സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നാളെ; മുന്നൊരുക്കങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലെ ഉപ തിരഞ്ഞെടുപ്പ് നാളെ. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചാെവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ്.
സമ്മതിദായകർ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയിൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിപ്പിച്ചിട്ടുള്ള എസ് എസ് എൽ സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസം കാലയളവിന് മുൻപ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയിൽ കാർഡ് എന്നിവ ഉപയോഗിക്കാം.

വോട്ടെണ്ണൽ ഡിസംബർ 13 ന് രാവിലെ 10 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാർഡുകളിലാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. 114 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
അതിൽ 47 പേർ സ്ത്രീകളാണ്. ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ അന്തിമ വോട്ടർ പട്ടികയിൽ ആകെ 1,43345 വോട്ടർമാരാണുള്ളത്. 67, 764 പുരുഷന്മാരും 75, 581 സ്ത്രീകളും. വോട്ടർ പട്ടിക www.sec.kerala.gov.in എന്ന സൈറ്റിൽ ലഭ്യം ആണ്.
വോട്ടെടുപ്പിന് 192 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം പൂർത്തിയായി. ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക് കൈമാറി. വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കയിട്ടുണ്ട്. പോളിംഗ് സാധനങ്ങൾ തിങ്കളാഴ്ച ഉച്ചക്ക് 12 ന് മുമ്പ് സെക്ടറൽ ഓഫീസർമാർ അതാത് പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ ഹാജരായി അവ കൈപ്പറ്റണം.
മോക്ക് പോൾ വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്ക് നടത്തും. ക്രമസമാധാനപാലത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്ന ബാധിത ബൂത്തുകളിൽ വീഡിയോ ഗ്രാഫിയും പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും. വോട്ടെണ്ണൽ ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും












Click it and Unblock the Notifications