കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ തുടക്കമായി. ആദ്യദിവസം 240 ഓളം വിദ്യാര്‍ഥികളാണ് സ്‌റ്റേജിതര മത്സരങ്ങളില്‍ പങ്കെടുത്തത്. കഥാരചന, കവിതാരചന, ഉപന്യാസം, പെന്‍സില്‍ ഡ്രോയിങ്, കാര്‍ട്ടൂണ്‍, പോസ്റ്റര്‍ രചന, കൊളാഷ് എന്നിവയിലായിരുന്നു ഇന്നലെ മത്സരങ്ങള്‍. സ്‌റ്റേജിന മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. പ്രസംഗം, പെയിന്റിങ്, രംഗോളി, ഫോട്ടോഗ്രഫി, എംബ്രോയിഡറി, ക്ലേ മോഡലിങ് എന്നീ ഇനങ്ങളിലാണ് ഇന്നത്തെ മത്സരങ്ങള്‍. 21നാണ് സമാപനം.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്നും ലക്ഷദ്വീപില്‍നിന്നുമായി 436 കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് മത്സരത്തിനെത്തുന്നത്. 96 ഇനങ്ങളിലായി 5500 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. ആറ് വേദികളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മേളപ്പെരുക്കം എന്ന് പേരിട്ടിട്ടുള്ള കലോത്സവത്തിന് ചെണ്ട, മദ്ദളം, തുടി, കൊമ്പ് എന്നിങ്ങനെ വിവിധ പേരുകള്‍ വ്യത്യസ്ത വേദികള്‍ക്ക് നല്‍കിയിരിക്കുന്നു. ആറുവര്‍ഷത്തിനു ശേഷമാണ് ഇന്റര്‍സോണ്‍ കലോത്സവത്തിന് ജില്ലയില്‍ വേദിയൊരുങ്ങുന്നത്.

festival

കടല്‍കടന്ന് കലാപൂരത്തിന് അവരെത്തി

തൃശൂര്‍: മത്സരത്തിന്റെ എരിപൊരി ചൂടില്‍ ആവേശത്തിന്റെ കലാ മാമാങ്കത്തിന് കുതിപ്പു പകര്‍ന്ന് വിജയിക്കുകയൊന്നുമല്ല ഇവരുടെ ലക്ഷ്യം. നിശബ്ദ കലകളില്‍ മാത്രം പങ്കെടുക്കുക, പലരെയും പരിചയപ്പെടുക, പല സംസ്‌ക്കാരത്തെയും അടുത്തറിയുക-ഇതിലൊക്കെ തൃപ്തരാണ് ഈ ഗ്രാമീണ വിദ്യാര്‍ത്ഥികള്‍. അനുവദിച്ച അഞ്ച് ദിനങ്ങളിലെ കുശലം പറച്ചിലില്‍ കരയില്‍ കണ്ട കാഴ്ചകളും മധ്യ കേരളത്തിന്റെ സംസ്‌ക്കാരവുമൊക്കെ വിഷയങ്ങളായി കടന്നു വന്നേക്കുമെന്ന് ഇവര്‍ പറയുന്നു.

ലക്ഷദ്വീപില്‍നിന്നും ഇന്നലെയാണ് ഇവരെത്തിയത്. ഇനി ഇനി മൂന്നുനാള്‍ കൂടി ഗുരുവായൂരിലുണ്ട്. കരയില്‍ അഞ്ചുദിവസം കഴിച്ചു കൂട്ടുന്നതിന്റെ ആഹ്‌ളാദത്തിലാണ് സംഘത്തിലെ എട്ടു പേര്‍. ഇവര്‍ ആന്ത്രോത്ത് ദ്വീപുകാരാണ്. 30 പേരടങ്ങുന്ന ഇന്റര്‍സോണ്‍ മത്സര സംഘത്തില്‍ ആദ്യമായെത്തിയവര്‍ക്കാണ് ഏറെ കൗതുകം. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കടല്‍ കടന്നെത്തിയ അതിഥികളെ സംഘാടകരും മറ്റു വിദ്യാര്‍ത്ഥികളും പ്രത്യേകം വരവേല്‍ക്കുന്നുണ്ട്. നാളികേരവും മീനും മാത്രമുള്ള ലക്ഷദ്വീപില്‍ നിന്നും വ്യത്യസ്തമായി ചക്കയും മാങ്ങയും പിന്നെ മറ്റ് അപൂര്‍വ്വ കായ്കനികളുമൊക്കെ ഇവര്‍ ഇന്നലെ ത്തന്നെ കണ്ടു. കൊണ്ടുപോകാനുള്ളവ ശേഖരിക്കലും കഴിഞ്ഞു. പല മരച്ചുവട്ടിലുംനിന്ന് പടവുമെടുത്തു. വരുമ്പോള്‍ കാണണം എന്നു കരുതിയ പലതും ശ്രീകഷ്ണ കോളജിലെ വളപ്പില്‍ തന്നെയുണ്ടെന്നത് ഇവര്‍ക്കും രസകരമായി തോന്നി.

ആന്ത്രോത്ത്, കവരത്തി,കടമത്ത് എന്നീ ദ്വീപുകളില്‍ നിന്നുള്ള 24 പേരാണ് കലോത്സവ നഗരിയില്‍ ഇന്നലെ യുള്ളത്. കടമത്ത് ദ്വീപില്‍ നിന്നുള്ള ആറു പേര്‍ ഇന്നെത്തും. മുഴുവന്‍ പേരും സ്റ്റേജിതര മത്സരങ്ങളിലാണ് പങ്കെടുക്കുന്നത്. കപ്പല്‍ മാര്‍ഗം കൊച്ചിവഴിയാണ് സംഘത്തിന്റെ ആഗമനം. നാളെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമിടും മുമ്പെ മത്സരത്തിന് ആഘോഷപ്പൊലിമ കൈവരുത്തുന്നത് ഇവരുടെ കലാവിരുന്നുകളെക്കൊണ്ടാകും.സംഘാടകരുടെ പ്രത്യേക ക്ഷണമനുസരിച്ച് ലക്ഷദ്വീപിലെ പാരമ്പര്യ കലകളായ ഡോലിപ്പാട്ടും ബാണ്ഡിയയും ഇവരവതരിപ്പിക്കും. ആണ്‍കുട്ടികള്‍ ഡോലിപ്പാട്ട് അവതരിപ്പിക്കുമ്പോള്‍ ബാണ്ഡിയ എന്ന നൃത്തത്തിന് പെണ്‍കുട്ടികള്‍ ചുവട് വെക്കും.ലക്ഷദ്വീപു കാരുടെ ആചാരാനുഷ്ഠാനങ്ങള്‍ മുഴുവന്‍ ഈ കലയില്‍ ദര്‍ശിക്കാം.ബാണ്ഡിയ മഹല്‍ ഭാഷയിലും ഡോലിപ്പാട്ട് മലയാളത്തിലുമാണ് അവതരണം. കേരളത്തില്‍ ഈ കലാരൂപം പ്രചാരത്തിലില്ലാത്തിനാല്‍ കലോത്സവമത്സരത്തില്‍ ഈ ഇനം ഉള്‍പ്പെടുത്തിയിട്ടില്ല.

ഇവര്‍ക്ക് താമസിക്കാന്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യകം താമസ സൗകര്യം സംഘാടകര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇ സോണിലാണ് ലക്ഷദീപ് ഉള്‍പ്പെടുന്നത്. കോളേജിലെത്തിയ ഇവര്‍ക്ക് സംഘാടകര്‍ സ്വീകരണം നല്‍കി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഡി.ജയപ്രസാദ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ പി.സുജ, സെക്രട്ടറി കെ.ഷിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.

English summary
calicut university Interzone youth Festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X