'വിമാനത്തിൽ വെച്ച് ഭക്ഷ്യവിഷബാധ, ടിക്കറ്റ് മാറ്റിനൽകിയില്ല'; ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ
കൊച്ചി: ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിനൽകാൻ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതിനെ തുടർന്നാണ് മലപ്പുറം സ്വദേശി ഷുഹൈബ് ( 30 ) ബോംബ് ഭീഷണി മുഴക്കിയത്. ഇയാളെ കൊച്ചി വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. രാവിലെ 11. 50 ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ ലണ്ടൻ വിമാനത്താവളത്തിൽ ബോംബ് വെച്ചിട്ടുണ്ടായിരുന്നു എന്നായിരുന്നു ഭീഷണി.
ടിക്കറ്റ് മാറ്റി നൽകാൻ ആവശ്യപ്പെട്ടിട്ടും വിസമ്മതിച്ച ദേഷ്യത്തിലായിരുന്നു ഷുഹൈബ് ബോംബ് ഭീഷണി മുഴക്കിയത് എന്ന് ഇയാൾ മൊഴി നൽകിയതായാണ് വിവരം. വിമാന കമ്പനി നൽകിയ വിവരത്തെ തുടർന്ന് ഷുഹൈബിനെ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയൽ എടുത്തു. ഒന്നര ആഴ്ച മുമ്പ് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ഇവരുടെ കുട്ടിക്ക് വിമാനത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

ഷുഹൈവും ഭാര്യയും കുട്ടിയും ലണ്ടനിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ആയിരുന്നു നാട്ടിലെത്തിയത്. യാത്രക്കിടയിൽ വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ചപ്പോൾ ഭക്ഷ്യ വിഷബാധ ഉണ്ടായെന്നാണ് ഇയാൾ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എയർ ഇന്ത്യ അധികൃതരെ ബന്ധപ്പെടുകയും മടക്ക യാത്ര ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഇതിന് എയർ ഇന്ത്യ കൂടുതൽ തുക ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് പറയുന്നത്. ഇന്ന് ഇതേ വിമാനത്തിൽ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം ലണ്ടനിലേക്ക് യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്.
.












Click it and Unblock the Notifications