അന്ന് സർക്കാറിനെ വലിച്ച് താഴെയിടാന്‍ 'ബിജെപിക്കൊപ്പം'; ഇന്ന് കോണ്‍ഗ്രസില്‍ ചേരുന്നു, ഇത് ഡികെ തന്ത്രം
നഞ്ചൻകോട് നിയോജക മണ്ഡലത്തിൽ അന്തരിച്ച മുന്‍ എംപിയും കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമായ ആർ ധ്രുവനാരായണയുടെ മകന്‍ ദർശന് സീറ്റ് നല്‍കാന്‍ ഏകദേശ ധാരണയായി.

ബംഗളൂരു: 2019ൽ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെ ഡി എസ് സഖ്യസർക്കാരിന്റെ തകർച്ചയിലേക്ക് നയിച്ച 'ഓപ്പറേഷൻ കമല'യിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളെന്ന് ആരോപിക്കപ്പെടുന്ന വ്യവസായിയെ പാർട്ടിയില്‍ ചേർത്ത് കർണാടക കോണ്‍ഗ്രസ്. സർക്കാർ വീണതിന് പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ളവർ വലിയ ആരോപണം ഉന്നയിച്ചിരുന്ന ബിസിനസുകാരനായ ഉദയ് കെ എമ്മിനെയാണ് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരിക്കുന്നത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന് പുറമെ മറ്റ് പ്രമുഖ നേതാക്കളും കടലൂർ ഉദയ് ഗൗഡ എന്നറിയപ്പെടുന്ന ഉദയ് കെ എമ്മിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

മാണ്ഡ്യ ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്താന്‍
മാണ്ഡ്യ ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമെന്ന് കോണ്‍ഗ്രസില്‍ ചേർന്നതിന് പിന്നാലെ ഉദയ് അവകാശപ്പെട്ടു. ഉദയ്ക്കെതിരെ കോണ്‍ഗ്രസ് പ്രവർത്തകരില്‍ എതിർ വികാരം ശക്തമാണല്ലോ എന്ന ചോദ്യത്തിന് ' യാതൊരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം പാർട്ടിയിൽ ചേരുന്നത്. എല്ലാ പ്രാദേശിക നേതാക്കളും ചേർന്നത് അംഗീകരിച്ചിട്ടുണ്ട്- എന്നായിരുന്നു കെ പി സി സി അധ്യക്ഷന്‍ ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

"...അദ്ദേഹം എതിർ പാർട്ടിയിൽ ആയിരിക്കുമ്പോൾ കാര്യങ്ങൾ ചെയ്തിരിക്കാം....എ മഞ്ജു, ശ്രീനിവാസ് ഗൗഡ, ഗുബ്ബി വാസു, ശിവലിംഗ ഗൗഡ, മധു ബംഗാരപ്പ (എല്ലാവരും എം എൽ എമാർ/മുൻ എം എൽ എമാർ)- അവർ മാറി കോൺഗ്രസിലേക്ക് മടങ്ങിയില്ലേ'- എന്നായിരുന്നു ഓപ്പറേഷന്‍ കമലയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ പാർട്ടിയില്‍ ചേർത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഡികെ ശിവകുമാർ നല്‍കിയ മറുപടി.

നിർബന്ധങ്ങളും നിബന്ധനകളും ഉണ്ടാവും
ഇത് രാഷ്ട്രീയമാണ്, നിർബന്ധങ്ങളും നിബന്ധനകളും ഉണ്ടാവും. ദീർഘകാലം പരസ്പരം പോരടിച്ച ജെഡി(എസ്) നേതാവ് എച്ച് ഡി കുമാരസ്വാമിയും ഞാനും ഹൈക്കമാൻഡിന്റെ ഉത്തരവിന് ശേഷം 2018ലെ തെരഞ്ഞെടുപ്പിന് ശേഷം സഖ്യസർക്കാരുണ്ടാക്കാൻ കൈകോർത്തില്ലേ. രാഷ്ട്രീയം അങ്ങനെയാണ്. അവസരങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും കെ പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നഞ്ചൻകോട് നിയോജക മണ്ഡലത്തിൽ അന്തരിച്ച മുന്‍ എംപിയും കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമായ ആർ ധ്രുവനാരായണയുടെ മകന്‍ ദർശന് സീറ്റ് നല്‍കാന്‍ ഏകദേശ ധാരണയായി. മുൻ ചാമരാജനഗർ എംപിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ ദർശന് നഞ്ചൻകോട് ടിക്കറ്റ് നൽകണമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ കോൺഗ്രസ് നേതാക്കളില്‍ സമ്മർദ്ദം നടത്തി വരികയാണ്.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ
എന്നാൽ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായ മുൻ മന്ത്രി എച്ച്‌സി മഹാദേവപ്പയും നഞ്ചൻകോട് ടിക്കറ്റ് മോഹിച്ച് രംഗത്തുണ്ട്. ഇക്കാര്യം പാർട്ടി തീരുമാനിക്കുമെന്ന് മഹാദേവപ്പ പറഞ്ഞപ്പോൾ ധ്രുവനാരായണന്റെ ആത്മാവിന് സമാധാനം നൽകാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ അഭിപ്രായപ്പെട്ടത്.

എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ധ്രുവനാരായണനുമായി അടുത്ത ബന്ധമായിരുന്നു കാത്തുസൂക്ഷിച്ചത്. ടിക്കറ്റ് തീരുമാനം (ഖാർഗെ) സ്വീകരിക്കും. വിഷയത്തിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ധ്രുവനാരായണന്റെ മരണത്തിന്റെ ഞെട്ടലിലാണ് ഞങ്ങൾ ഇപ്പോഴും. അദ്ദേഹത്തിന്റെ ആത്മാവിന് സമാധാനം നൽകാൻ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

നഞ്ചൻകോട് മണ്ഡലം നിലവിൽ ബിജെപി
നഞ്ചൻകോട് മണ്ഡലം നിലവിൽ ബിജെപിയുടെ ബി ഹർഷവർദ്ധനയുടെ കൈകളിലാണ്. ധ്രുവനാരായണനെയും മഹാദേവപ്പയെയും കൂടാതെ കോൺഗ്രസ് നേതാക്കളായ കളലെ കേശവമൂർത്തിയും സി നരേന്ദ്രനും ടിക്കറ്റിനായി രംഗത്തുണ്ടായിരുന്നു. രാജാജിനഗർ മണ്ഡലത്തിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തിങ്കളാഴ്ച ശിവകുമാറിനെ കാണുകയും കഴിഞ്ഞയാഴ്ച പാർട്ടിയിൽ ചേർന്ന ബിജെപി എംഎൽഎ പുട്ടണ്ണയ്ക്ക് ടിക്കറ്റ് നൽകുന്നത് പരിഗണിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications