ബിഎസ്എന്‍എല്‍ സേവനം സമ്പന്നര്‍ക്കുമാത്രമായി ഒതുക്കുന്നു
കൊച്ചി: സ്വകാര്യ മേഖലയെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ബിഎസ്എന്‍എല്‍ പാവപ്പെട്ട ഉപഭോക്താക്കളെ കയ്യൊഴിയാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ചെറിയ ബില്‍ തുക മാത്രം അടക്കുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടെന്നും കൂടുതല്‍ തുകയടയ്ക്കുന്നവര്‍ക്ക് മാത്രം സേവനങ്ങള്‍ ലഭ്യമാക്കിയാല്‍ മതിയെന്നും കാണിച്ച് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജരുടെ നിര്‍ദ്ദേശം പുറത്തിറങ്ങിയതായാണ് വിവരം.
പരാതികള്‍ പരിഹരിക്കുന്നകാര്യത്തില്‍ സമ്പന്നര്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാനത്തെ പത്ത് എസ്എസ്എ മേധാവികള്‍ക്ക് അയച്ച നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഉപഭോക്താക്കളെ വിവിധ തട്ടുകളായി തിരിക്കണം. സേവനത്തില്‍ തൃപ്തിയില്ലാത്തവര്‍ ഫോണുകള്‍ ഉപേക്ഷിക്കട്ടെ എന്ന നിലപാടും നിര്‍ദ്ദേശത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

250 രൂപയില്‍ താഴെയുള്ള ഉപഭോക്താക്കള്‍ എഫ് ക്ലാസിലും, 250നും അഞ്ഞൂറിനുമിടയിലുള്ളവര്‍ ഇ ക്ലാസിലും, അഞ്ഞൂറിനും ആയിരത്തിനുമിടയില്‍ ഡി ക്ലാസിലും, ആയിരത്തിനും രണ്ടായിരത്തിനുമിടയിലുള്ളവര്‍ സി ക്ലാസിലും, രണ്ടായിരത്തിനും അയ്യായിരത്തിനുമിടയിലുള്ളവര്‍ ബി ക്ലാസിലും, അയ്യായിരം രൂപയും അതിനുമേലും ബില്ലുവരുന്ന ഉപഭോക്താക്കള്‍ എ ക്ലാസിലും ആയാണ് തരം തിരിച്ചിരിക്കുന്നത്.
ഇതില്‍ ഏറ്റവും താഴെത്തട്ടിലുള്ള ഇ, എഫ് ക്ലാസുകാരുടെ പരാതികള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടെന്നാണ് നിര്‍ദ്ദേശം. മറ്റുള്ളവരുടെ പരാതികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്തെ 50%ല്‍ അധികം വരുന്ന ഉപഭോക്താക്കളും താഴെ തട്ടില്‍ ഉള്ളവരാണ്. ഇവരുടെ പരാതികള്‍ക്ക് പരിഹാരം നല്‍കാതിരിക്കുമ്പോള്‍ പഴി കേള്‍ക്കേണ്ടിവരുന്നത് അതാത് ടെലഫോണ്‍ എക്‌സേഞ്ചുകളിലെ ജീവനക്കാരാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.












Click it and Unblock the Notifications