എഫ് 35 ബിയെ തൂക്കാന്‍ ബ്രിട്ടന്റെ എയര്‍ബസ് 400 എത്തി; കേരളം വിടുമോ ഈ 'യുദ്ധപ്രഭു'
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് 35 ബി കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘം എത്തി. ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ നിന്നാണ് 17 സാങ്കേതിക വിദഗ്ധരുമായി ബ്രിട്ടന്റെ എയര്‍ബസ് 400 എത്തിയത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമമാകും ആദ്യം നടത്തുക. പരാജയപ്പെട്ടാല്‍ യുദ്ധവിമാനം എയര്‍ബസില്‍ കയറ്റി കൊണ്ടുപോകുന്നത് ആലോചിക്കും.
മൂന്നാഴ്ചയില്‍ അധികമായി കോടികളുടെ വിലയുള്ള വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നു. കേരളത്തില്‍ ട്രോളുകളില്‍ നിറയുകയും ബ്രിട്ടനില്‍ രാഷ്ട്രീയ പ്രശ്‌നമായി മാറുകയും ചെയ്ത അത്യാധുനിക യുദ്ധവിമാനം തിരികെ കൊണ്ടുപോകാന്‍ വന്ന സംഘത്തില്‍ നേവി ഉദ്യോഗസ്ഥരുമുണ്ട്. യുദ്ധവിമാനത്തിന്റെ നിര്‍മാതാക്കളായ യുഎസ് കമ്പനി ലോക്ഹീഡ് മാര്‍ട്ടിനിലെ ജീവനക്കാരും സംഘത്തിലുണ്ട്.

ബ്രിട്ടീഷ് നാവിക സേനയുടെ വിമാനവാഹിനി കപ്പലില്‍ നിന്ന് പറയുന്നതായിരുന്നു എഫ് 35 ബി യുദ്ധവിമാനം. ഇന്ധനം തീര്‍ന്നതോടെ അടിയന്തരമായി ഇറക്കാന്‍ തിരുവനന്തപുരത്ത് അനുമതി ചോദിക്കുകയായിരുന്നു. ഇറക്കുന്നതിനിടെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതാണ് തിരിച്ചുപോകാന്‍ പറ്റാത്ത നിലയില്‍ എത്തിച്ചതത്രെ.
968 കോടി രൂപ ചെലവുള്ള വിമാനം ലോകത്ത് ഏതാനും രാജ്യങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇന്ത്യയുടെ പക്കല്‍ ഈ യുദ്ധവിമാനം ഇല്ല. ശത്രുക്കളുടെ റഡാര്‍ സംവിധാനത്തെ വെട്ടിച്ച് യാത്ര ചെയ്യാന്‍ ശേഷിയുള്ള സാങ്കേതി വിദ്യ ഈ യുദ്ധവിമാനത്തിലുണ്ട്. ശത്രു സാന്നിധ്യം മനസിലാക്കി കൃത്യമായി ആക്രമണം നടത്താന്‍ ലോകത്തുള്ളതില്‍ ഏറ്റവും മകിച്ച യുദ്ധവിമാനമാണ് എഫ് 35ബി.
വിമാനം തിരുവനന്തപുരത്ത് ഇറക്കിയ സാഹചര്യത്തില്‍ അറ്റക്കുറ്റ പണിക്കായി വിമാന വാഹിനി കപ്പലില്‍ നിന്ന് രണ്ട് എഞ്ചിനിയര്‍മാര്‍ ഹെലികോപ്റ്ററില്‍ വന്നിരുന്നു. എന്നാല്‍ ഇവര്‍ക്ക് വിമാനം ശരിയാക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് വിദഗ്ധരുടെ പുതിയ സംഘം എത്തിയത്. ബ്രിട്ടീഷ് സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഈ വിമാനം. അതീവ സുരക്ഷയും ഉറപ്പാക്കിയിരുന്നു. വിമാനത്തിന്റെ രഹസ്യസംവിധാനങ്ങള്‍ ചോര്‍ത്താതിരിക്കാനാണ് ഇത്രയും സുരക്ഷ ഒരുക്കിയത്.
വിമാനത്താവളത്തിന് വാടക ഇനത്തിലും ബ്രിട്ടന്‍ വലിയ സംഖ്യ നല്‍കേണ്ടി വരും. യുദ്ധവിമാനത്തേക്കാള്‍ നീളമുള്ളതാണ് എയര്‍ബസ് 400. ഇതില്‍ കയറ്റി യുദ്ധവിമാനത്തെ കൊണ്ടുപോകുക എന്നതാകും ഏറ്റവും ഒടുവിലെ പരിഹാരം. അപ്പോഴും പ്രശ്‌നമുണ്ട്. യുദ്ധവിമാനത്തിന്റെ ചിറക് ഊരിയെടുക്കേണ്ടി വരും. ഈ വേളയില്‍ യാതൊരു കേടുകളും സംഭവിക്കാതെ നോക്കണം.
ഇക്കാലയളവില്‍ എഫ്35ബി യുദ്ധവിമാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ടൂറിസം വകുപ്പ് ഉള്‍പ്പെടെ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചതോടെയാണിത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയാല്‍ ആര്‍ക്കും തിരിച്ചുപോകാന്‍ സാധിക്കില്ല എന്ന മട്ടില്‍ ട്രോളുകളും നിറഞ്ഞു. എത്ര കോടി മുടക്കി വാങ്ങിയിട്ടെന്ത് കാര്യം, ഇങ്ങനെ വഴിയില്‍ കിടന്നാല്‍ എന്തു ചെയ്യും തുടങ്ങിയ ട്രോളുകളും നിരവധിയാണ്.












Click it and Unblock the Notifications