ബ്രഹ്‌മപുരം മറ്റൊരു ഭോപ്പാല്‍; പ്രദേശവാസികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുധാകരന്‍
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ആണ് ബ്രഹ്‌മപുരം പ്രദേശവാസികള്‍ നേരിടുന്നത്. അതിനാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനാണ്

തിരുവനന്തപുരം: കൊച്ചിയിലെ ബ്രഹ്‌മപുരം തീപിടിത്തത്തില്‍ ദുരന്തബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക തലമുറകള്‍ നീണ്ട് നില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നാണ് സുധാകരന്‍ ആവശ്യപ്പെടുന്നത്. പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുറത്തെത്തുന്ന വിഷവസ്തുക്കള്‍ ഉണ്ടാക്കുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഗുരുതരമാണ് എന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്ന് ഇതുവരെ നിര്‍ണയിക്കാനായിട്ടില്ല എന്നും മനുഷ്യന്റെ ശ്വസനവ്യവസ്ഥയെയും നാഡീവ്യൂഹത്തെയും ഭാവിതലമുറയേയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങള്‍ക്ക് ഇത് കാരണമായാക്കാം എന്നും അദ്ദേഹം പറഞ്ഞു.
അര്‍ബുദം, ഹൃദ്രോഗം, ത്വക്ക് രോഗങ്ങള്‍, വന്ധ്യത, ആസ്തമ, ഗര്‍ഭസ്ഥശിശുക്കളില്‍ വൈകല്യം എന്നിവയ്ക്കും ഇത് കാരണമാകും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് എന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് സമാനമായ സാഹചര്യമാണ് ബ്രഹ്‌മപുരം തീപിടിത്തം എന്നും അദ്ദേഹം നിരീക്ഷിച്ചു.

ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരും തദ്ദേശ വകുപ്പും കൊച്ചി നഗരസഭയുമാണ് എന്നും സുധാകരന്‍ ആരോപിച്ചു. അതിനാല്‍ തന്നെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ബ്രഹ്‌മപുരം പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനാണ് എന്നും കെ സുധാകരന്‍ വ്യക്തമാക്കി.
ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വസ്തുതാ പരിശോധനാ സമിതിക്ക് കെ പി സി സി രൂപം നല്‍കിയിട്ടുണ്ട്. എട്ട് പേര്‍ അടങ്ങുന്ന സമിതിയെ ആണ് കെ പി സി സി നിയോഗിച്ചിരിക്കുന്നത്. എം പിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, എം എല്‍ എമാരായ ടി ജെവിനോദ്, ഉമാ തോമസ് എന്നിവര്‍ സമിതിയില്‍ ഉണ്ട്.
ഇവരെ കൂടാതെ പരിസ്ഥിതി പ്രവര്‍ത്തകനും ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ ഡോ. ഉമ്മന്‍ വി ഉമ്മന്‍, ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ സെക്രട്ടറി പ്രഫസര്‍ ലാലാ ദാസ്, ജൈവ രസതന്ത്രജ്ഞന്‍ ഡോ. സി.എന്‍.മനോജ് പെലിക്കന്‍, യു എന്‍ ആരോഗ്യ വിദഗ്ധനായിരുന്ന ഡോ. എസ്.എസ്.ലാല്‍ തുടങ്ങിയവരും സമിതി അംഗങ്ങളാണ്.
വരും ദിവസങ്ങളില്‍ ഈ സമിതി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് സന്ദര്‍ശിക്കും. തീപിടിക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് പാരിസ്ഥിതിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി, പരിഹാര മാര്‍ഗങ്ങളടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് കെ പി സി സിക്ക് സമിതി കൈമാറും എന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications