'ഇനി ബിജെപി കേരളത്തിൽ തലപൊക്കില്ല, നടുവൊടിച്ചില്ലേ, ചേലക്കര ഭൂരിപക്ഷം രമ്യ ചുരുക്കി'; കെ സുധാകരൻ
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വലിയ വിജയമാണ് യു ഡി എഫ് സ്വന്തമാക്കിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് 18,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ബി ജെ പി വോട്ടുകളിലടക്കം വിള്ളൽ വീഴ്ത്താൻ രാഹുലിന് സാധിച്ചു. ബി ജെ പിയുടെ കോട്ടയായ നഗരസഭയിലടക്കം വൻ മുന്നേറ്റമാണ് രാഹുൽ കാഴ്ചവെച്ചത്.
ഇപ്പോഴിതാ രാഹുലിന്റെ വിജയത്തിൽ പ്രതികരിക്കുകയാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകകൻ. ജനങ്ങള്‍ ബി ജെ പിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ വര്‍ഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

'പാലക്കാട് നിയമസഭാമണ്ഡലത്തില്‍ പതിനായിരത്തിലധികം വോട്ടാണ് ബി ജെ പിക്ക് നഷ്ടപ്പെട്ടത്. നഗരസഭയിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്. ചേലക്കരയിലും വയനാട്ടിലും ബി ജെ പിക്ക് നേട്ടമുണ്ടാക്കാനായില്ല.
വര്‍ഗീയത വാരിവിതറിയും സമുദായങ്ങളെ തമ്മിലടിപ്പിച്ചുമാണ് ബി ജെ പി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ബി ജെ പിയുടെ സമുന്നതരായ നേതാക്കള്‍വരെ പ്രചാരണത്തിനു വന്നിട്ടും പ്രയോജനമുണ്ടായില്ല. വര്‍ഗീയതയിലൂന്നിയുള്ള പ്രചാരണം കൊണ്ട് മഹാരാഷ്ട്രയില്‍ ബി ജെ പി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റേത് മതേതര മണ്ണാണെന്ന് ബി ജെ പി തിരിച്ചറിയണം.ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തിന് മികച്ച വിജയം നേടാനും സാധിച്ചെന്നും കെ. സുധാകരന്‍ പറഞ്ഞു.
പിണറായി സര്‍ക്കാരിനെതിരേയുള്ള ജനവികാരം ഉപതെരഞ്ഞടുപ്പില്‍ ആളിക്കത്തിയിട്ടുണ്ട്. പാലക്കാട്ട് രാഹുല്‍ മാങ്കുട്ടം നേടിയ വന്‍ഭൂരിപക്ഷം അതിന്റെ അളവുകോലാണ്. ചേലക്കരയില്‍ 39,400 വോട്ടിന്റെ ലീഡിനെ മൂന്നിലൊന്നാക്കി ചുരുക്കാന്‍ രമ്യ ഹരിദാസിനു സാധിച്ചു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കു ലഭിച്ച വന്‍ ഭൂരിപക്ഷം കോണ്‍ഗ്രസിന്റെ മതേതര, ജനാധിപത്യ ആശയങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണ്. ഗാന്ധി കുടുംബത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുകയാണ് ചെയ്തതെന്ന് കെ സുധാകരന്‍ പറഞ്ഞു.
അതേസമയം കേരളത്തിൽ ഭരണ വിരുദ്ധ വികാരം ഇല്ലെന്നും ഇന്നത്തെ ഉപതിരഞ്ഞെടുപ്പ് ഫലം അതിന്റെ വ്യക്തമായ തെളിവാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പാലക്കാട് യു ഡി എഫ് ജയിച്ചത് എല്ലാ വർഗീയ ശക്തികളെയും ചേർത്തുകൊണ്ടാണെന്നും മഴവിൽ സഖ്യം പോലെയാണ് യുഡിഎഫ് പ്രവർത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications