്ടുവരും', വൈരാഗ്യമുണ്ടോയെന്ന് അറിയില്ലെന്ന് ബോബി ചെമ്മണ്ണൂർ
ദ്വയാർത്ഥ പ്രയോഗങ്ങളുടെ പേരിൽ പലപ്പോഴും വിവാദത്തിലായിട്ടുളള വ്യവസായിയാണ് ബോബി ചെമ്മണ്ണൂർ. അത്തരത്തിൽ നടി ഹണി റോസിനെതിരെ നടത്തിയ പരാമർശങ്ങൾ ഒടുവിൽ ബോബി ചെമ്മണ്ണൂരിന് കുരുക്കുമായി. ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയുടെ അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബോബി ചെമ്മണ്ണൂരിന്റെ ചില ജ്വല്ലറികളുടെ ഉദ്ഘാടനത്തിൽ ഹണി റോസ് അതിഥിയായി പങ്കെടുത്തിരുന്നു. തുടർന്ന് ചില അഭിമുഖങ്ങളിലടക്കം തുടർച്ചയായി തന്നെക്കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തി എന്നാണ് ഹണി റോസ് പരാതി നൽകിയത്. വയനാട്ടിലെത്തി നാടകീയമായിട്ടായിരുന്നു പോലീസ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്.
റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. താൻ പോസിറ്റീവായി ഒരു പരാമർശം നടത്തിയതായിരുന്നുവെന്നും തമാശ പറയുമെന്നല്ലാതെ മനപ്പൂർവം ഒരാളെ അധിക്ഷേപിക്കില്ലെന്നുമാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നത്. എന്തായാലും ഈ സംഭവത്തിന് ശേഷം ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളുടെ ഉദ്ഘാടന പരിപാടികളിൽ ഹണി റോസ് പങ്കെടുത്തിട്ടില്ല.

അതേസമയം ഹണി മറ്റ് ഉദ്ഘാടന പരിപാടികളുമായി തിരക്കിലുമാണ്. ബോബി ചെമ്മണ്ണൂർ ആകട്ടെ മറ്റ് സിനിമാ നടിമാരെയും സോഷ്യൽ മീഡിയ താരങ്ങളെയും തന്റെ ഉദ്ഘാടന പരിപാടികളിൽ പങ്കെടുപ്പിക്കുന്നു. കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിലെ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്യാൻ എത്തിയത് നടി നവ്യ നായർ ആയിരുന്നു.
അതിനിടെ ഹണി റോസിനെ ഇനി ഉദ്ഘാടനത്തിന് വിളിക്കുമോ എന്നുളള ചോദ്യത്തിന് ബോബി ചെമ്മണ്ണൂരിന്റെ മറുപടി ഇങ്ങനെ: '' ഹണി റോസിനെ കൊണ്ടുവരുന്നതിന് എന്താണ് കുഴപ്പം. ഹണി റോസ് വിളിച്ചാല്‍ വരുമെങ്കില്‍ ഞാന്‍ വിളിക്കും. എന്നെ സംബന്ധിച്ച് ബിസിനസ്സ് ആണ്. വ്യക്തിപരമായി ആരോടും ഒരു വൈരാഗ്യവും ഇല്ല. ഹണി റോസിന് തന്നോട് വല്ല വൈരാഗ്യവും ഉണ്ടോ എന്ന് അറിയില്ല. നമ്മള്‍ ആരെയും മനപ്പൂര്‍വ്വം മോശമായിട്ട് ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്താണെന്ന് അറിയില്ല. വിളിച്ചാല്‍ ഹണി റോസ് വരുമെങ്കില്‍ കൊണ്ടുവരും''.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു: '' രാഹുല്‍ മാങ്കൂട്ടത്തിലിനെ നിങ്ങള്‍ക്ക് അറിയുന്നത് പോലെയെ തനിക്കും അറിയുകയുളളൂ. ന്യൂസില്‍ കാണുന്നതും വായിച്ച് കേള്‍ക്കുന്നതുമൊക്കെ തന്നെയേ അറിയുകയുളളൂ. രാഹുല്‍ ഈശ്വര്‍ പറഞ്ഞത് അത് ഓരോരുത്തരുടെ അഭിപ്രായങ്ങളാണ്. അതിനെക്കുറിച്ച് ഒന്നും പറയാനില്ല''.
പുരുഷ കമ്മീഷനെ അനുകൂലിച്ചും ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചിരുന്നു. പുരുഷ കമ്മീഷന്‍ ഉണ്ടാകുന്നത് കൊണ്ട് എന്താണ് തെറ്റ് എന്ന് ബോബി ചെമ്മണ്ണൂര്‍ ചോദിച്ചു. ''ആണും പെണ്ണും തുല്യരായിരിക്കണം. തുല്യനീതി ഉണ്ടാകണം. രാഹുല്‍ ഈശ്വര്‍ അതിന് വേണ്ടി കുറേ ശ്രമിക്കുന്നുണ്ടായിരുന്നു. പുരുഷനായാലും സ്ത്രീ ആയാലും അസത്യമായ കാര്യങ്ങള്‍ പറഞ്ഞാല്‍ അത് കണ്ട് പിടിച്ച് നീതി നല്‍കാനാകണം. ഒരു സെലിബ്രിറ്റിയാണ്, ബ്രാന്‍ഡ് ആണ് എങ്കില്‍ കൂടുതലായിട്ട് ഇത് പോലുളള പരാതികള്‍ വരും, സത്യമായതും അല്ലാത്തതും വരും''.












Click it and Unblock the Notifications