ബില്‍ഡിങ് പെര്‍മിറ്റ് ഒരു മിനുട്ടില്‍; മൊബൈല്‍ കൈയ്യിലുണ്ടോ? പഞ്ചായത്ത് ഓഫീസില്‍ പോകേണ്ട
കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ അത്ഭുതകരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഓണ്‍ലൈന്‍ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് തദ്ദേശ വകുപ്പ്. കെ സ്മാര്‍ട്ട് പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും നടപ്പാക്കിയതോടെ ഫയലുകളിലെ നടപടികള്‍ക്ക് വേഗത കൂടി എന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മൊബൈലോ ലാപ്‌ടോപ്പോ കൈവശമുള്ളവര്‍ക്ക് എവിടെ ഇരുന്നും അപേക്ഷ സമര്‍പ്പിക്കാം. നിമിഷങ്ങള്‍ക്കകം സര്‍ട്ടിഫിക്കറ്റ് കൈയ്യിലെത്തും. നേരിട്ട് പഞ്ചായത്ത്, മുന്‍സിപ്പല്‍ ഓഫീസുകളില്‍ പോകേണ്ടതില്ല. മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിയുമായി ബന്ധപ്പെട്ട പഴയ സങ്കല്‍പ്പം പൂര്‍ണമായി പൊളിച്ചെഴുതിയിരിക്കുകയാണ് ഡിജിറ്റലൈസേഷന്‍.

രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ എന്ന ഓഫീസ് ജോലി സമയം കഴിഞ്ഞും ജീവനക്കാര്‍ക്ക് ജോലി ചെയ്യാം. അടിയന്തരമായി ഇടപെടേണ്ട ഫയലുകള്‍ ഉണ്ടെങ്കില്‍ ലാപ്‌ടോപ്പ് വഴി വീട്ടില്‍ വച്ചോ മറ്റ് എവിടെ വച്ചും ജോലി പൂര്‍ത്തിയാക്കാം. വൈകീട്ട് അഞ്ച് മണിക്ക് ശേഷവും രാവിലെ 10 മണിക്ക് മുമ്പും ലക്ഷക്കണക്കിന് ഫയലുകള്‍ തീര്‍പ്പാക്കുന്നുണ്ട്. ഇതിന്റെ കൃത്യമായ ഡാറ്റ ലഭ്യമാണ് എന്നും മന്ത്രി രാജേഷ് പറഞ്ഞു.
ഒരു മിനുട്ടില്‍ ബില്‍ഡിങ് പെര്‍മിറ്റ്
തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഏത് സേവനം ലഭിക്കാനും മൊബൈല്‍ ഫോണിലൂടെ സാധിക്കും. നേരിട്ട് ഓഫീസില്‍ പോയി അപേക്ഷ കൊടുക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഓണ്‍ലൈന്‍ സേവനം ലക്ഷക്കണക്കിന് ആളുകളാണ് ഉപയോഗപ്പെടുത്തുന്നത്. നേരത്തെ ഏറ്റവും പരാതി ഉയര്‍ന്നിരുന്ന കാര്യമാണ് ബില്‍ഡിങ് പെര്‍മിറ്റ്. അപേക്ഷ സമര്‍പ്പിച്ചാല്‍ എഇയും ഓവര്‍സിയറും പോയി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ പെര്‍മിറ്റ് കിട്ടുമായിരുന്നുള്ളൂ. ജോലി ഭാരം കൊണ്ട് മാസങ്ങള്‍ എടുത്തേക്കാം. ഇപ്പോള്‍ അപേക്ഷ കൃത്യമാണെങ്കില്‍ ഒരു മിനുട്ടില്‍ പെര്‍മിറ്റ് കിട്ടുമെന്ന് മന്ത്രി പറഞ്ഞു.
3200 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടിന്റെ പെര്‍മിറ്റിന് ചട്ട പ്രകാരം അപേക്ഷ നല്‍കിയാല്‍ ഒരു മിനുട്ടില്‍ അനുമതി കിട്ടും. കെ സ്മാര്‍ട്ട് വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ സോഫ്റ്റ് വെയര്‍ തന്നെ പരിശോധന നടത്തി ഒരുമിനുട്ടിനകം പെര്‍മിറ്റ് അനുവദിക്കും. വാട്‌സാപ്പിലോ ഇമെയിലിലോ രജിസ്റ്റര്‍ ചെയ്ത വഴി ബില്‍ഡിങ് പെര്‍മിറ്റ് കിട്ടുമെന്നും മന്ത്രി വിശദീകരിച്ചു.
2024 ജനുവരിക്ക് ശേഷം നഗരസഭകളിലും കഴിഞ്ഞ വര്‍ഷം പഞ്ചായത്തുകളിലും കെ സ്മാര്‍ട്ട് നടപ്പാക്കി. ഇതിന് ശേഷം കുറഞ്ഞ സമയം കൊണ്ട് 90000ത്തോളം ബില്‍ഡിങ് പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ സാധിച്ചത് ചെറിയ കാര്യമല്ല. മരണം, ജനനം, വിവാഹം രജിസ്‌ട്രേഷനുകള്‍ വളരെ എളുപ്പമാണിന്ന്.
വധു മാനന്തവാടിയില്‍, വരന്‍ കാനഡയിലും
കെ സ്മാര്‍ട്ടില്‍ വീഡിയോ കെവൈസി വഴി ആദ്യത്തെ വിവാഹ രജിസ്‌ട്രേഷന്‍ നടന്നത് വലിയ വാര്‍ത്തയായിരുന്നു. മാനന്തവാടിയിലെ വധുവും കാനഡയിലെ വരനും വിവാഹ രജിസ്‌ട്രേഷന്‍ നടത്തിയതായിരുന്നു അത്. വീഡിയോ കെവൈസി വഴി 79000ത്തോളം വിവാഹ രജിസ്‌ട്രേഷന്‍ നടത്തി. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഈ അവസരമുള്ളത് എന്നും മന്ത്രി വിശദീകരിച്ചു. ഒക്വുപെന്‍സി ഉള്‍പ്പെടെയുള്ള ചില സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമാണ് നേരിട്ട് പോകേണ്ടി വരുന്നത്.
കെ സ്മാര്‍ട്ട് നിലവില്‍ വന്ന ശേഷം 95 ലക്ഷം ഫയലുകള്‍ തീര്‍പ്പാക്കി. ഇതില്‍ 9 ലക്ഷം ഒരു മണിക്കൂറില്‍ തീര്‍പ്പാക്കിയതാണ്. വിവാഹ പന്തലില്‍ വച്ച് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുകയും അപ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റ് കിട്ടുകയും ചെയ്ത കാവശേരി പഞ്ചായത്തിലെ സംഭവത്തിന്റെ വീഡിയോ താന്‍ ഫേസ്ഹുക്കില്‍ പങ്കുവച്ചിരുന്നു. ഫലുകളുടെ നീക്കം മേലധികാരികള്‍ക്കും മന്ത്രിക്കും പരിശോധിക്കാം. അകാരണമായി ഫയലുകള്‍ നീട്ടുന്നവര്‍ക്കെതിരെ നടപടി എടുക്കാം. അവധി ദിനത്തില്‍ പോലും ജോലി ചെയ്യാന്‍ പറ്റുന്ന സാഹചര്യമായി എന്നും മന്ത്രി പറയുന്നു.












Click it and Unblock the Notifications