കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനും പിടി ഉഷക്കും ഇന്ന് കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് സമ്മാനിക്കും

  • By Desk
Google Oneindia Malayalam News

മലപ്പുറം: നാലു പതിറ്റാണ്ടുകാലത്തെ സജീവ സാന്നിധ്യം കൊണ്ട് മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന ചലച്ചിത്രതാരം മോഹന്‍ലാലിനും കായിക രംഗത്ത് രാഷ്ട്രത്തിന്റെ അഭിമാനമായിമാറിയ പിടി ഉഷക്കും കാലിക്കറ്റ് സര്‍വകലാശാല ഇന്ന് ഡി ലിറ്റ് സമ്മാനിക്കുന്നു.

'ആദി'യെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; പാവം മേജര്‍ രവി എന്ത് പിഴച്ചു... ഹിമാലയത്തിലും വിടില്ലെന്ന്'ആദി'യെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; പാവം മേജര്‍ രവി എന്ത് പിഴച്ചു... ഹിമാലയത്തിലും വിടില്ലെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ആറാം ക്ലാസില്‍ വെച്ച് സ്‌കൂളിലെ മികച്ച അഭിനേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ, വരാനിരിക്കുന്ന പതിറ്റാണ്ടുകളില്‍ മലയാളികളില്‍ മാസ്മരിക സ്വാധീനം ചെലുത്തിയ മോഹന്‍ലാല്‍ എന്ന താരത്തിന്റെ പ്രതിഭ വെളിപ്പെടുകയായിരുന്നു. ആദ്യ ചിത്രം തിരനോട്ടം തിരശ്ശീലയിലെത്തിയില്ല. തുടര്‍ന്ന് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ തിയേറ്ററുകളില്‍ പ്രത്യക്ഷപ്പെട്ടത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും അതിശയ ചാരുതയാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് മോഹന്‍ലാല്‍ ഭാവം പകര്‍ന്നു. സത്യന്‍ അന്തിക്കാടിന്റെ ടിപി ബാലഗോപാലന്‍ എംഎ എന്ന ചിത്രം ഇദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തു. മലയാള ചിത്രം ഭരതത്തിലൂടെയും ഇന്ത്യാ-ഫ്രഞ്ച് സംരംഭമായ വാനപ്രസ്ഥത്തിലൂടെയും രണ്ട് തവണ ദേശീയ പുരസ്‌കാരവും മോഹന്‍ലാലിനെ തേടിയെത്തി.

convocation

1997-ല്‍ ലാല്‍ അഭിനയിച്ച 'ഗുരു' ഓസ്‌കാറിനുള്ള രാഷ്ട്രത്തിന്റെ ഔദ്യോഗിക എന്‍ട്രിയായിരുന്നു. മൊത്തം അഞ്ച് ദേശീയ അവാര്‍ഡുകളും ആറ് തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകളും മോഹന്‍ലാല്‍ നേടി. തെലുങ്കിലെ ജനതാ ഗ്യാരേജ്, മലയാളത്തിലെ പുലിമുരുകന്‍ എന്നീ ബ്രാഹ്മാണ്ഡ ചിത്രത്തിലൂടെ ആ ജനപ്രിയ നടന്‍ നൂറ് കോടി ക്ലബില്‍ ഇടംപിടിക്കുകയും ചെയ്തു. അസംഖ്യം പുരസ്‌കാരങ്ങള്‍ വേറെയും.മാനുഷിക മൂല്യങ്ങള്‍ ഊന്നിയുള്ള മോഹന്‍ലാലിന്റെ ശൈലി കാലിക്കറ്റ് സര്‍വകലാശാല സവിശേഷ മതിപ്പോടെ വീക്ഷിക്കുന്നു. അവയവദാന സന്നദ്ധത പ്രകടിപ്പിച്ചതിലൂടെ യുവജനങ്ങള്‍ക്ക് അദ്ദേഹം നല്ലൊരു മാതൃകയാകുന്നു. അമ്മമാരുടെ സംരക്ഷണത്തിനായി തുടങ്ങിയ ഒരു പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസഡറാവാന്‍ കാണിച്ച സന്നദ്ധതയും ശ്രദ്ധേയമാണ്. അവശര്‍ക്കും വൃദ്ധര്‍ക്കുമായി ഇദ്ദേഹത്തിന്റെ ഫാന്‍സ് ക്ലബുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതികളും എടുത്തുപറയേണ്ടതാണെന്നും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ കെമുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഹൃദയത്തിന്റെ കൈയ്യൊപ്പ്, സമ്മോഹനം എന്നീ രണ്ട് ഗ്രന്ഥങ്ങളിലൂടെ മോഹന്‍ലാലിന്റെ പ്രതിഭയുടെ തിളക്കമാര്‍ന്ന മറ്റൊരു വശംകൂടി അനാവൃതമാവുന്നു. ലോക മലയാളിയുടെ ഈ പ്രിയതാരത്തെ ഡി.ലിറ്റ് നല്‍കി ആദരിക്കുന്നതില്‍ കാലിക്കറ്റ് സര്‍വകലാശാല അഭിമാനം കൊള്ളുന്നതായും വൈസ് ചാന്‍സലര്‍ പറഞ്ഞു.

