'ഭരണം നശിപ്പിച്ചു', നവകേരള സദസ്സിന്റെ വേദിയില്‍ കുഴിബോംബ് വെക്കുമെന്ന് ഭീഷണിക്കത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അജ്ഞാത വധഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസില്‍ ആണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് കഴിഞ്ഞ ദിവസം ലഭിച്ചത്. നവകേരള സദസ്സിന്റെ വേദിയില്‍ കുഴിബോംബ് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തും എന്നാണ് കത്തില്‍ പറയുന്നത്.
പിണറായി വിജയന്‍ കേരളത്തിലെ ഭരണത്തെ നശിപ്പിച്ചുവെന്ന് കത്തില്‍ പറയുന്നു. മാത്രമല്ല പഴയ കമ്മ്യൂണിസ്റ്റുകാരാണ് കത്ത് അയക്കുന്നത് എന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തില്‍ മറ്റ് പേരുകളോ ഒന്നും ഇല്ല. വധഭീഷണിക്കത്ത് വെള്ളിയാഴ്ചയാണ് എഡിഎമ്മിന്റെ ഓഫീസില്‍ തപാല്‍ മാര്‍ഗം ലഭിച്ചത്. കാക്കനാട് പോസ്റ്റ് ഓഫീസിലാണ് കത്ത് എത്തിയത്. കത്ത് ഇന്ന് തൃക്കാക്കര പോലീസിന് കൈമാറി. തൃക്കാക്കരയില്‍ തിങ്കളാഴ്ച നവകേരള സദസ്സിന്റെ യോഗം നടക്കാനിരിക്കുകയാണ്.

മുഖ്യമന്ത്രിക്ക് വധഭീഷണിക്കത്ത് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല മുഖ്യമന്ത്രിക്ക് പോലീസ് സുരക്ഷ ശക്തമാക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് തൃക്കാക്കരയില്‍ നടക്കേണ്ടിയിരുന്ന നവകേരള സദസ്സ് മാറ്റി വെച്ചിരുന്നു. ഇതാണ് ജനുവരി ഒന്നിന് തൃക്കാക്കര മണ്ഡലത്തില്‍ നടക്കുന്നത്. തിങ്കളാഴ്ച തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും ചൊവ്വാഴ്ച തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലും നവകേരള സദസ്സ് നടക്കും.












Click it and Unblock the Notifications