കാലിക്കറ്റില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം: 'പ്രിയരേ ഈ വിജയം നമുക്ക് വിധിച്ചില്ല'- എന്ന് പികെ നവാസ്

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം. ചെയർപേഴ്‌സൺ ആയി സർവകലാശാല ക്യാമ്പസ് വിദ്യാർത്ഥി ടി സ്‌നേഹയും ജനറൽ സെക്രട്ടറിയായി ശ്രീ വ്യാസാ എൻഎസ്എസ് കോളേജ് വടക്കാഞ്ചേരിയിലെ ടി എ മുഹമ്മദ് അഷ്റഫും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാനായി എസ് ആർ അശ്വിൻ (മേഴ്‌സി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, കോഴിക്കോട്), വൈസ് ചെയർമാൻ (ലേഡി) ശ്രുതി വി എം (പഴശ്ശിരാജ കോളേജ്, പുൽപ്പള്ളി) എന്നിവരും വിജയിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവുകൾ എസ് എഫ് ഐ പിടിച്ചപ്പോള്‍ മലപ്പുറം മാത്രമാണ് യു ഡി എസ് എഫ് സഖ്യത്തിന് നിലനിർത്താന്‍ സാധിച്ചത്.
അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ എസ് എഫ് ഐക്കെതിരെ ആരോപണവുമായി എം എസ് എഫ് നേതാവ് പികെ നവാസ് രംഗത്ത് വന്നു. ജനാധിപത്യ വിരുദ്ധമായ അധികാര ധിക്കാരങ്ങളെ നേരിട്ട്, നീതിക്കായി കോടതി വരാന്തകളിൽ കയറി, എസ് എഫ് ഐ ആക്രമണങ്ങളെ നേരിടേണ്ടി വന്ന്, ഭീഷണികളെ അതിജീവിച്ച് നമ്മൾ നടത്തിയ പോരാട്ടം അർത്ഥമില്ലാതാകുന്നില്ലെന്ന് ഫേസ്ബുക്കില്‍ കുറിച്ച പികെ നവാസ് 'പ്രിയരേ ഈ വിജയം നമുക്ക് വിധിച്ചില്ല...' എന്നും കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനായി എത്രയോ നാളുകളായി പ്രവർത്തിച്ചിരുന്ന എന്റെ സഹപ്രവർത്തകരുടെ പോരാട്ട വീര്യത്തെ അഭിവാദ്യം ചെയ്യുന്നു.
പ്രിയരേ ഈ വിജയം നമുക്ക് വിധിച്ചില്ല...
ജനാധിപത്യ വിരുദ്ധമായ അധികാര ധിക്കാരങ്ങളെ നേരിട്ട്, നീതിക്കായി കോടതി വരാന്തകളിൽ കയറി, എസ് എഫ് ഐ ആക്രമണങ്ങളെ നേരിടേണ്ടി വന്ന്, ഭീഷണികളെ അതിജീവിച്ച് നമ്മൾ നടത്തിയ പോരാട്ടം അർത്ഥമില്ലാതാകുന്നില്ല. ധീരനായ ഹബീബിന്റെ സഹോദരങ്ങൾക്ക് ഈ രാഷ്ട്രീയ പരാജയത്തെ എങ്ങനെ ഉൾകൊള്ളണമെന്ന് വിവരിക്കേണ്ടതില്ല.
മുന്നിൽ നിന്നും പിന്നിൽ നിന്നും നേരിടേണ്ടി വന്ന വാരിക്കുഴികൾ സൃഷ്ടാവിന്റെ കരങ്ങളിലാണ് ഏൽപ്പിക്കുന്നത്. ഈ തെരെഞ്ഞെടുപ്പ് പരാജയത്തെ എം എസ് എഫ് അംഗീകരിക്കുന്നു. യു യു സിമാർക്ക് നേരെ ഭീഷണി മുഴക്കിയും അവരുടെ ഐ ഡി കാർഡ് തട്ടിയെടുത്തും അധികാരികളെ വെച്ച് വോട്ടവകാശം നിഷേധിച്ചും എസ് എഫ് ഐ നേടിയ ഈ വിജയം ഒരു രാഷ്ട്രീയ വിജയമോ, ജനാധിപത്യ വിജയമോ ആയി എസ് എഫ് ഐ പോലും പരിഗണിക്കുമെന്ന് കരുതുന്നില്ല.
മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആയി തിരഞ്ഞെടുത്ത ഹരിത ജില്ലാ ജനറൽ സെക്രട്ടറി സിഫ്‌വാക്ക് അഭിവാദ്യങ്ങൾ. ഈ കാലം മനോഹരമായതെന്തോ നമുക്ക് വേണ്ടി മാറ്റി വെച്ചിട്ടുണ്ട്. ചെറുതെങ്കിലും നിന്റെ ഉണ്മയിൽ അഭിമാനിക്കുക എന്ന ഇഖ്ബാലിന്റെ വരികൾ ഓർമ്മിപ്പിച്ചു പറയട്ടെ. ഈ പോരാട്ടം തന്നെ ഒരു വിജയമാണ്. അധികാര തണലില്ലാതെ നമ്മൾ നടത്തിയ ഈ പോരാട്ടം കാലത്തിന്റെ ചുമരുകളിൽ മായില്ല.












Click it and Unblock the Notifications