"കേരളത്തിൽ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല": സർക്കാരിനെതിരെ ആഞ്ഞടിച്ച് സി. ദിവാകരൻ
സംസ്ഥാനത്തെ രൂക്ഷമായ തൊഴിലില്ലായ്മയിലും വ്യാവസായിക പിന്നാക്കാവസ്ഥയിലും സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ രംഗത്ത്. സംസ്ഥാനത്ത് ഉൽപാദന മേഖലയിലും വൻകിട വ്യവസായ രംഗത്തും സർക്കാർ പുലർത്തുന്ന നിസ്സംഗതയാണ് അഭ്യസ്തവിദ്യരായ യുവാക്കൾ നാടുവിടാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ.
വ്യവസായ ശൂന്യമായ കേരളം
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ വികസന കുതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ഒരു ചെറിയ 'പഞ്ചായത്ത്' പോലെയാണെന്ന് അദ്ദേഹം പരിഹസിച്ചു. "ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല" എന്ന കടുത്ത പരാമർശത്തിലൂടെ സംസ്ഥാനത്തെ നിലവിലെ വ്യാവസായിക അന്തരീക്ഷത്തെ അദ്ദേഹം വരച്ചുകാട്ടി. ഒരു കാറോ മോട്ടോർ ബൈക്കോ പോലെയുള്ള വാഹനങ്ങളോ, ഹെവി മെഷിനറികളോ ഉൽപാദിപ്പിക്കുന്ന ഒരു വലിയ ഫാക്ടറി പോലും കേരളത്തിൽ ഇല്ലെന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഡക്ഷൻ, മാനുഫാക്ചറിംഗ് മേഖലകളിൽ കേരളം വട്ടപ്പൂജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവജനങ്ങളുടെ വിദേശയാത്ര: ഒരു നിർബന്ധിത പലായനം
കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കൾ കനത്ത തുക ലോണെടുത്തും മറ്റും പാസ്‌പോർട്ടും വിസയും സംഘടിപ്പിച്ച് വിദേശത്തേക്ക് പോകുന്നത് വെറുതെയല്ല. സ്വന്തം നാട്ടിൽ അന്തസ്സുള്ള ഒരു തൊഴിൽ ലഭിക്കില്ലെന്ന തിരിച്ചറിവാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കേണ്ടത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. എന്നാൽ കാലാകാലങ്ങളായി ഭരിച്ചവർ ഇതിൽ പരാജയപ്പെട്ടതുകൊണ്ടാണ് പ്രതിഭകളായ നമ്മുടെ യുവത വിദേശരാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാൻ പോകേണ്ടി വരുന്നതെന്ന് ദിവാകരൻ ചൂണ്ടിക്കാട്ടി.
ഇഷ്ടപ്പെട്ട മീന്‍ ലഭിക്കാത്തതിനാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്ന് അടുത്തിടെ സി. ദിവാകരൻ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദമായിരുന്നു. അതിനു പിന്നാലെ നയപരമായ കാര്യങ്ങളിൽ സർക്കാരിനെതിരെ അദ്ദേഹം നടത്തുന്ന ഈ വിമർശനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.












Click it and Unblock the Notifications