ക്യാമറയുള്ള കണ്ണട, താമരക്ക് വോട്ട് പിടിക്കുന്ന പോളിങ് ഓഫിസർ- ബൂത്തുകളിൽ കല്യാണ വിശേഷം മുതൽ മരണം വരെ
യുഡിഎഫ് ഇലക്ഷൻ എജന്റ് കാമറയുള്ള കണ്ണട വെച്ച് പോളിങ് ബൂത്തിലെത്തി, പോളിങ് ഓഫിസർ താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു തുടങ്ങി പരാതികൾ നിരവധിയാണ് വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയർന്നത്. കള്ളവോട്ട് പരാതിയും കല്യാണ വിശേഷവും കയ്യാങ്കളിയും മുതൽ മരണം വരെയുള്ള കാര്യങ്ങൾക്ക് പോളിങ് ബൂത്തുകൾ സാക്ഷിയാകുകയും ചെയ്തു.
വയനാട് മാനന്തവാടി ചെറുകാട്ടൂരിലാണ് താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു എന്ന പരാതിയെ തുടർന്ന് പോളിങ് ഓഫീസറെ മാറ്റിയത്. ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199 നമ്പർ ബൂത്തിലായിരുന്നു സംഭവം. വോട്ട് ചെയ്യാനായി ക്യൂവിൽ നിന്നവരോടും ബൂത്തിലെത്തിയ പ്രായമായവരോടും ബിജെപിക്ക് വോട്ട് ചെയ്യാൻ പറഞ്ഞെന്ന് കോൺഗ്രസ് പ്രവർത്തകരാണ് പരാതി നൽകിയത്.

കാസർകോട് ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ബി.എം. ജമാലാണ് കാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിലെത്തിയത്. ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ 165-ാം നമ്പർ ബൂത്തിലാണ് സംഭവം. ജമാൽ ധരിച്ച കണ്ണടയിൽ കാമറയുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണിതെന്നും ഇതിൽ കാമറയുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമാണ് ബി.എം. ജമാലിന്റെ വിശദീകരണം. ഇതേത്തുടർന്ന് പ്രിസൈഡിങ് ഓഫിസറും പൊലീസും ഇടപെട്ട് കണ്ണട പിടിച്ചെടുക്കുകയായിരുന്നു.
പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ മല്ലപ്പുഴശേരി ബൂത്തിലുള്ള വോട്ടിങ് മെഷീനിൽ എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ എന്ന പരാതിയുമായി കോൺഗ്രസ് രംഗത്തെത്തി. മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്ന പരാതി പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഉറപ്പ് നൽകി. തൃശൂരിലെ വാണിയംപാറയിൽ വോട്ട് ചെയ്‌ത് പുറത്തിറങ്ങിയ വോട്ടർ കുഴഞ്ഞുവീണ് മരിച്ചത് ദുഃഖകരമായ കാഴ്ചയായി. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ - 63) ആണ് മരിച്ചത്.
വാണിയംപാറ ഇകെഎംയുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പോളിങ് ഓഫിസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീണു. ഉടൻ ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കൊല്ലം പത്തനാപുരം തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനനൻ ആചാരി(61) കുരാ ഗവ എൽപിഎസിലെ 72 നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ റോഡിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജിഎൽപി സ്കൂളിലെ ബൂത്ത് നമ്പർ 162ലെ ഡ്യൂട്ടിയിൽ ആയിരുന്ന സന്തോഷ് സ്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹ ചടങ്ങിന് മുമ്പ് വോട്ട് ചെയ്യാൻ വധു എത്തിയത് വയനാട്ടിലാണ്. മേപ്പാടി സ്വദേശി അഖില ആൻ്റണി മൈക്കിൾ ആണ് രാവിലെ ഒമ്പതിന് വിവാഹ വസ്ത്രത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയത്. വിവാഹം മാനന്തവാടി കൊയിലേരി സിഎസ്ഐ പള്ളിയിൽ രാവിലെ 10:30-നാണ് നിശ്ചയിച്ചിരുന്നത്. തിരക്കേറിയ സമയമായിരുന്നെങ്കിലും വോട്ട് രേഖപ്പെടുത്തിയ ശേഷമേ വിവാഹത്തിന് പോകൂ എന്ന ഉറച്ച തീരുമാനമാണ് അഖിലയെ പോളിങ് ബൂത്തിലേക്ക് എത്തിച്ചത്.
സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 104 വയസുകാരി ത്രേസ്യാമ്മ പാറശേരി ഇടുക്കിയിലെ ന്യൂമാൻ എൽപി സ്കൂൾ ബൂത്തിലെത്തി വോട്ട് ചെയ്തതും വോട്ടവകാശത്തിൻ്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന മാതൃകാപരമായ കാഴ്‌ചയായി മാറി. കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ തർക്കം പരിഹരിക്കാൻ എത്തിയ പൊലീസ് വാഹനത്തിൽ പാമ്പിനെ കണ്ടെത്തിയത് മറ്റൊരു കൗതുകമായി.
കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ എൽഡിഎഫ് -യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിൽ ആറ് പേർക്ക് പരിക്കേറ്റു. ബൂത്തിന് പുറത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് സംഘർഷത്തിൽ കലാശിച്ചത്. മലപ്പുറം ജില്ലയിലെ വണ്ടൂരിൽ കോൺഗ്രസ് എംപിയുടെ വാഹനവ്യൂഹം തടയുകയും ഗൺമാന് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്‌തു.
കൊല്ലം പുനലൂരിൽ പോളിങ് ബൂത്തിന് സമീപം വോട്ട് പിടിക്കാൻ നിന്നെന്നാരോപിച്ച് എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. വിളക്കുവെട്ടം എൽ.പി സ്കൂൾ ബൂത്തിന് മുന്നിലായിരുന്നു സംഭവം. മർദനമേറ്റതായി ആരോപിച്ച് യുഡിഎഫിന്റെ വനിതാ കൗൺസിലർ ഷെമി അസീസ് ആശുപത്രിയിൽ ചികിത്സ തേടി.
ഷൊർണൂർ പരുത്തിപ്ര ബിഎംഎസ്എൽപി സ്കൂളിലെ 169 നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി പരാതി. 392 -ാം ക്രമ നമ്പറുള്ള ബി. നിഖിലിൻ്റെ കന്നി വോട്ടാണ് മറ്റാരോ രേഖപ്പെടുത്തിയത്. പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തിലെ നാല് പ്രധാന ബൂത്തുകളിൽ കള്ളവോട്ട് പരാതി ഉയർന്നു. മീറ്റ്ന സീനിയർ ബേസിക് സ്‌കൂളിൽ 168, 169 എന്നീ ബൂത്തുകളിലും പടിഞ്ഞാർക്കര എൽപി സ്‌കൂളിലെ 163-ാം നമ്പർ ബൂത്തിലും അമ്പലപ്പാറ എഎൽപി സ്കൂളിൽ 98-ാം നമ്പർ ബൂത്തിലുമാണ് പരാതി ഉയർന്നത്.
വയനാട് കൽപ്പറ്റ നഗരസഭയിൽ വോട്ടർ പട്ടികയിലെ പിഴവിനെതിരെ പരാതിയുയർന്നു. കൽപ്പറ്റ നഗരസഭ പരിധിയിലെ മെസ് ഹൗസ് റോഡിൽ താമസിക്കുന്ന മാരാത്ത് ചന്ദ്രമോഹൻ, ഭാര്യ സരസ്വതി, മകൻ അശ്വന്ത് എന്നിവരെ വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കിയെന്നാണ് പരാതി. എസ്ഐആർ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഇവർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം പതിവായി 100-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്‌തവരാണ്.
