കൈപൊള്ളാതെ സ്വർണം വാങ്ങാം; ഇതല്ലാതെ വേറെ വഴിയില്ലെന്ന് ഉപഭോക്താക്കൾ, പുതിയ ട്രെൻ്റ്
വിവാഹ സീസണും ഗണേഷ് ചതുർത്ഥി പോലുള്ള ആഘോഷങ്ങളും ആയിട്ട് കൂടി രാജ്യത്തെ സ്വർണ വിപണി തളർച്ചയിലാണ്. വില കുതിച്ചുയർന്നത് തന്നെയാണ് ഇതിന് കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വിലയിൽ 50 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം വില ഉയർന്ന പശ്ചാത്തലത്തിൽ തങ്ങളുടെ വാങ്ങൽ രീതികളിൽ ഉപഭോക്താക്കൾ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ജ്വല്ലറി വ്യാപാരികൾ പറയുന്നു.
സ്വർണത്തിൻ്റെ അളവിലാണ് ഈ മാറ്റം പ്രധാനമായും പ്രകടമാകുന്നത്. മുൻപ് ഒന്നും രണ്ടും പവനൊക്കെ വാങ്ങിയിരുന്നവർ ഇന്ന് അരപവനിലേക്ക് വാങ്ങൽ ചുരുക്കുന്നുണ്ട്. മാത്രമല്ല കുറഞ്ഞ കാരറ്റ് ആഭരണങ്ങളാണ് പലരും തിരഞ്ഞെടുക്കുന്നതെന്നും ഇവർ വ്യക്തമാക്കി. സാംസ്കാരികമായ പാരമ്പര്യത്തിൻ്റെ ഭാഗമായി സ്വർണ മാലകൾ, വളകൾ, മോതിരങ്ങൾ എന്നിവയ്ക്ക് ഇപ്പോഴും ഡിമാൻ്റ് ഉണ്ട്. പക്ഷെ ഉയർന്ന കാരറ്റിലുള്ള ആഭരണങ്ങൾ തന്നെ വേണമെന്ന നിർബന്ധം ആരും കാണിക്കുന്നില്ല എന്നും ഇവർ വിശദീകരിച്ചു.

കഴിഞ്ഞ വർഷം ഈ സമയത്ത് സ്വർണ വില 10 ഗ്രാമിന് 1 ലക്ഷത്തിന് തൊട്ട് മുകളിലായിരുന്നു വില. എന്നാൽ ഇന്ന് 10 ഗ്രാമിന് 1.5 ലക്ഷത്തിന് മുകളിലാണ്. അതായത് 50 മുതൽ 60 ശതമാനത്തിൻ്റെ വർധനവ്. ഭൌമരാഷ്ട്രീയ സംഘർഷങ്ങൾ, കേന്ദ്രബാങ്കുകളുടെ ഉയർന്ന വാങ്ങൽ, നിക്ഷേപ താത്പര്യം ഇതെല്ലാമാണ് സ്വർണ വില ഉയരാൻ കാരണമായത്.
പശ്ചിമേഷ്യൻ സംഘർഷമാണ് ഇപ്പോഴത്തെ വില വർധനവിലേക്ക് നയിച്ചത്. സംഘർഷം കടുക്കുമ്പോൾ എണ്ണ വില കുതിക്കുകയാണ്. പണപ്പെരുപ്പ ഭീതിയും ശക്തമായി. ഇതോടെ യു.എസ് ട്രെഷറി യീൽഡ് സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇതെല്ലാം സ്വർണത്തിന് തിരിച്ചടിയായി.
വില ഉയരുമ്പോഴും സ്വർണം ഉപേക്ഷിക്കാൻ ഇന്ത്യക്കാർ തയ്യാറായിട്ടില്ല. എന്നിരുന്നാലും മുൻപത്തെ പോലെ എങ്ങനെയെങ്കിലും സ്വർണം വാങ്ങിവെയ്ക്കുകയെന്ന രീതി മാറി. ഒരുപാട് ആഭരണങ്ങൾ വേണമെന്ന താത്പര്യം മാറി. എന്തിന് വാങ്ങാൻ പോകുന്ന ജ്വല്ലറികളുടെ കാര്യത്തിൽ പോലും മാറ്റം വരുത്തി തുടങ്ങി.
എവിടെ നിന്ന് സ്വർണം വാങ്ങണമെന്ന കാര്യത്തിൽ ഉപഭോക്താക്കൾ വലിയ ശ്രദ്ധപുലർത്തുന്നുണ്ട്. ഉയർന്ന തുക നൽകി സ്വർണം വാങ്ങുമ്പോൾ പറ്റിക്കപ്പെടരുതെന്ന ചിന്തയിലാണ് ആളുകൾ ജ്വല്ലറികൾ തിരഞ്ഞെടുക്കുന്നത്. അതുപോലെ തന്നെ ബഡ്ജറ്റും ലൈഫ് സ്റ്റൈലുമൊക്കെ അനുസരിച്ചാണ് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നത്.
ദിവസവും ഉപയോഗിക്കാൻ കഴിയുന്ന ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. കുറഞ്ഞ നിരക്കിൽ സ്വർണം ലഭിക്കും, മാത്രമല്ല കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ ഈട് നിൽകുന്നവയാണ്. 18,14, 9 കാരറ്റ് ആഭരണങ്ങൾ വിപണിയിൽ സുലഭമാണ്. 22 കാരറ്റ് 1 പവൻ വാങ്ങുൾ 1.30 ലക്ഷമൊക്കെ കൊടുക്കേണ്ടി വരുമ്പോൾ 9 കാരറ്റ് വാങ്ങാൻ 50000 രൂപയ്ക്കുള്ളിൽ മാത്രം മതിയാകും. ഉയർന്ന തുകയ്ക്ക് പുതിയൊരു സ്വർണം വാങ്ങുന്നതിന് പകരം പഴയ സ്വർണം കൊടുത്ത് സ്വർണം വാങ്ങുകയാണ് പലരും. ഇത് സാമ്പത്തിക ബാധ്യത ലഘൂകരിക്കുമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. തങ്ങൾ വാങ്ങിയ കാലത്ത് ഇത്രയും ഉയർന്ന തുക സ്വർണത്തിന് ഇല്ല. അതുകൊണ്ട് തന്നെ പഴയ സ്വർണം കൊടുക്കുമ്പോൾ അന്ന് വാങ്ങിയതിനേക്കാൾ ഉയർന്ന തുക ലഭിക്കും. ഇതിനൊപ്പം പുതിയത് വാങ്ങുമ്പോൾ ജിഎസ്ടിയും പണിക്കൂലിയും മാത്രം നൽകിയാൽ മതിയാകും, അത് വലിയ ബാധ്യതയാകില്ല എന്നും ഉപഭോക്താക്കൾ പറയുന്നു.
അതേസമയം നിക്ഷേപ താത്പര്യത്തോടെ സ്വർണം വാങ്ങുന്നവരാകട്ടെ ആഭരണങ്ങൾ വാങ്ങുന്നില്ല. പകരം സ്വർണ നാണയങ്ങളോ കട്ടികളോ ആണ് ഇവർ തിരഞ്ഞെടുക്കുന്നത്. ഇതാകുമ്പോൾ ഉയർന്ന പണിക്കൂലി നൽകേണ്ടതില്ല.



Click it and Unblock the Notifications
