രണ്ട് ലക്ഷം നല്‍കിയാല്‍ സ്ഥാനക്കയറ്റം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കെതിരെ ഡോക്ടറുടെ അഴിമതി ആരോപണം
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ രമേശിനെതിരെ കോഴ ആരോപണവുമായി ജൂനിയര്‍ ഡോക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്. പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ സുധീര്‍ ഷരീഫ് ആണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കെതിരെ ഗുരുതര ആഴിമതി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സുധീര്‍ ഷരീഫിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...
'യുഡിഎഫ് മാറി എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ രമേശ് അറിഞ്ഞില്ലെന്ന് തോന്നുന്നു. എന്റെ പ്രൊമോഷന്‍ പ്രൊപ്പോസല്‍ അംഗീകരിക്കാന്‍ രണ്ട് ലക്ഷം രൂപയാണ് രമേശ് ആവശ്യപ്പെട്ടത്. ഡയറക്ടര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ്. ആരോഗ്യവകുപ്പിലെ മറ്റ് സുഹൃത്തുക്കള്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അറിയിക്കണം. ഇപ്പോള്‍ അഴിമതിക്കെതിരെ പോരാടാനുള്ള ശരിയായ സമയമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിക്കെതിരെ പോരാടാന്‍ എല്ലാ സ്വാതന്ത്ര്യവും തന്നിട്ടുണ്ട്.'
ആരോഗ്യവകുപ്പ് ഡയറക്ടറുടെ അഴിമതിക്കെതിരെ തെളിവുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് തന്റെ ഇ മെയില്‍ അഡ്രസും നല്‍കിയാണ് സുധീര്‍ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യവേ അവധിയെടുത്ത് ഉന്നത പഠനത്തിന് പോയ ഡോക്ടര്‍ സുധീറിന് തിരികെയെത്തിയപ്പോള്‍ നിയമന ഉത്തരവ് ലഭിക്കാന്‍ വൈകി. ഇതിനെതിരെ അദ്ദേഹം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. അനുകൂല വിധിയാണ് ലഭിച്ചത്. തുടര്‍ന്ന് നിയമിച്ചത് പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍. അവിടെ ജോലി ചെയ്യുമ്പോഴാണ് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റത്തിന് അപേക്ഷിക്കുന്നത്. എന്നാല്‍ ഇത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്നാണ് സുധീര്‍ ആരോപിക്കുന്നത്.
തിരുവനന്തപുരത്ത് എത്തി ഡയറക്ടറെ നേരിട്ടു കണ്ട് കാര്യം അന്വേഷിച്ചപ്പോള്‍ സ്ഥാനക്കയറ്റം നടക്കണമെങ്കില്‍ നല്ല ചിലവുണ്ട്. രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ ശരിയാക്കാമെന്നായിരുന്നു ഡയറക്ടറുടെ നിലപാടെന്ന് സുധീര്‍ പറയുന്നു. അവധിയെടുത്ത സമയത്തെ ശമ്പളം ലഭിക്കുമ്പോള്‍ അതില്‍ നിന്നും രണ്ട് ലക്ഷം നല്‍കിയാല്‍മതിയെന്നായിരുന്നു ഡയറ്കടര്‍ ആവശ്യപ്പെട്ടതെന്ന് സുധീര്‍ പറഞ്ഞു.
ഡോക്ടര്‍ രമേശിനെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അടുത്തിടെ എംബിബിഎസ് ബിരുദധാരി മാത്രമായ ഡോ രമേശ് തന്റെ ഓഫീസിലെ ബോര്‍ഡില്‍ അംഗീകാരമില്ലാത്ത ഫെലോഷിപ്പ് എഴുതി ചേര്‍ത്തത് വിവാദമായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെതുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പിന്നീട് ബോര്‍ഡ് തിരുത്തി.












Click it and Unblock the Notifications