'സംഘികളിൽ നല്ല സംഘി എന്നൊന്നില്ല': കൂട്ടുകൂടുന്നവർ മനുഷ്യ കുലത്തിന്റെ ഒറ്റുകാർ: പിഎം ആർഷോ
തിരുവനന്തപുരം: കഴിഞ്ഞ ഒൻപതര വർഷങ്ങളായി സംഘപരിവാർ രാജ്യത്ത് നട്ടു നനച്ചു വിതച്ച വർഗ്ഗീയതയുടെ വിഷ വിത്തുകളുടെ കൊയ്ത്തുത്സവമാണ് ഇപ്പോൾ നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. നിരന്തരമായ വംശീയ ആശയങ്ങൾ സമൂഹത്തിൽ കുത്തി നിറച്ച് പിഞ്ചു കുഞ്ഞുങ്ങളിൽ പോലും വർഗ്ഗീയതയുടെ വിഷ വിത്തുകൾ പാകുന്ന നിലയിലേക്ക് നാം കൂപ്പു കുത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
ഈ സാഹചര്യത്തിലും സംഘപരിവാറിന് വേണ്ടി കുഴലൂതുന്ന ഏത് മനുഷ്യനും മാനവികതയുടെ ഒറ്റുകാർ തന്നെയാണെന്നും പിഎം ആർഷോ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'ഒരു നഗരത്തിൽ ഒരു അനീതി നടന്നാൽ സൂര്യാസ്തമനത്തിന് മുൻപ് അവിടെ കലാപമുണ്ടാകണം, ഇല്ലെങ്കിൽ ഇരുട്ടും മുൻപ് ആ നഗരം കത്തിയമരണം 'ബെർതോൾഡ് ബ്രെഹ്തിന്റെ നീതിയെ കുറിച്ചുള്ള ഈ ആധുനിക സങ്കൽപ്പം പലപ്പോഴും നമ്മൾ ഉദ്ധരിക്കാറുണ്ട്. എന്നാൽ ഗ്രാമ - നഗര വ്യത്യാസമില്ലാതെ ഇന്ത്യയിൽ അനീതികൾ മാത്രം നടമാടുന്നു,പക്ഷെ ഇവിടെ ഉണ്ടാകുന്നത് പ്രതിരോധത്തിന്റെ കലാപങ്ങളല്ല പകരം അനീതി നടപ്പാക്കിയവർ തന്നെ നഗരവും ചുട്ടു ചാമ്പലാക്കുന്ന കാഴ്ചയാണ്.
ഉത്തർപ്രദേശിലെ മുസഫർ നഗറിൽ മുസ്ലീം വിദ്യാർത്ഥിയുടെ മുഖത്തടിക്കാൻ സഹ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട, മുഹമ്മദീയരെ താൻ തല്ലാറുണ്ടെന്ന് അഭിമാനപൂർവ്വം പറഞ്ഞ ആ അധ്യാപികയെ കണ്ട് അരിശം തോന്നാത്തവർ വർത്തമാന ഇന്ത്യയിൽ ഇനിയും തങ്ങളെ ബാധിക്കാത്ത പലവിധ പ്രിവിലേജുകളടെ പുറത്ത് ചെസ്റ്റ് നമ്പറുമിട്ട് കാത്തിരിക്കുന്നവരാണ്.
കഴിഞ്ഞ ഒൻപതര വർഷങ്ങളായി സംഘപരിവാർ രാജ്യത്ത് നട്ടു നനച്ചു വിതച്ച വർഗ്ഗീയതയുടെ വിഷ വിത്തുകളുടെ കൊയ്ത്തുത്സവമാണ് ഇപ്പോൾ നടക്കുന്നത്. അപ്പോഴൊക്കെ നിശബ്ദമായ ശബ്ദങ്ങൾ ആ അജണ്ടയെ നിശബ്ദമായി തന്നെ പിന്തുണക്കുകയുമായിരുന്നു. നിരന്തരമായ വംശീയ ആശയങ്ങൾ സമൂഹത്തിൽ കുത്തി നിറച്ച് പിഞ്ചു കുഞ്ഞുങ്ങളിൽ പോലും വർഗ്ഗീയതയുടെ വിഷ വിത്തുകൾ പാകുന്ന നിലയിലേക്ക് നാം കൂപ്പു കുത്തിയിരിക്കുന്നു. രാജ്യത്തെ മുസ്ലീം - ന്യൂനപക്ഷ ജീവിതം ദുസ്സഹമാകുന്ന നിലയിലേക്ക് കടുത്ത അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുന്നു. ഈ സാഹചര്യത്തിലും സംഘപരിവാറിന് വേണ്ടി കുഴലൂതുന്ന ഏത് മനുഷ്യനും മാനവികതയുടെ ഒറ്റുകാർ തന്നെയാണ്.
ഇതേ മുസഫർ നഗറിലാണ് കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും അക്രമോൽസുകമായ വർഗ്ഗീയ കലാപം ബിജെപി എം.എൽ.എമാരുടെ നേതൃത്വത്തിൽ നടമാടിയത്. രാജ്യത്തെ ഇങ്ങനെ വെട്ടി മുറിച്ച് ഇല്ലാതാക്കിക്കൊണ്ട് പ്രധാന മന്ത്രി വിദേശ രാജ്യങ്ങളോട് മാനവികതയെ കുറിച്ച് പ്രസംഗിച്ച് നടക്കുകയാണ്.
ഒരു നല്ല ഫാഷിസ്റ്റ് മരിച്ച ഫാഷിസ്റ്റ് മാത്രമാണ് എന്ന് പറയാറുണ്ട്. സംഘികളിൽ നല്ല സംഘി എന്നൊന്നില്ല. അവരോട് ഏത് വിധേനയും അടുപ്പം കാണിക്കുന്ന അവരുടെ ആശയത്തിന്റെ കൂടെ പോകുന്ന ഏതൊരു മനുഷ്യനും സംഘടനയും മനുഷ്യ കുലത്തിന് തന്നെ ഒറ്റുകാരാണ്. എനിക്ക് തോന്നിയാൽ I will go with BJP എന്നല്ല, ജീവൻ പോകേണ്ടി വന്നാലും ഈ അധമ ആശയത്തെ എതിർത്തു നിൽക്കും, പൊരുതി തോല്പ്പിക്കും എന്ന് ഞങ്ങൾ ഉറച്ചു പറയും.












Click it and Unblock the Notifications