ഓക്‌സ്‌ഫോര്‍ഡിനേക്കാള്‍ സംഭവമാണോ കാലിക്കറ്റ് സര്‍വ്വകലാശാല...?
കോഴിക്കോട്: ലോകത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളുടെ കണക്കെടുത്താല്‍ അതില്‍ മുന്നിലുണ്ടാകും ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും കേംബ്രിഡ്ജ് സര്‍വ്വകലാശാലയും ഒക്കെ. ആ പട്ടികയില്‍ നമ്മുടെ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്ഥാനം എവിടെയായിരിക്കും എന്ന് ചിന്തിച്ചാല്‍ എന്ത് തോന്നും...
പക്ഷേ ലോകത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റവും അധികം ഇന്‍റര്‍നെറ്റില്‍ തിരഞ്ഞ സര്‍വ്വകലാശാലകളില്‍ ഒന്നാണ് കാലിക്കറ്റ് സര്‍വ്വകലാശാല. തിരച്ചിലുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ലോകത്ത് നാലാം സ്ഥാനം... എങ്ങനെയുണ്ട്!!!

കാലിക്കറ്റ് സര്‍വ്വകലാശാല എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചതുര്‍ത്ഥിയാണ്. പ്രശ്‌നങ്ങളില്ലാത്ത ഒരു ദിവസം പോലും സര്‍വ്വകലാശാലയില്‍ ഇല്ല. വൈസ് ചാന്‍സലര്‍ക്കെതിരെ ഉയരാത്ത ആരോപണങ്ങളും ഇല്ല. പണ്ട് ഉത്തരക്കടലാസുകള്‍ കന്നുകാലികള്‍ തിന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്.
പക്ഷേ ഗൂഗിളിന് അങ്ങനെ തെറ്റ് പറ്റില്ലല്ലോ... അത്രയധികമായിരുന്നു ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിലെ അനേകം സര്‍വ്വകലാശാലകളില്‍ ഒന്നായ കാലിക്കറ്റ് സര്‍വ്വകലാശാലയെ തേടി ഗൂഗിളില്‍ എത്തിയ ആളുകള്‍.
ബിബിസി ന്യൂസ് ബിസിനസ് സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സര്‍വ്വകലാശാലകളില്‍ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം കാലിക്കറ്റിനാണ്.
ബിബിസി സര്‍വ്വേ പ്രകാരം അമേരിക്കന്‍ സര്‍വ്വകലാശാലയായ ഫീനിക്‌സ് വാഴ്‌സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. മസ്സാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടിലെ ഓപ്പണ്‍യൂണിവേഴ്‌സിറ്റിയാണ് കാലിക്കറ്റിന് തൊട്ട് മുകളില്‍ ഉള്ളത്.
ഓക്‌സ്‌ഫോര്‍ഡിന്റേയും കേംബ്രിഡ്ജിന്റേയും ഒക്കെ സ്ഥിതിയാണ് കഷ്ടം. ഓക്‌സ്‌ഫോര്‍ഡ് 13-ാം സ്ഥാനത്തും, കേംബ്രിഡ്ജ് 16-ാം സ്ഥാനത്തും ആണുള്ളത്.












Click it and Unblock the Notifications