ബോച്ചെയോട് മലയാളം പറഞ്ഞ് മൊണാലിസ: 15 ലക്ഷം അല്ല, അതിലേറെ കൊടുക്കണം; ചിലർ പഠിക്കട്ടേയെന്നും പ്രതികരണം
കോഴിക്കോട്: പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ വൈറലായി മാറിയ മൊണാലിസയെന്ന പെണ്‍കുട്ടി കോഴിക്കോട് എത്തുകയാണ്. ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ പുതിയ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് വേണ്ടി ബോബി ചെമ്മണ്ണൂരാണ് മൊണാലിസയെ കോഴിക്കോട് എത്തിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10.30ന് താന്‍ കോഴിക്കോട് എത്തുമെന്ന് മൊണാലിസ തന്നെ പറയുന്ന വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്നെ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
ഇപ്പോഴിതാ മൊണാലിസ മലയാളം പറയുന്ന ഒരു വീഡിയോ കൂടി പങ്കിട്ടിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. എയർപോർട്ടിലേക്ക് എത്തുന്ന മൊണാലിസയെ ബോബി ചെമ്മണ്ണൂർ വീഡിയോ കോള്‍ ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. 'എന്തൊക്കെയാണ് സുഖമാണോ. ഇവിടെ എല്ലാവരും നിങ്ങളെ കാത്തിരിക്കുകയാണ്. എയർപോർട്ടിലേക്ക് പോകുകയല്ലേ' എന്നും ബോബി ചോദികുന്നു.

മലയാളിയായ ഒരു സ്ത്രീയോടൊപ്പമാണ് മൊണാലിസ കേരളത്തിലേക്ക് എത്തുന്നത്. കൂടെയുള്ള സ്ത്രീ പറഞ്ഞുകൊടുത്തതിന് അനുസരിച്ച് 'സുഖമല്ലേ' എന്ന് മൊണാലിസ തിരിച്ച് മലയാളത്തില്‍ ചോദിക്കുന്നു. ചെമ്മണ്ണൂർ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായിട്ടാണ് മൊണാലിസയെ ബോബി കേരളത്തിലെത്തിക്കുന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.
15 ലക്ഷമാണ് ബോബി ചെമ്മണ്ണൂർ മൊണാലിസക്ക് പ്രതിഫലമായി നൽകുകയെന്നാണ് റിപ്പോർട്ട്. അതിന് പുറമെ വലിയ രീതിയില്‍ സ്വർണ്ണാഭരണങ്ങളും നല്‍കും. പരിപാടിയിൽ വെച്ച് മൊണാലിസയ്ക്ക് കുറഞ്ഞത് അഞ്ച് പവന്റെ ആഭരണങ്ങളെങ്കിലും ബോബി കൊടുക്കാനുള്ള സാധ്യത ഉണ്ടെന്നാണ് സൂചന. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദി ഡയറി ഓഫ് മണിപ്പൂര്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറാന്‍ കുറിക്കുന്ന മൊണാലിസ ചിത്രത്തിനായി 21 ലക്ഷം രൂപയാണ് പ്രതിഫലം വാങ്ങുന്നത്.
അതേസമയം, മൊണാലിസയെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്ന ബോബി ചെമ്മണ്ണൂരിന് വലിയ പിന്തുണയാണ് അദ്ദേഹത്തിന്റെ ആരാധകരില്‍ നിന്നും ലഭിക്കുന്നത്. മൊണാലിസയ്ക്ക് 15 ലക്ഷം രൂപ ഒട്ടും കുറവല്ലെന്നും അതിലേറെ കൊടുക്കണമെന്നും ഒരു ആരാധാകന്‍ ബോബി ചെമ്മണ്ണൂരിന്റെ കുറിപ്പിന് താഴെ അഭിപ്രായപ്പെടുന്നു. 'അഹങ്കാരികൾക്ക് ക്യാഷ് കൊടുക്കാതെ ഇത് പോലെ പാവങ്ങൾക്ക് കൊടുക്ക്. താങ്കളുടെ സ്ഥാപനം ഉദ്ഘാടനം നടക്കുന്ന സ്ഥലത്തെ കുട്ടികളെ തെരെഞ്ഞെടുത്തു അവരെ കൊണ്ട് ഉദ്ഘാടനം നടത്തണം. സിനിമ നടികളെ ഒഴിവാക്കണം.' മറ്റൊരു പ്രേക്ഷകന്‍ കുറിച്ചു.
'ആ കുട്ടി ആദ്യമായ് വിമാനത്തിൽ കയറിയത് കേരളത്തിലേക്ക് ബോച്ചേയുടെ പരിപാടിക്ക് വേണ്ടിയാണ്. വിമാനയാത്രയുടെ വീഡിയോ ഇപ്പോ കണ്ടേയുള്ളു., ബോച്ചെ ആ കുട്ടിയെ ഇവിടെ കൊണ്ടുവരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, ഈശ്വരാനുഗ്രഹം ഉള്ള കുട്ടിയാണ്. ആ കുട്ടിക്ക് ആരും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുത്., ബോച്ചേ ഒരു ബുദ്ധിമനായ ബിസിസ്മാൻ ആണ്, അയാൾക്കറിയാം ആളുകളെ എങ്ങിനെ കയ്യിലെടുക്കണം എന്ന് ' എന്നിങ്ങനെയാണ് ചില കമന്റുകള്‍ പോകുന്നത്.
'അവർക്ക് എഴുതാനും വായിക്കുവാനും അറിയില്ല. കേരളത്തിൽ വന്നുപോകുന്നതിനു മുൻപ് പേര് എഴുതുവാനെങ്കിലും പഠിപ്പിക്കണം. വിദ്യാഭ്യാസത്തിന്റെ മൂല്യം അവർ അവരുടെ നാട്ടിൽ പോയി അവതരിപ്പിക്കട്ടെ. കുറച്ചെങ്കിലും വിദ്യ കിട്ടുന്നത് നല്ലതല്ലേ' എന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം, 'ആ കൊച്ചിനും കുടുംബത്തിനും ഇയാളെ പറ്റി ഒന്നും അറിയില്ല എന്ന് തോന്നുന്നു... ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുത്തിരുന്നെങ്കില്‍ ഇയാള്‍ ശരിയല്ല എന്ന്' എന്ന കമന്റും ചിലർ പങ്കുവെക്കുന്നുണ്ട്.












Click it and Unblock the Notifications