'കേരളത്തോട് കേന്ദ്രത്തിന് ചിറ്റമ്മ നയം', ക്രൂരമായ അവഗണനയെന്ന് കൊടിക്കുന്നില്‍ സുരേഷ്
കോഴിക്കോട്: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലും കേരളത്തെ അവഗണിച്ചു എന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ പത്ത് വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന ക്രൂരമായ അവഗണനയാണ് ഈ ബജറ്റിലും പ്രകടമായത് എന്ന് കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി.
കേരളത്തോട് കേന്ദ്രത്തിന് ചിറ്റമ്മ നയമാണ് എന്നും അദ്ദേഹം ആരോപിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ നടത്തിയ ഒന്നര മണിക്കൂര്‍ ബജറ്റ് പ്രസംഗത്തില്‍ കേരളം എന്ന പേര് പോലും ഉച്ഛരിക്കാന്‍ കൂട്ടാക്കിയില്ല എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ് എയിംസ്. ഇത്തവണ എയിംസിനെ കുറിച്ച് ഒരു പരാമര്‍ശവും കേരളത്തിനുണ്ടായിട്ടില്ല.

രണ്ട് വെള്ളപ്പൊക്ക ബാധിത സംസ്ഥാനമായിരുന്നിട്ട് കൂടി കേരളത്തെ ആ നിലക്കും പരിഗണിച്ചില്ല. ആന്ധ്രാപ്രദേശിനും ഹിമാചല്‍ പ്രദേശിനും ബിഹാറിനും അനുവദിച്ച വെള്ളപ്പൊക്ക നിവാരണ സഹായത്തിന് കേരളത്തിന് തീര്‍ച്ചയായും അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
റബ്ബര്‍ അടക്കമുള്ള കാര്‍ഷികവിളകളില്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. റെയില്‍വേ, ഹൈവേ വികസനം തുടങ്ങിയ കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും പരിഗണിച്ചില്ല. അതേസമയം ബിഹാറിനും ആന്ധ്രാപ്രദേശിനും ബജറ്റില്‍ വാരിക്കോരി പുതിയ പദ്ധതികളും പ്രഖ്യാപനങ്ങളും ഉണ്ടായി. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇത്.
പാര്‍ലമെന്റിലെ ബജറ്റ് ചര്‍ച്ചയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ എംപിമാര്‍ക്ക് ബജറ്റ് സെഷനില്‍ സംസാരിക്കാന്‍ അവസരം ലഭിക്കും. കേരളത്തോട് ബിജെപി സര്‍ക്കാര്‍ കാണിച്ച അവഗണന ബജറ്റ് സെഷനില്‍ സംസാരിക്കുന്ന സംസ്ഥാനത്തെ എംപിമാരെല്ലാം കൂട്ടായി ചൂണ്ടിക്കാട്ടുമെന്നും ഇത് സംബന്ധിച്ച് ബജറ്റ് ചര്‍ച്ചയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തും എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ തീര്‍ത്തും നിരാശപ്പെടുത്തുന്ന ബജറ്റാണ് ഇത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ ബിഹാര്‍, അസം, ഹിമാചല്‍, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെ മാത്രമാണ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത്. അടുത്ത കാലത്തായി കേരളം വലിയ രീതിയിലുള്ള പ്രളയക്കെടുതികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്,
എന്നാല്‍ കേരളത്തെ ബജറ്റില്‍ കേന്ദ്രം പരിഗണിച്ചില്ല. പ്രളയ ദുരിതം നേരിടാന്‍ ബിഹാറിന് 11500 കോടിയുടെ സഹായമാണ് പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചിരകാല ആവശ്യമായ എയിംസ് തത്വത്തില്‍ ധാരണയായതാണെങ്കിലും ഇത്തവണ അത് സംബന്ധിച്ച പരാമര്‍ശം പോലുമില്ല.












Click it and Unblock the Notifications