തിരുവില്ലാമല നവോദയ ആശുപത്രിയിൽ രോഗിയെ ആക്രമിച്ചു, അക്രമാസക്തനായ രോഗി ആശുപത്രി ഉപകരണങ്ങൾ തകർത്തു
തൃശൂര്‍: തിരുവില്വാമല പഴയന്നൂര്‍ നവോദയ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ട് വന്നവര്‍ പരസ്പരം അടികൂടി. ആശുപത്രി ജീവനക്കാരെയും രോഗികളെയും അരമണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. പഴയന്നൂര്‍ കല്ലേപ്പാടം സ്വദേശി പുലിക്കോട്ടില്‍ ജോജിയുടെ (24) ഇടതു കൈത്തണ്ടയിലെ ഞരമ്പു മുറിഞ്ഞ നിലയില്‍ വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് പഴയന്നൂര്‍ നവോദയ മെഡിക്കല്‍ സെന്ററിലെത്തിയത്.
ജോജിയുടെ കൂടെയുണ്ടായിരുന്നവരായ യുവാക്കളാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്. ജോജിയെ പരിശോധിക്കാന്‍ വൈകുന്നുവെന്ന് പറഞ്ഞാണ് കൂടെയുണ്ടായിരുന്നവര്‍ ആദ്യം ബഹളമുണ്ടാക്കിയത്. ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും മറ്റൊരു ആത്മഹത്യാ ശ്രമത്തെത്തുടര്‍ന്നെത്തിയയാളെ പരിശോധിക്കുകയായിരുന്നു.എങ്കിലും അടിയന്തരമായി ഇടപെട്ട് ജോജിക്ക് വേണ്ട പരിചരണം നടത്തി. തുടര്‍ന്ന് ആശുപത്രിക്ക് വെളിയിലേക്കിറങ്ങിയ ജോജിയെ കൂട്ടുകാരായ തെക്കേപ്പൊറ്റ കട്ടേക്കുടിയില്‍ ലിന്‍സന്‍ (23), സഹോദരന്‍ തോമസ് (25) എന്നിവര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

പ്രാണരക്ഷാര്‍ഥം ജോജി ഹോസ്പിറ്റലിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ യുവാക്കള്‍ അകത്തുവച്ചും ഇയാളെ മര്‍ദിച്ചു. തുടര്‍ന്ന് ജോജി ആക്രമാസക്തനായി ആശുപത്രിയിലെ ഫാബ്രിക്കേഷനുകളും ചില്ലുകളും കമ്പ്യൂട്ടറുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. അപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാര്‍ ഇറങ്ങിയോടി. രാത്രി ഡ്യൂട്ടിയില്‍ നാലുപേരെ ഈ ആശുപത്രിയില്‍ ഉണ്ടായിരുന്നുള്ളൂ. അക്രമികള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. പോലീസിനെ വിളിച്ചുവരുത്തിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പ്രതികളായ ജോജിയെയും ലിന്‍സനെയും എസ്.ഐ. പി.കെ. ദാസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications