ആരോഗ്യപ്രവർത്തകരെ ചീത്ത പറയുന്നതും കുറ്റം: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം
തിരുവനന്തപുരം : ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസിന് അംഗീകാരം നല്‍കി മന്ത്രിസഭാ യോഗം. പുതിയ ഭേദഗതിയോടെ ആരോഗ്യപ്രവർത്തകർക്കെതിരായ കയ്യേറ്റം മാത്രമല്ല, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും. അതോടൊപ്പം തന്നെ കുറഞ്ഞ ശിക്ഷ ആറ് മാസം തടവും ഉയർന്ന ശിക്ഷ ഏഴ് വർഷം വരെയുള്ള തടവുമായിരിക്കും. നാശനഷ്ടങ്ങൾക്ക് ആറിരട്ടി വരെ പിഴയീടാക്കുകയും ചെയ്തു. പരാതികളില്‍ വളറെ പെട്ടെന്ന് തന്നെ നടപടിയുണ്ടാവുകയും ചെയ്യും.
നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇനി നിയമത്തിന്റെ സംരക്ഷണമുണ്ടാകും. ഡോ. വന്ദനയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പക്കാന്‍ കർശന നടപടികള്‍ സ്വീകരിക്കണമെന്ന് ഡോക്ടർമാർ ഉള്‍പ്പടെ വ്യക്തമാക്കിയിരുന്നു. സൈബർ ആക്രമണങ്ങള്‍ കൂടി നിയമപരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ഡോക്ടർമാർ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം സർക്കാർ അംഗീകരിച്ചോ എന്നുള്ള ഓർഡിനന്‍സ് പുറത്ത് വന്നാല്‍ മാത്രമേ വ്യക്തമാവുകയുള്ളു.

സുരക്ഷാ ജീവനക്കാർ, ക്ലറിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരും നിയമത്തിന്റെ പരിധിയില്‍ വരും. അതേസമയം ഓർഡിനന്‍സില്‍ വളരെ അധികം പ്രതീക്ഷയുണ്ടെന്നാണ് ഐ എം എ പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹ് വ്യക്തമാക്കിയത്. എന്തൊക്കെ കാര്യങ്ങളാണ് ഓർഡിനന്‍സില്‍ ഉള്‍പ്പെടുത്തിയതെന്നാണ് അറിയാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരുന്നതിന് പുറമെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കുമെന്നും കൊട്ടാരക്കരയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിക്കുകയും ചെയ്തു.
2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമം കൂടുതൽ കർശനമായി നടപ്പാക്കുന്നതു മുൻനിർത്തിയാണ് നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിൽ ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ശിക്ഷകൾ തുടങ്ങിയവയിൽ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരും. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവർ ഇതു സംബന്ധിച്ച ചർച്ചകൾ നടത്തി ഭേദഗതി നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിനു മുൻപാകെ സമർപ്പിക്കുകയും ചെയ്തിരുന്നു.
കേരള ആരോഗ്യ സർവകലാശാല, ആരോഗ്യപ്രവർത്തകരുടെ സംഘടനകൾ തുടങ്ങിയവരുമായും ചർച്ചകൾ നടത്തി. ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെ സംഘടനകൾ സർക്കാരിനു നൽകിയിട്ടുള്ള നിവേദനങ്ങളും നിർദേശങ്ങളും പരിഗണിച്ചു. പ്രതികളേയും അക്രമ സ്വഭാവമുള്ള ആളുകളേയും ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തണം. ആശുപത്രികളിലും പരിസരത്തും തിരക്ക് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി അന്നത്തെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications