കണ്ണൂരില്‍ സിപിഎം പ്രകടനത്തിന് നേരെ ബോംബേറ്; പിന്നില്‍ ആര്‍എസ്എസ്?
കണ്ണൂര്‍: സിപിഎം അക്രമത്തിനെതിരെ ബിജെപി ജനരക്ഷാ യാത്ര നയിക്കുന്ന വേളയില്‍ കണ്ണൂര്‍ പാനൂരില്‍ സി.പി.എം പ്രകടനത്തിന് നേരെ ബോംബേറ്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പാനൂര്‍ കൈവേലിക്കലില്‍ നടന്ന പ്രകടനത്തിന് നേരെയാണ് ബോംബേറ് നടന്നത്. സംഭവത്തില്‍ പോലീസുകാര്‍ ഉള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അശോകന്‍, മോഹനന്‍, ഭാസ്‌കരന്‍, ചന്ദ്രന്‍, ബാലന്‍ എന്നിവര്‍ക്കും പാനൂര്‍ സിഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ഉന്നത പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.

സിപിഎം ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. സമ്മേളനത്തിന്റെ ഭാഗമായി സിപിഎം കെട്ടിയ കൊടികളും ബോര്‍ഡുകളുമെല്ലാം കഴിഞ്ഞ ദിവസം അജ്ഞാതര്‍ നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്താന്‍ സിപിഎം തീരുമാനിച്ചത്. ഈ പ്രതിഷേധപ്രകടനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആര്‍എസ്എസ് ആണ് ആക്രമണത്തിന് പിന്നലെന്ന് സിപിഎം ആരോപിച്ചു. സിപിഎം ആക്രമണത്തിന് എതിരെ ജനരക്ഷാ യാത്ര നയിക്കവെയുണ്ടായ ആര്‍എസ്എസ് ആക്രമണം ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications