വീണ്ടും യുഡിഎഫ് തരംഗമോ? ബിജെപി മിന്നിക്കുമോ? അതോ ഇടത് തിരിച്ച് വരവോ?: 49 വാർഡുകളില്‍ ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാല് മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും.
വയനാട് ഒഴികെയുള്ള 13 ജില്ലകളിലേയും തദ്ദേശ വാർഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഏറ്റവും കൂടുതല്‍ വാർഡുകളുള്ളത് തിരുവനന്തപുരത്താണ്. എട്ട് വാർഡുകളിലേക്കാണ് ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു ജില്ലാപഞ്ചായത്ത് വാർഡിലും നാല് ബ്ളോക്ക് പഞ്ചായത്ത് വാർഡുകളിലും ആറ് മുനിസിപ്പാലിറ്റി വാർഡുകളിലും 38 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് (ജൂലൈ രണ്ട്) മുതൽ നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ളോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ടുവരുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റചട്ടം ബാധകമാണ്. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും, മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.
ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടർപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് , താലൂക്ക് ഓഫീസുകളിലും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ( sec.kerala.gov.in ) ലഭ്യമാണ്.
ജില്ലാപഞ്ചായത്ത് നിയോജകമണ്ഡലത്തിൽ മത്സരിക്കുന്നതിന് 5000 രൂപയും ബ്ളോക്ക് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാർഡുകളിൽ മത്സരിക്കുന്നതിന് 4000 രൂപയും ഗ്രാമപഞ്ചായത്തുകളിൽ 2000 രൂപയുമാണ് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നിക്ഷേപതുകയായി കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അവയുടെ പകുതി തുക മതിയാകും.
അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം. ജില്ലാപഞ്ചായത്ത് വാർഡിൽ 1,50,000 രൂപയും, ബ്ളോക്ക് പഞ്ചായത്ത് നിയോജകമണ്ഡലത്തിലും, മുനിസിപ്പാലിറ്റി വാർഡിലും 75,000 രൂപയും, ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലത്തിൽ 25,000 രൂപയുമാണ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധി.












Click it and Unblock the Notifications