ഇന്ത്യന്‍ കായികരംഗത്ത് ഇതിഹാസസമാനമായ നേട്ടങ്ങള്‍ കൈവരിച്ച പി.ടി.ഉഷയെ സര്‍വകലാശാല ഡി.ലിറ്റ് നല്‍കി ഇതേ വേദിയില്‍ ആദരിക്കുന്നു. 'ഇന്ത്യയുടെ ഒരേ ഒരു ഉഷ പയ്യോളി എക്‌സ്പ്രസ്-കാലിക്കറ്റ് സര്‍വകലാശാലയുടെ താരംകൂടിയാണ് എന്നത് സര്‍വകലാശാലക്ക് എക്കാലവും അഭിമാനവും പുതിയ തലമുറയിലെ പ്രതിഭകള്‍ക്ക് മാതൃകയും പ്രചോദനവുമാണ്. 22 വര്‍ഷം നീണ്ട കായിക സപര്യക്കിടയില്‍ ആയിരത്തിലേറെ മെഡലുകള്‍ വിവിധ മത്സരങ്ങളില്‍ നിന്നായി ഉഷ നേടിയത് മലയാളികള്‍ മാത്രമല്ല ദേശസ്‌നേഹികളായ വിവിധ ദേശക്കാര്‍ ഒക്കെയും അത്യാവേശത്തോടെയും ആഹ്ലാദത്തോടെയും നോക്കികാണുന്നു. അന്തര്‍ സംസ്ഥാന മത്സരങ്ങള്‍, ദേശീയ ഓപ്പണ്‍ മീറ്റുകള്‍, ദേശീയ ഗെയിംസ്, ഫെഡറേഷന്‍ കപ്പ്, ദക്ഷിണ മേഖലാ മത്സരങ്ങള്‍, ജില്ല-സര്‍വകലാശാല-അന്തര്‍സര്‍വകലാശാലാ മത്സരങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

1978-ല്‍ കൊല്ലത്ത് നടന്ന ജൂനിയര്‍ ഗേള്‍സ് അന്തര്‍ സംസ്ഥാന മത്സരത്തില്‍ നേടിയ അഞ്ച് മെഡലുകളോടെ കുതിപ്പ് തുടങ്ങിയ ഉഷ 1979-ലെ ദേശീയ മീറ്റിലും 80-ലെ അന്തര്‍ സംസ്ഥാന മീറ്റിലും മെഡലുകള്‍ വാരിക്കൂട്ടി. റെക്കാര്‍ഡുകള്‍ ഭേദിക്കപ്പെട്ടു. 1984-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫൈനല്‍ പ്രവേശനം നേടിയ പിടി ഉഷക്ക്, സെക്കന്‍റിന്‍റെ നൂറില്‍ ഒരംശത്തിലാണ് മെഡല്‍ നഷ്ടമായത്. 1985-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ്ണം ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍ നേടി പയ്യോളി എക്‌സ്പ്രസ് തിളങ്ങി.
അന്തര്‍ സര്‍വകലാശാലാ മത്സരത്തില്‍ കാലിക്കറ്റിന് വേണ്ടി പിടി ഉഷ കൈവരിച്ച നേട്ടങ്ങള്‍ സര്‍വകലാശാല അഭിമാനത്തോടെയും നന്ദിയോടെയും ഈ ഡി.ലിറ്റ് സമര്‍പ്പണ ഘട്ടത്തില്‍ അനുസ്മരിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ 103 മെഡലുകള്‍ പിടി ഉഷ കൊയ്തു. ഇതില്‍ 87-ഉം സ്വര്‍ണ്ണം. ഒരുഘട്ടത്തില്‍ ഈ സുവര്‍ണ്ണവനിത ആറ് ദേശീയ റെക്കാഡുകള്‍ക്കും രണ്ട് ഏഷ്യന്‍ റെക്കാര്‍ഡുകള്‍ക്കും ഒരു കോമണ്‍വെല്‍ത്ത് റെക്കാര്‍ഡിനും ഉടമയായിരുന്നു.

1984-ല്‍ അര്‍ജുന അവാര്‍ഡും, 1985-ല്‍ പത്മശ്രീയും ലഭിച്ച ഉഷയെ രണ്ടായിരമാണ്ടില്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ നൂറ്റാണ്ടിലെ കായിക വനിതയായി തെരഞ്ഞെടുത്തിരുന്നു.കലാകായിക മേഖലകള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല നല്‍കുന്ന പ്രാധാന്യത്തിന്റെ നിദര്‍ശനംകൂടിയാണ് ജനുവരി 29-ലെ ഡി.ലിറ്റ് പുരസ്‌കാര ചടങ്ങ്. വിദ്യാര്‍ത്ഥികള്‍ കേവലമായ അക്കാദമിക പാണ്ഡിത്യം മാത്രം കരസ്ഥമാക്കിയാല്‍ പോര കലാ-കായിക-സാംസ്‌കാരിക മേഖലകളിലെ സജീവമായ പങ്കാളിത്തംകൊണ്ട് വ്യക്തിത്വവികസനംകൂടി ആര്‍ജ്ജിക്കണമെന്ന സര്‍വകലാശാലയുടെ മഹത്തായ ദര്‍ശനവും ഇതില്‍ പ്രതിഫലിക്കുന്നതായി കാലിക്കറ്റ് വി.സി പറഞ്ഞു.

English summary
calicut university deliver d lit for PT Usha and Mohanlal. As considering their achievement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X