പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച ബസ് ജീവനക്കാര്‍ പിടിയില്‍
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചശേഷം ഉപേക്ഷിച്ച രണ്ടു ബസ് ജീവനക്കാരെ പോലീസ് കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. കണ്ടക്ടര്‍ മാങ്ങാട്ടിടം വേങ്ങാട് ജിതിന്‍ എന്ന കുട്ടന്‍ (21), ബസ് ഡ്രൈവര്‍ കൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ പടുവിലായി വിജിന്‍ (25) എന്നിവരാണ് കോഴിക്കോട് പോലീസിന്റെ പിടിയിലായത്.
കോഴിക്കോടുവെച്ച് പരിചയത്തിലായ പെണ്‍കുട്ടിയെ കണ്ണൂരിലെ ലോഡ്ജിലെത്തിച്ചാണ് ഇരുവരും പീഡിപ്പിച്ചത്. കോഴിക്കോട് മുക്കം സ്വദേശിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍ വെച്ച് കണ്ടെത്തുകയും ചെയ്തു.

പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ബസ് ജീവനക്കാര്‍ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. കണ്ണൂര്‍ കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരായ പ്രതികള്‍. പെണ്‍കുട്ടി നല്‍കിയ സൂചനപ്രകാരം കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പിന്നീട് പ്രതികളെ പിടികൂടി. താമരശ്ശേരി ഡിവൈഎസ്പി ഓഫീസില്‍ വെച്ച് പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞു.
ബസ് യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. ഇതിനുശേഷം പെണ്‍കുട്ടിയെ ഇവര്‍ കണ്ണൂരിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നാണ് വിവരം. ഇവിടെ വെച്ച് പ്രലോഭിപ്പിച്ചശേഷം താണയിലെ ലോഡ്ജിലേക്ക് കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ കണ്ണൂരില്‍ തന്നെ ഉപേക്ഷിക്കുകയും ചെയ്തു.












Click it and Unblock the Notifications