മന്ത്രിസഭയും എല്‍ഡിഎഫ് കണ്‍വീനറും അറിഞ്ഞില്ല; ബാര്‍ സമയമാറ്റം അറിഞ്ഞില്ലെന്ന് വിഡി സതീശനും
തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍ പ്രവര്‍ത്തന സമയമാറ്റം മന്ത്രിസഭയും എല്‍ഡിഎഫ് കണ്‍വീനറും അറിഞ്ഞില്ല. മുഖ്യമന്ത്രി നേരിട്ട് തീരുമാനം എടുക്കുകയായിരുന്നു എന്നാണ് വിവരം. തീരുമാനം അറിയില്ലെന്ന് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. മുന്നണി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
രാവിലെ 10 മുതല്‍ രാത്രി 12 വരെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് പുതിയ അറിയിപ്പ്. നേരത്തെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു സമയം. ബാറുടമകളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ജനുവരി 29ന് എക്സൈസ് മന്ത്രി എംബി രാജേഷില്‍ നിന്ന് മുഖ്യമന്ത്രി ഫയല്‍ വിളിപ്പിച്ച് ഒരു ദിവസം കൊണ്ടാണ് തീരുമാനമാക്കിയത്. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഗസറ്റ് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.

ബാറുകളുടെ സമയം ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരോ എക്സൈസ് മന്ത്രിയോ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്‍ തൃശൂരില്‍ പറഞ്ഞു. സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാറുടമകളുടെ ഭാഗത്ത് നിന്നു ശ്രമം നടക്കുന്നതായി നേരത്തെ അറിയാമായിരുന്നു. ഒരു വര്‍ഷം മുമ്പ് പിന്തുണ തേടി ബാറുടമകള്‍ സമീപിച്ചിരുന്നു. സമയം നീട്ടി നല്‍കുന്നതില്‍ പ്രതിപക്ഷത്തിന് പങ്കില്ല. എല്‍ഡിഎഫ് കണ്‍വീനറോ നേതാക്കളോ പോലും അറിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് പ്രതിപക്ഷം അറിയുന്നത് എന്നും സതീശന്‍ ചോദിച്ചു.
തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കേ ബാറുകളുടെ സമയം ദീര്‍ഘിപ്പിച്ചതുള്‍പ്പെടെയുള്ള മിന്നല്‍ വേഗതയിലുള്ള നയംമാറ്റം തെരഞ്ഞെടുപ്പ് ഡീലായി പൊതുസമൂഹം കണ്ടാല്‍ കുറ്റംപറയാനാവില്ലെന്നും സമിതി സംസ്ഥാന കമ്മറ്റി ചൂണ്ടിക്കാട്ടി. കേരള കത്തോലിക്കാ സഭ മാര്‍ച്ച് എട്ടിന് മദ്യലഹരി വിരുദ്ധ ഞായര്‍ ആചരിക്കും.
ബാറുകളുടെ പ്രവര്‍ത്തനസമയം ഏകീകരിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് കണ്ണൂരില്‍ പറഞ്ഞു. ബാര്‍ സമയം വര്‍ധിപ്പിച്ചെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ടൂറിസം മേഖലയുടെ വളര്‍ച്ച മുന്‍നിര്‍ത്തിയാണ് ഈ പരിഷ്‌കരണമെന്നും രാജേഷ് പറഞ്ഞു. നേരത്തെ ടൂറിസം കേന്ദ്രങ്ങളില്‍ നിലനിന്നിരുന്ന സമയം എല്ലായിടത്തും ബാധകമാക്കുക മാത്രമാണ് ചെയ്തത്. വിഷയത്തില്‍ പ്രതിപക്ഷത്തിന് അനുകൂല നിലപാടായിരുന്നു എന്നും മന്ത്രി പറഞ്ഞു.
ബാറുകളുടെ പ്രവര്‍ത്തനസമയം മാറ്റിയതുമായി ബന്ധപ്പെട്ട് യാതൊരുവിധ രാഷ്ട്രീയ വിവാദവുമില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. തീരുമാനം നിയമപരമാണെന്നും നിയമങ്ങള്‍ പാലിച്ചാണ് മാറ്റങ്ങള്‍ വരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബാര്‍ സമയം മാറ്റുന്നത് പോലുള്ള വിഷയങ്ങള്‍ മന്ത്രിസഭയ്ക്ക് മുന്നില്‍ വരണമെന്ന് നിര്‍ബന്ധമില്ലെന്നും വകുപ്പ് തലത്തില്‍ എടുക്കാവുന്ന തീരുമാനമാണിതെന്നും മന്ത്രി പ്രതികരിച്ചു.












Click it and Unblock the Notifications