അപൂർവ രോഗം ബാധിച്ച് ആലപ്പുഴയിൽ 15കാരൻ മരിച്ചു, മരണകാരണം മൂക്കിലൂടെ തലച്ചോറിലെത്തുന്ന അമീബ
ആലപ്പുഴയില്‍ അപൂര്‍വ രോഗം ബാധിച്ച് 15 വയസ്സുകാരന്‍ മരിച്ചു. പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് ആണ് പത്താം ക്ലാസ്സുകാരന്റെ മരണകാരണം. മൂക്കിലൂടെ തലച്ചോറിലെത്തുന്ന അമീബയാണിത്. മരണപ്പെട്ട കുട്ടി പാണാവള്ളി സ്വദേശിയാണ്. തോട്ടില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗം പിടിപെട്ടത് എന്നാണ് വിവരം.
സംസ്ഥാനത്ത് ഇതിന് മുന്‍പ് സമാനമായ അഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗം ബാധിച്ചവരെല്ലാം മരണപ്പെടുകയാണ് ഉണ്ടായിട്ടുളളത്. പനി, ഛര്‍ദി, അപസ്മാരം അടക്കമുളളവയാണ് ഈ രോഗം ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങള്‍.

കുട്ടിക്ക് കഴിഞ്ഞ മാസം 29ാം തിയ്യതിയാണ് പനി ആരംഭിച്ചത്. ഈ മാസം 1ന് തലവേദനയും കാഴ്ച മങ്ങലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടി പരസ്പര ബന്ധമില്ലാതെ പെരുമാറുകയും മറ്റ് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് രോഗം സംശയിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. എന്നാല്‍ മലിനമായ വെള്ളത്തില്‍ കുളിക്കുകയോ വായും മുഖവും കഴുകുകയോ ചെയ്യരുത് എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മരണപ്പെട്ട കുട്ടി പാണാവള്ളിയിലെ ഒരു പൊതുകുളത്തിലാണ് കുളിച്ചത് എന്നാണ് വിവരം. ഈ കുളത്തില്‍ കുളിച്ച മറ്റാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.












Click it and Unblock the Notifications