മമ്മൂട്ടിക്ക് മാത്രം കൊടുത്താൽ എങ്ങനെ ശരിയാകും! മോഹൻലാലിനും കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടറേറ്റ്...
ചലച്ചിത്ര താരം മോഹൻലാലിന് പുറമേ, കായിക താരം പിടി ഉഷ, ഷാർജ ഭരണാധികാരി ഷെയ്ക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എന്നിവർക്കും കാലിക്കറ്റ് സർവകലാശാല ഡോക്ടറേറ്റ് നൽകുന്നുണ്ട്.
കോഴിക്കോട്: മെഗാ സ്റ്റാർ മമ്മൂട്ടിക്ക് പുറമേ സൂപ്പർ സ്റ്റാർ മോഹൻലാലിനും ഡോക്ടറേറ്റ് നൽകാൻ കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനം. മോഹൻലാലിന്റെ അഭിനയവും, സിനിമാരംഗത്തെ നേട്ടങ്ങളും സംഭാവനകളും പരിഗണിച്ചാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകുന്നതെന്നാണ് കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ അറിയിച്ചത്.
ചലച്ചിത്ര താരം മോഹൻലാലിന് പുറമേ, കായിക താരം പിടി ഉഷ, ഷാർജ ഭരണാധികാരി ഷെയ്ക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എന്നിവർക്കും കാലിക്കറ്റ് സർവകലാശാല ഡോക്ടറേറ്റ് നൽകുന്നുണ്ട്. സെപ്റ്റംബർ 26ന് കാലിക്കറ്റ് സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് മൂവർക്കും ഡോക്ടറേറ്റ് ബിരുദം നൽകും.

നേരത്തെ, സിനിമാരംഗത്തും, സംസ്കൃത നാടക രംഗത്തും നൽകിയ സംഭാവനകൾ പരിഗണിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയും മോഹൻലാലിന് ഡോക്ടറേറ്റ് സമ്മാനിച്ചിരുന്നു. ഇതിനെല്ലാം പുറമേ, ഇന്ത്യൻ ടെറിട്ടോറിയൽ ആർമി അദ്ദേഹത്തെ ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്.
2010ലാണ് കാലിക്കറ്റ് സർവകലാശാല ചലച്ചിത്ര നടനായ മമ്മൂട്ടിക്ക് ഡോക്ടറേറ്റ് നൽകിയത്. അതേവർഷം തന്നെ കേരള സർവകലാശാലയും അദ്ദേഹത്തെ ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു. മമ്മൂട്ടിക്ക് ശേഷം കാലിക്കറ്റ് സർവലാശാലയുടെ ഡോക്ടറേറ്റ് ലഭിക്കുന്ന ചലച്ചിത്രതാരമാണ് മോഹൻലാൽ.












Click it and Unblock the Notifications