മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; തമിഴ്‌നാടിന് ജലവും കേരളത്തിന് ജീവിതവും, ട്രെന്‍ഡിംഗായി #savekerala
ഇടുക്കി : മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് 136 അടി കഴിഞ്ഞ സാഹചര്യത്തില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. 142 അടി സംഭരണ ശേഷിയുള്ള ഡാമില്‍ ഇപ്പോള്‍ ജലനിരപ്പ് 136. 80 അടിയായിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് രണ്ട് കണ്‍ടട്രോള്‍ റൂമുകള്‍ തുറന്നു.
ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കും. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. സേവ് കേരള, സേവ് മുല്ലപ്പെരിയാർ ഹാഷ് ടാഗുകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ് . . .

മുല്ലപ്പെരിയാര്‍ ഡാം കേരളത്തിന് ഭീഷണിയാണെങ്കില്‍ എന്തുകൊണ്ട് മറ്റ് നടപടികളിലേക്ക് കടക്കുന്നില്ല എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഡാം ഡി കമ്മിഷന്‍ ചെയ്തില്ലെങ്കില്‍ 4 ജില്ലകള്‍ കേരള ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന മുന്നറിയിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കേരളത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഡാം ഡി കമ്മിഷന്‍ ചെയ്യുന്നതിലേക്ക് കടക്കണമെന്നാണ് സോഷ്യല്‍ മീഡിയില്‍ ഉയരുന്ന ആവശ്യം.

കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. അതില്‍ പറയുന്നത് ഇങ്ങനെയാണ്. അപകടഭീഷണി നേരിടുന്ന ഡാമുകള്‍ സംബന്ധിച്ച് യു.എന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലെ വരികളാണ് താഴെ നല്‍കുന്നത്. അത്യന്തം അപകടഭീഷണി നേരിടുന്ന ഡാമായി ഇന്ത്യയില്‍ നിന്ന് യു.എന്‍.യൂണിവേഴ്‌സിറ്റി പഠന സംഘം കണ്ടെത്തിയിരിക്കുന്നത് മുല്ലപ്പെരിയാര്‍ ഡാം മാത്രമാണെന്ന് സന്ദീപ് വാര്യര്‍ പറയുന്നു.

നൂറൂവര്‍ഷങ്ങള്‍ക്കപ്പുറം പണിത മുല്ലപ്പെരിയാര്‍ ഡാമിന് യാതൊരു ഭീഷണിയുമില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ എനിക്കവരോട് യോജിപ്പില്ല. ഇത് കേരളത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. രാഷ്ട്രീയത്തിനപ്പുറം മലയാളി യോജിക്കേണ്ട വിഷയം. തലക്കുമുകളില്‍ ഈ ജലബോംബും വച്ച് മലയാളിക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയും? മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം. തമിഴ് നാടിനു ജലവും കേരളത്തിനു ജീവിതവും വേണം- സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ആശങ്കകള്‍ പങ്കുവയ്ക്കുന്നത്. നിരവധി സെലിബ്രിറ്റികളും ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് പ്രാരംഭ നടപടികള്‍ ആരംഭിച്ചെന്ന വാര്‍ത്തയുടെ തലക്കെട്ട് പങ്കുവച്ച് നടന്‍ ഹരീഷ് പേരടി പറയുന്നത് ഇങ്ങനെയാണ്, 2019ല്‍ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്.

പക്ഷെ നിര്‍മ്മാണ ചുമതല തമിഴ്‌നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്...പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്...തമിഴ്‌നാട് ആവുമ്പോള്‍ അവര്‍ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി കിടന്നുറങ്ങാം...അല്ലെങ്കില്‍ ഡാമില്‍ വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരും- ഹരീഷ് കുറിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കറും രംഗത്തെത്തി. മുല്ലപ്പെരിയാര്‍ മാസങ്ങള്‍ക്കുള്ളില്‍ തകരും,കേരളം മുങ്ങും എന്ന് പറഞ്ഞു ഏതാണ്ട് പത്ത് വര്‍ഷം മുമ്പ് കേരളം മുഴുവന്‍ തീര്‍ത്ത മനുഷ്യച്ചങ്ങല ഓര്‍മ വരുന്നു. ശാസ്ത്രീയമായ രേഖകളുടെ അടിസ്ഥാനത്തില്‍ അല്ലേ കോടതിയും സര്‍ക്കാരും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക? നമ്മുടെ സിസ്റ്റം ഈ വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടോ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.












Click it and Unblock the Notifications