വടക്കാഞ്ചേരിയിൽ ഗേൾസ് സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ വടക്കാഞ്ചേരി സ്വദേശി സജീവിന്റെ വോട്ട് പോസ്റ്റൽ വോട്ട് ചെയ്തതായി കണ്ടെത്തി. ഇതിനുപിന്നാലെ വോട്ട് ചെയ്യാനാകാതെ മടങ്ങിയ സജീവ് പരാതി നൽകുമെന്ന് പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപന് നേരെ കണ്ടശാങ്കടവ് കോൺവെൻ്റെ സ്കൂളിലെ പോളിങ് ബൂത്ൽ കൈയ്യേറ്റ ശ്രമം ഉണ്ടായി. ബിജെപിയുടെ ബൂത്ത് ഏജൻ്റ് കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. പാലക്കാട് നഗരപരിധിയിലെ ഒരു ബൂത്തിൽ വോട്ടിന് പണം നൽകിയെന്ന ആരോപണത്തെത്തുടർന്ന് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
കോഴിക്കോട് ഫറോക്കിലെ ചന്തയിൽ സ്കൂളിൽ പോളിങ് സ്റ്റേഷനിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ തോതിലുള്ള സംഘർഷം നടന്നു. പോളിങ് സ്റ്റേഷനിൽ ഏറെ തിരക്കുള്ള സമയത്ത് വോട്ട് ഇല്ലാത്ത എൽഡിഎഫ് പ്രവർത്തകൻ ബൂത്തിനകത്ത് കയറാൻ ശ്രമിച്ചത് യുഡിഎഫ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയത്. തർക്കം മുറുകിയത്തോടെ ഇരു വിഭാഗങ്ങളും ആദ്യം വാക്കേറ്റത്തിലും പിന്നെ കയ്യാങ്കളിയിലേക്കും തിരിഞ്ഞു.
അതേസമയം, ഇടുക്കി ജില്ലയിലെ ട്രൈബൽ സ്കൂളിലെ ബൂത്തിൽ വോട്ടിങ് യന്ത്രം പണിമുടക്കിയത് വോട്ടർമാരെ വലച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില മണ്ഡലങ്ങളിൽ വിവിപാറ്റ് (VVPAT) യന്ത്രങ്ങൾ കൃത്യമായി പ്രവർത്തിക്കാത്തതിനെ തുടർന്ന് വോട്ടർമാർ പ്രതിഷേധിച്ചു.
-
ഇന്ന് പോളിങ് ശതമാനം എത്രയാകും? ഏറ്റവും ഉയർന്നത് 1960ൽ; കൂടുതൽ പേർ വോട്ട് ചെയ്തത് 2021ൽ -
'ബൈ ബൈ പിണറായി... പിണറായി ഭരണത്തിന്റെ 'ആ 10' കാലം കഴിയുകയാണ്', പത്ത് കാരണങ്ങളുമായി കെസി -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
ട്വന്റി-20 ബന്ധം, മൈക്രോ-മൈനോരിറ്റി പദവി വാഗ്ദാനം- ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയുടെ അക്കൗണ്ടിൽ വീഴുമോ? -
കൊട്ടിക്കയറിയ ആവേശം, നാടും നഗരവും ഇളക്കിയ ആഘോഷം; പരസ്യ പ്രചാരണം അവസാനിച്ചു, ഇനി നിശബ്ദം -
ചർച്ചയായ നാക്കുപിഴകൾ- ചെറ്റത്തരം, പാകിസ്താനിലെ പടക്കം പൊട്ടിക്കൽ, ബിസിനസ് ജിഹാദ്... -
വോട്ടുറപ്പിക്കാൻ ‘കിറ്റ്, കാഷ്’- ബിജെപിയുടെ ‘ശോഭ കെടുത്തി’ വോട്ടിന് നോട്ടും വർഗീയ പരാമർശങ്ങളും -
ഡീൽ മുതൽ ‘ഖൗമിലെ കുട്ടി’ വരെ- തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിച്ച വാക്കുകൾ -
അമിത് ഷായുടെ വസതിയിലെ കൂടിക്കാഴ്ച ഏത് ഡീൽ ഉറപ്പിക്കാൻ? പിണറായിയോട് 10 ചോദ്യങ്ങളുമായി കെസി -
പിടി തരാതെ തെക്കൻ കാറ്റ്- യുഡിഎഫിന് ആത്മവിശ്വാസം, അടിത്തറ ഇളകില്ലെന്ന് ഇടത് -
കള്ളവോട്ട് ചെയ്യാൻ നോക്കേണ്ട, ഒരു വർഷം വരെ അകത്തുകിടക്കും -
വെയിലിനെ തോൽപ്പിച്ച് വോട്ട് ചെയ്യാം; വോട്ടർമാർക്കായി അടിയന്തര 'സേഫ്റ്റി ഗൈഡ്'












Click it and Unblock the Notifications