കാത്തിരിപ്പ് വെറുതെയായി; ആലുവയില്‍ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
ആലുവ: ആലുവയില്‍ കാണാതായ അഞ്ച് വയസുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാര്‍ക്കറ്റിന് പിറകിലത്തെ മതിലിന് സമീപം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച ന്ിലയിലാണ് മൃതദേഹം. പെണ്‍കുട്ടിയുമായി പോയ പ്രതി മാര്‍ക്കറ്റിന് സമീപത്ത് ഉപേക്ഷിച്ചെന്നാണ് മൊഴി നല്‍കിയത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അസം സ്വദേശിക്കൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെ അസം സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു. ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍ - നീത ദമ്പതികളുടെ മകളാണ് ചാന്ദ്‌നി.

ഇയാള്‍ മദ്യലഹരിയിലായതിനാല്‍ പൊലീസിന് പിടികൂടിയ സമയത്ത് ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി തായാട്ടുകരയില്‍ താമസിക്കുന്ന ബീഹാറി കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. പെണ്‍കുട്ടി വൈകീട്ട് വീടിന് സമീപത്തുള്ള കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നുവെന്നും അതിനിടെയാണ് തട്ടികൊണ്ട് പോയതെന്നും മാതാപിതാക്കള്‍ പറഞ്ഞു. പ്രതി സ്ഥിരം മദ്യപാനിയാണെന്നും മുന്‍പരിചയമില്ലെന്നും സമീപവാസിയും പറയുന്നുണ്ട്.
കഴിഞ്ഞ 20 മണിക്കൂറുകളോളമായി പൊലീസും നാട്ടുകാരും കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കൈ ചാക്കിന് പുറത്തായ നിലയിലായിരുന്നു. കൈ കണ്ടാണ് പ്രദേശവാസികള്‍ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അധികം ആരും ശ്രദ്ധിക്കാത്ത സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് കുട്ടിയെ കൊണ്ടുവന്നതെന്നും ആരാണ് കൊണ്ടുവന്നതെന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്.
വിവരം അറിഞ്ഞ് ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടിയെ തിരിച്ചറിയാനായി പിതാവിനെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹം കിടക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോയിട്ടില്ല. തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാണാതായ ചാന്ദ്‌നി.
പൊലീസ് ഇപ്പോള്‍ പിടിയിലായ അസം സ്വദേശിയുടെ പേര് അസ്ഫാക്ക് അലം എന്നാണ്. ഇയാള്‍ സക്കീര്‍ എന്ന വ്യക്തിക്ക് കുട്ടിയെ കൈമാറിയെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ മുകളിലത്തെ നിലയില്‍ താമസിക്കാനെത്തിയ അസ്ഫാക് ആലം കുട്ടിയെ കൂട്ടി കടയില്‍ പോയി ജ്യൂസ് വാങ്ങി നല്‍കി ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയതാണ്.












Click it and Unblock the Notifications