വീണ്ടും തിരഞ്ഞെടുപ്പ് ആവേശം: 30 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ് നമ്പർ 79 ല്‍ (ശ്രീവരാഹം) ഉള്‍പ്പെടെയാണ് ഉപതിരഞ്ഞെടുപ്പ്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ളോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 24 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
വിജ്ഞാപനം നാളെ (ജനുവരി 30 വ്യാഴാഴ്ച) പുറപ്പെടുവിക്കും. നാമനിർദേശ പത്രിക ഫെബ്രുവരി ആറ് വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന ഫെബ്രുവരി ഏഴിന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 ആണ്. വോട്ടെടുപ്പ് ഫെബ്രുവരി 24 ന് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണൽ ഫെബ്രുവരി 25 ന് രാവിലെ 10 മണിക്ക് നടത്തും.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്പഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.
വോട്ടെടുപ്പിനായി 80 പോളിംഗ് ബൂത്തുകൾ സജ്ജമാക്കും ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ജനുവരി 28 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ആകെ 60617 വോട്ടർമാരാണുള്ളത്. 28530 പുരുഷന്മാരും 32087 സ്ത്രീകളും. കമ്മീഷന്റെ www.sec.kerala.gov.in വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്.
നാമനിർദേശപത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക കോർപ്പറേഷനിൽ 5000 രൂപയും, മുനിസിപ്പാലിറ്റിയിലും, ബ്ളോക്ക്പഞ്ചായത്തിലും 4000 രൂപയും, ഗ്രാമപഞ്ചായത്തിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പകുതി തുക മതിയാകും.തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനതീയതി മുതൽ 30 ദിവസത്തിനകം സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം.
തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ - ശ്രീവരാഹം, കരുംകുളം - കൊച്ചുപള്ളി, പൂവച്ചല്‍ - പുളിങ്കോട്, പാങ്ങോട് - പുലിപ്പാറ, കൊട്ടാരക്കര - കല്ലുവാതുക്കല്‍, അഞ്ചല്‍ ബ്ലോക്ക് പശ്ചായത്ത് - അഞ്ചല്‍, കൊച്ചാരക്കര ബ്ലോക്ക് പഞ്ചായത്ത് - കൊട്ടറ, കുലശേഖരം - കൊച്ചമാംമൂട്, ക്ലാപ്പന- പ്രയാർ തെക്ക് ബി, ഇടമുളക്കല്‍ - പടിഞ്ഞറ്റിന്‍ കര, പത്തനംതിട്ട - കുമ്പഴ നോർത്ത്, അരിയൂർ - തടിയൂർ, പുറമറ്റം- ഗ്യാലക്സി നഗർ, കാവാലം - പാലോടം, മുട്ടാർ - മിത്രക്കാരി, രാമപുരം - ജിവി സ്കൂള്‍ വാർഡ്, വാത്തിക്കുടി - ദൈവംമേട്, മൂവാറ്റുപുഴ- ഈസ്റ്റ് ഹൈസ്കൂള്‍ വാർഡ്, ആശമന്നൂർ - മേതല തെക്ക്, പൈങ്ങോട്ടൂർ - പനങ്കര, പായിപ്ര - നിരപ്പ്, ചൊവ്വന്നൂർ - മാന്തോപ്പ്, മുണ്ടൂർ-കീഴ്പാടം, കരുളായി-ചക്കിട്ടാമല, തിരുന്നാവായ-എടക്കുളം വെസ്റ്റ്, പുറമേരി-കുഞ്ഞല്ലൂർ, പന്ന്യന്നൂർ-താഴെ ചമ്പാട്, മടിക്കൈ-കോളിക്കുന്ന്, കോടാം ബേളൂർ-അയറോട്ട്, കയ്യൂർ ചീമേനി-പള്ളിപ്പാറ എന്നീ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications