നന്തന്‍കോട് കൂട്ടക്കൊല: കേഡലിന് മാനസിക രോഗമില്ല..!! രക്ഷപ്പെടാനുള്ള അഭിനയം..!!
തിരുവനന്തപുരം: നന്തന്‍കോട് കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്സണ് രാജയ്ക്ക് മാനസിക രോഗമില്ലെന്ന് മനോരോഗ വിദഗ്ദര്‍. പോലീസ് ചോദ്യം ചെയ്യുന്നതിനിടയില്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെയാണ് ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന് പോലീസ് സംശയിച്ചത്. മനോരോഗ വിദഗ്ദന്റെ സഹായത്തോടെയായിരുന്നു പോലീസിന്റെ ചോദ്യം ചെയ്തത്. എന്നാല്‍ കേഡലിന് മാനസിക രോഗമില്ലെന്നാണ് പുതിയ വിവരം.

അച്ഛനേയും അമ്മയേയും സഹോദരിയേയും ബന്ധുവിനേയും അതിക്രൂരമായി കൊലപ്പെടുത്തിയ കേഡല്‍ ജിന്സണ് മനോരോഗം അഭിനയിക്കുന്നതാണെന്നാണ് മനോരോഗ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ശിക്ഷയില്‍ നിന്നും ഇളവ് നേടാനുള്ള ശ്രമമാണ് കേഡലിന്റേത്.

കേഡലിന് മനോരോഗമില്ലെന്ന് സാക്ഷ്യപത്രം നല്‍കുന്നതിനായി കേഡലിനെ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ചോദ്യം ചെയ്യലില്‍ പങ്കാളികളായ മനോരോഗ വിദഗ്ദരാണ് കേഡല്‍ അഭിനയിക്കുകയാണെന്ന് പറയുന്നത്.

നേരത്തെ കേഡലിന് കടുത്ത മാനസിക രോഗമായ സ്കിസോഫ്രീനിയ ആണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ മനോരോഗവും ആസ്ട്രല്‍ പ്രൊജക്ഷനും എല്ലാം ശിക്ഷ കുറയ്ക്കാനുള്ള അഭിനയമാണെന്നാണ് വ്യക്തമാകുന്നത്.

അമിതമായ അപകടകരമായ അറിവാണ് കേഡലിന് ഉള്ളത്. കേഡല്‍ നടത്തില്‍ തികഞ്ഞ ആസൂത്രണത്തോടുകൂടിയുള്ള കൊലപാതകമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നു. കൊല നടത്തുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും കേഡലിന് കൃത്യമായ പദ്ധതിയുണ്ടായിരുന്നു.

ക്രിമിനലിന്റെ മനസ്സാണ് കേഡലിനെന്ന് മനോരോഗ വിദഗ്ദര്‍ പറയുന്നു. നേരത്തെയും ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തികള്‍ കേഡല്‍ ചെയ്തിരുന്നു. ഓസ്ട്രേലിയയില്‍ എംബിബിഎസ് പഠിക്കുന്ന സമയത്ത് കൂടെയുള്ള അന്യരാജ്യക്കാരായ രണ്ട് പേരെ കേഡല്‍ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.

സര്‍ട്ടിഫിക്കറ്റ് തിരുത്തിയ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പ്രതികാരമായാണ് കേഡല്‍ ഇവരെ ആക്രമിച്ചത്. മാത്രമല്ല മാതാപിതാക്കളെയും കേഡല്‍ പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം.