ഉപതിരഞ്ഞെടുപ്പ്; ചേലക്കരയിൽ യു പ്രദീപ്, വയനാടും പാലക്കാടും വനിതകൾ?; എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം 17 ന്
വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കാൻ എൽ ഡി എഫ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ തന്നെ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് തീരുമാനം വേഗത്തിലാക്കാൻ സി പി എമ്മിലും നീക്കം. 17 ന് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
വയനാട് സീറ്റ് സി പി ഐയുടേതാണ്. ചേലക്കരയും പാലക്കാടും സി പി എമ്മിനും. കോൺഗ്രസിന്റെ കുത്തക മണ്ഡലമായ വയനാട് അട്ടിമറിയൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ദേശീയ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലത്തിൽ ആവേശം ചോരരുത് എന്നാണ് എൽ ഡി എഫ് നിലപാട്. ഇക്കുറി മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് പകരക്കാരിയായ സഹോദരി പ്രിയങ്ക ഗാന്ധിയാണ് എത്തുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആനി രാജയായിരുന്നു ഇവിടെ നിന്നുള്ള എൽ ഡി എഫ് സ്ഥാനാർത്ഥി. മുൻ പീരുമേട് എം എൽ എ ഇ എസ് ബിജി മോളെയാണ് ഇക്കുറി എൽ ഡി എഫ് പരിഗണിക്കുന്നതെന്നാണ് സൂചന.

പാലക്കാട് മണ്ഡലത്തിലേക്കും വനിതയേയാണ് എൽ ഡി എഫ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾക്കാണ് സാധ്യത. പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ ബിനുമോൾ അന്തരിച്ച സി പി എം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ്. 2016 മുതൽ സി പി എം പാലക്കാട് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ്. ബി ജെ പിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. 2006 ൽ കെ ദിവാകരനാണ് മണ്ഡലത്തിൽ അവസാനമായി വിജയിച്ച സി പി എം നേതാവ്. പാർട്ടിയുടെ സിറ്റിംഗ് മണ്ഡലമായ ചേലക്കരയിൽ കെ രാധാകൃഷ്ണന് പകരക്കാരനായി പാർട്ടി പരിഗണിക്കുന്നത് മുൻ എം എൽ എ യു പ്രദീപിനെയാണ്. നേരത്തേയും രാധാകൃഷ്ണന് പകരക്കാരനായി പ്രദീപ് ചേലക്കരയിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ചേലക്കരയിൽ രമ്യ ഹരിദാസിനെയാണ് കോൺഗ്രസ് ഇക്കുറി മത്സരിപ്പിച്ചിരിക്കുന്നത്. ആലത്തൂരിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ചേലക്കര മണ്ഡലത്തിൽ കൂടുതൽ വോട്ട് പിടിക്കാൻ രമ്യക്ക് സാധിച്ചിരുന്നു. എന്നാൽ 1996 മുതൽ കോൺഗ്രസിന് യാതൊരു ചലനവും ഉണ്ടാക്കാൻ സാധിക്കാത്ത മണ്ഡലമാണ് ചേലക്കര. സംഘടന സംവിധാനങ്ങളുടെ പാളിച്ചയാണ് തിരിച്ചടിക്ക് കാരണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം. ഇത്തവണ അട്ടിമറി ഉണ്ടാക്കുമെന്നും നേതൃത്വം അവകാശപ്പെടുന്നു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ പാലക്കാട് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി.












Click it and Unblock the Notifications