ആശങ്ക ഒഴിയുന്നു, ബുറേവി ചുഴലിക്കാറ്റ് കേരളം തൊട്ടേക്കില്ല, ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ബുറേവി ചുഴലിക്കാറ്റ് ആശങ്ക ഒഴിയുന്നു. ഇന്ത്യന്‍ തീരത്തേക്ക് എത്തും തോറും ദുര്‍ബലമായ ബുറേവി കേരളത്തില്‍ എത്താന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കേരളത്തിലെ കൊല്ലം, തിരുവനന്തപുരം ജില്ലാ അതിര്‍ത്തികളിലൂടെ ചുഴലിക്കാറ്റ് കടന്ന് പോയേക്കുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ തമിഴ്‌നാട് തീരം തൊടുമ്പോഴേക്ക് തന്നെ ബുറേവിയുടെ വേഗത 30 മുതല്‍ 40 കിലോമീറ്റര്‍ വരെ ആയി കുറഞ്ഞേക്കും എന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് ഏകദേശം 160 കിമീ ദൂരത്തിലുമാണ്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിൻറെ പരമാവധി വേഗത മണിക്കൂറിൽ 50 മുതൽ 60 കിമീ വരെയും ചില അവസരങ്ങളിൽ 70 കിമീ വരെയുമാണ്.

അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായിമാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. അതിന് ശേഷം രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ പതുക്കെ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷമുള്ള 24 മണിക്കൂറിൽ തീവ്ര ന്യൂനമർദം കൂടുതൽ ദുർബലമായി ഒരു ന്യൂനമർദമായി ആയി മാറുമെന്നാണ് പ്രവചനം.
Recommended Video
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം അതിതീവ്ര ന്യൂനമർദം അടുത്ത 36 മണിക്കൂറിൽ കൂടുതൽ ദുർബലമാകും. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇന്ന് രാത്രി മുതൽ 12 മണിക്കൂർ നേരത്തേക്ക് തെക്കൻ കേരളത്തിൽ മണിക്കൂറിൽ ഏകദേശം 35 മുതൽ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.












Click it and Unblock the Notifications