'സരിൻ ചതിയൻ, സീറ്റ് മോഹിച്ചാണ് സരിൻ പോയത്'; തിരിച്ചു വന്നാലും പാർട്ടിക്ക് വേണ്ടെന്ന് കെ സുധാകരൻ
പാലക്കാട്: ചേലക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച്ചയില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ.നിർത്തിയത് നല്ല സ്ഥാനാർത്ഥിയെ തന്നെയാണെന്നും പ്രാദേശിക അണികൾക്കിടയിൽ പരാതിയുണ്ടെന്ന് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഔദ്യോഗികമായി വോട്ടിന് വേണ്ടി എസ് ഡി പി ഐയെ സമീപിച്ചിട്ടില്ലെന്നും എന്നാൽ അവർ താത്പര്യമുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തിട്ടുണ്ടാവുമെന്നും അത് പക്ഷേ തനിക്ക് ഉറപ്പില്ലെന്നും സുധാകരൻ പറഞ്ഞു. എസ് ഡി പി ഐയുടെ പിന്തുണ ആവശ്യപ്പെട്ട് അങ്ങോട്ട് പോയിട്ടില്ലെന്നും ആരും ഇങ്ങോട്ട് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അവർ ആഗ്രഹിച്ച വിജയം വന്നിട്ടുണ്ടാവാം. അഭിപ്രായ വ്യത്യാസമുള്ള രാഷ്ട്രീയ എതിരാളികളിൽ താരതമ്യേന എതിർപ്പ് കുറവുള്ളവർക്ക് വോട്ട് ചെയ്യുക സ്വാഭാവികമാണെന്നും എസ് ഡി പി ഐ എ അങ്ങനെ ചെയ്തിട്ടുണ്ടാവാമെന്നും അവർ ചെയ്തുവെന്നും ചെയ്തിട്ടില്ലെന്നും ഞാൻ പറയുന്നില്ല. വോട്ട് ചെയ്യണമെന്നോ സഹായിക്കണമെന്നോ ഔദ്യോഗികമായി ഞങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ മാത്രമെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സരിൻ ചതിയനാണെന്നും നിർണായക സമയത്ത് സരിൻ ചതിച്ചെന്നും സീറ്റ് മോഹിച്ചാണ് സരിൻ പോയതെന്നും സുധാകരൻ പറഞ്ഞു.തിരിച്ചു വന്നാലും സരിനെ പാർട്ടിക്ക് വേണ്ട എന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാരിയർ വന്നത് പാർട്ടിക്ക് ഗുണം ചെയ്തുവെന്നും കെ സുധാകരൻ പറഞ്ഞു. മുനമ്പം വിഷയത്തിലും കെ സുധാകരൻ പ്രതികരിച്ചു. മുനമ്പത്ത് താമസിക്കുന്നവർക്ക് അവരുടെ ഭൂമി തിരികെ കിട്ടണമെന്നും ജുഡീഷ്യൽ കമ്മീഷൻ സമയം എടുത്താലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, കേരളത്തെ അടിമുടി തകർത്ത പിണറായി സർക്കാരിനെതിരെ ചേലക്കരയും വിധിയെഴുതുമെന്ന ശുഭപ്രതീക്ഷ ഉണ്ടായിരുന്നുവെന്നും അതിന് സാധിച്ചില്ല എങ്കിലും യു ഡി എഫിന്റെ വോട്ടുകൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.
രമ്യയെ വിജയിപ്പിക്കുക എന്ന ലക്ഷ്യവുമായി അഹോരാത്രം പ്രയത്നിച്ച ഐക്യ ജനാധിപത്യ മുന്നണിയുടെ മുഴുവൻ സഹപ്രവർത്തകർക്കും അഭിവാദ്യങ്ങൾ. 39000 എന്ന വലിയ ഭൂരിപക്ഷം 12000 ആയി കുറഞ്ഞത് സി പി എമ്മിന്റെ ജനകീയ അടിത്തറ നഷ്ടപ്പെട്ടതിന്റെയും, പിണറായി വിജയന്റെ ഭരണത്തിനോട് സി പി എം അണികൾക്കുണ്ടായ അതൃപ്തിയുടെയും തെളിവുകളാണ്. സി പി എമ്മിന്റെ ആയിരക്കണക്കിന് വോട്ടുകൾ യാതൊരു മടിയും ഇല്ലാതെ ബിജെപിയിലേക്ക് ഒഴുകി എന്നതും രാഷ്ട്രീയ കേരളം നോക്കി കാണേണ്ട സംഗതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications