നിലമ്പൂര്‍-നഞ്ചന്‍കോട് പാതയ്ക്ക് പണം; എറണാകുളം മൂന്നാം പാത... ബജറ്റ് പ്രതീക്ഷ പങ്കുവച്ച് മന്ത്രി
കൊച്ചി: ജൂലൈ 23ന് കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് അവതരണം നടക്കാനിരിക്കെ കേരളം വലിയ പ്രതീക്ഷയിലാണ്. ഒട്ടേറെ കാലമായി മുടങ്ങി കിടക്കുന്ന പദ്ധതികള്‍ക്ക് ഇത്തവണ ഫണ്ട് ലഭിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, റെയില്‍ പാത ഇരട്ടിപ്പിക്കല്‍, ഇലക്ട്രോണിക് സംവിധാനം ഘടിപ്പിക്കില്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കും പണം വകയിരുത്തിയേക്കും. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന് സംസ്ഥാനത്തെ റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാന്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
മംഗലാപുരം കേന്ദ്രമായി പുതിയ റെയില്‍വെ ഡിവിഷന്‍ രൂപീകരിക്കാനുള്ള ശ്രമം നടന്നുവരുന്നുണ്ട്. ഇത് പാലക്കാട് ഡിവിഷന്റെ ശേഷി നഷ്ടപ്പെടുത്തുന്നതാണ് എന്ന വിയയിരുത്തലിലാണ് കേരളം. സേലം ഡിവിഷന് പിന്നാലെ മംഗലാപുരം ഡിവിഷന്‍ കൂടി വരുന്നത് പാലക്കാട് ഡിവിഷനെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്കയും മന്ത്രി പങ്കുവച്ചു. ബജറ്റിലെ കേരളത്തിന്റെ റെയില്‍വെ പ്രതീക്ഷകള്‍ മന്ത്രി പറയുന്നത് ഇങ്ങനെ...

കേരളത്തില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന റെയില്‍വെ പദ്ധതികളുണ്ട്. ശബരി പാത, നിലമ്പൂര്‍-നഞ്ചന്‍കോട് പാത തുടങ്ങിയവയെല്ലാം റെയില്‍വെ പരിഗണിക്കുകയാണിപ്പോള്‍. സര്‍വ്വെ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയ്ക്ക് ബജറ്റില്‍ പണം വകയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അങ്കമാലി-ശബരി പാതയുമായി ബന്ധപ്പെട്ട ഭൂമി മരവിച്ചു കിടക്കുകയാണ്. ഈ പാത നിര്‍മാണത്തിനുള്ള നടപടികളുണ്ടാകണം എന്നതാണ് കേരളം മുന്നോട്ട് വെച്ച മറ്റൊരു ആവശ്യം. കൂടാതെ, ഷൊര്‍ണൂര്‍-എറണാകുളം റൂട്ടില്‍ മൂന്നാം പാതയ്ക്ക് വേണ്ടിയുള്ള ഫണ്ട് വകയിരുത്തണം എന്നും കേരളം ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
ഇലക്ടോണിക് സംവിധാനം സ്ഥാപിക്കുന്ന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. അതോടൊപ്പം വളവുകള്‍ നിവര്‍ത്തുകയും വേണം. നഞ്ചന്‍കോട്-നിലമ്പൂര്‍ പാത വന്ന് കഴിഞ്ഞാല്‍ തലശേരി-മൈസൂര്‍ പാത കൂടുതല്‍ എളുപ്പമാകും. നിലമ്പൂര്‍ പാതയ്ക്കാണ് നിലവില്‍ പ്രാധാന്യം കൊടുക്കുന്നത്. നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ ജോലികള്‍ സംസ്ഥാന താല്‍പ്പര്യത്തിന് അപ്പുറം രാജ്യത്തിന്റേതായി കണ്ട് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും എന്ന് മന്ത്രി പറഞ്ഞു.
തലശേരി മൈസൂരു പാതയ്ക്ക് വേണ്ടി റെയില്‍വെയുടെ സര്‍വെ നടക്കുന്നുണ്ട്. കൂടുതല്‍ പണം ഇതിനായി വകയിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മംഗലാപുരം ഡിവിഷന്‍ കൊണ്ടുവരുന്നതിനുള്ള ശ്രമം പാലക്കാട് റെയില്‍വെ ഡിവിഷന് തിരിച്ചടിയാകും. ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ ഡിവിഷനാണ് പാലക്കാട്ടേത്. കേരളത്തിന്റെ അവകാശം കൂടിയാണിത്. ഇതെടുത്ത് കളയാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സേലം ഡിവിഷന്‍ വന്നതോടെ പാലക്കാടിന്റെ ഒരു ഭാഗം പോയി. ഇനി മംഗലാപുരം കൂടി വന്നാല്‍ തിരിച്ചടിയാകും. നേരത്തെ ഇക്കാര്യം കേരളം എതിര്‍ത്തതാണ്. സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ആവശ്യമായ പദ്ധതികള്‍ക്ക് പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം എന്നും മന്ത്രി വി അബ്ദുറഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications