കടന്നല് കുത്തിയാല്‍ മരിക്കുമോ? മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുന്നതെങ്ങനെ? ശ്രദ്ധേയമായി കുറിപ്പ്
വയനാട്: കഴിഞ്ഞ ദിവസം കടന്നല് കുത്തേറ്റ് വിനോദ യാത്രാ സംഘത്തിലെ മലയാളി യുവാവ് മരിച്ച സംഭവം ഏറെ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. തമിഴ്നാട് നീലഗിരി ഗൂഢല്ലൂരിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്. കോഴിക്കോട് ആയഞ്ചേരി സ്വദേശി പി. സാബിര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് കൂട്ടുകാര്‍ സംഘമായി ഗൂഡല്ലൂരില്‍ എത്തിയത്. ആഘോഷം കണ്ണീരായി മാറാന്‍ മണിക്കൂറുകള്‍ പോലും എടുത്തില്ല. വിനോദസഞ്ചാര കേന്ദ്രമായ സൂചിമല ഇറങ്ങുമ്പോള്‍ സാബിറിന് ആദ്യം കുത്തേല്‍ക്കുകയായിരുന്നു. സംഭവമറിഞ്ഞ് വനം വകുപ്പും പൊലിസും ഫയര്‍ സര്‍വീസും എത്തിയപ്പോഴേക്കും സാബിര്‍ മരിച്ചിരുന്നു. സാബിറിനെ കടന്നല് ആക്രമിക്കുന്നതു കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സാബിറിന്റെ ശരീരം മുഴുവന്‍ കടന്നല് പൊതിഞ്ഞ നിലയിലായിരുന്നു.
ഗള്‍ഫില്‍ നിന്ന് മൂന്നു വര്‍ഷത്തിന് ശേഷമാണ് സാബിര്‍ നാട്ടില്‍ പെരുന്നാള്‍ കൂടാനെത്തിയത്. ആ സന്തോഷത്തിനിടെയാണ് മരണം അപ്രതീക്ഷിതമായി തേടിയെത്തിയത്. അതിനാല്‍ തന്നെ സാബിറിന്റെ മരണം ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കും തീരാവേദനയായി മാറി. വിനോദ യാത്രയ്ക്കിടെ സാബിര്‍ പാട്ടു പാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായ രണ്ടു പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.

കാണുമ്പോള്‍ കുഞ്ഞന്‍ ആണെങ്കിലും ഈ ജീവി എത്രത്തോളം അപകടകാരിയാണെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും സാഹസിക യാത്രകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ ആരും തയാറാകില്ല. പാമ്പ് പോലെയുള്ള ജീവികള്ക്കെതിരേ എടുക്കുന്ന മുന്‍കരുതലിന്റെ പത്തിലൊരംശം പോലും കടന്നലുകള്ക്കെതിരേ എടുക്കാറില്ല.
വലുപ്പത്തില്‍ ചെറിയവനെങ്കിലും അതീവ അപകടകാരിയാണ് കടന്നല്. പ്രത്യേകിച്ചും കൂട്ടമായി ആക്രമിക്കുമ്പോള്‍. പാമ്പിന് വിഷത്തിന്റെ പത്തിലൊന്ന് വിഷം ഓരോ കടന്നലിലുമുണ്ടെന്നറിയുക. പത്തു കടന്നല് ചേര്‍ന്നാല്‍ പാമ്പു കടിച്ചതിനു തുല്യമാകും. കടന്നലില്‍ ഏറ്റവും അപകടകാരി കാട്ടു കടന്നലാണ്.
കടന്നലുകളുടെ ആക്രമണം ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനവും വെല്ലുവിളിയാണ്. അഗ്നിശമനസേനയ്ക്കോ പൊലീസിനോ വനംവകുപ്പിനോ കടന്നലിനെ നേരിടാന്‍ പരിശീലനം പോലും നല്‍കിയിട്ടില്ല. നിയമപരമായി അവയെ ഉപദ്രവിക്കാനും പാടില്ല. വായുവില്‍ നിന്നുള്ള ആക്രമണം ആയതു കൊണ്ട് ഒറ്റയടിക്ക് ഇവരെ നേരിടുക വെല്ലുവിളിയാണ്. തീ കൊണ്ടു മാത്രമേ പ്രതിരോധിക്കാന്‍ കഴിയൂ. രാത്രികാലങ്ങളില്‍ ആദിവാസികളുടെ സഹായത്തോടെ കടന്നല്‍കൂടുകള്‍ കത്തിച്ചു കളയാറുണ്ട്.
കടന്നല്/തേനീച്ച കുത്തേറ്റാല്‍ ഉടനടി വൈദ്യസഹായം നല്‍കണം. ശരീരത്തില്‍ നിന്നു കൊമ്പ് ഊരി മാറ്റുകയും അലര്‍ജിക്കുള്ള മരുന്നുകള്‍ നല്‍കുന്നതും വഴി ജീവന് രക്ഷിക്കാം. കുത്തേറ്റാല്‍ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തണം. എന്നാല്‍ സാബിറിന്റെ കാര്യത്തില്‍ ഇതിനൊന്നും സമയം നല്‍കാതെ കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
ഇപ്പോഴിതാ സാബിറിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ കടന്നല് കുത്തേല്‍ക്കുന്നതിന്റെ ഭീകരാവസ്ഥയെക്കുറിച്ച് ഡാനിഷ് റിയാസ് എന്ന യുവാവ് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധനേടുന്നത്. കടന്നലുകളുടെ / തേനീച്ചകളുടെ ആക്രമണ, പ്രതിരോധ രീതിയെക്കുറിച്ചാണ് യുവാവ് കുറിപ്പിലൂടെ വിവരിക്കുന്നത്. അതേസമയം, സാബിറിനെ കുത്തിയത് കടന്നലുകളല്ല, മലന്തേനീച്ചകളാണെന്നും ഡാനിഷ് പറയുന്നു. യാത്രകളില്‍ സൂക്ഷ്മത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യുവാവ് മുന്നറിയിപ്പ് നല്കുന്നു. നിരവധി പേരാണ് ഡാനിഷിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.
ഡാനിഷ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആനയും പുലിയും കടുവയുമൊക്കെ സര്‍വ്വ സാധാരണമായി മനുഷ്യരെ കൊല്ലുന്ന നാട്ടില്‍, കടന്നല് ആക്രമണത്തില്‍ മനുഷ്യര്‍ മരണപ്പെടുന്ന വാര്‍ത്തകള്‍ നമുക്കത്ര പരിചിതമല്ല. പക്ഷെ, അറിഞ്ഞിടത്തോളം ഇത്തരം മരണങ്ങളും അതിദാരുണമാണ്. ഇന്നലെ ഊട്ടി ഗൂഡല്ലൂര്‍ ഭാഗത്ത് ട്രിപ്പ് പോയി കൊല്ലപ്പെട്ട സാബിറിന്റെ കൈയ്യാണ് ചിത്രത്തില്‍. കടന്നലുകള്‍ / തേനീച്ചകള്‍ കുത്താത്ത ഒരുഭാഗം പോലുമില്ല ശരീരത്തില്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ചില ആളുകള്‍ക്കൊക്കെ അത്ഭുതമാണ്, കടന്നാല്‍ കുത്തിയാല്‍ / തേനീച്ചകള്‍ കുത്തിയാല്‍ ആളുകള്‍ മരിക്കുമോ എന്നൊക്കെ ശങ്കയുണ്ട്. സാധാരണ ഇത്തരം ചെറുജീവികളെ നമ്മള് വിലവെക്കില്ല, പക്ഷെ അവരുടെ ആക്രമണ, പ്രതിരോധ രീതി അറിഞ്ഞു കഴിഞ്ഞാല്‍ അത്ഭുതപ്പെടും. കേരളത്തില്‍ കണ്ടുവരുന്നത് നാല് തരം തേനീച്ചകളെയാണ്. അതില്‍ മലന്തേനീച്ചകളാണ് ഏറ്റവും അപകടകാരികള്‍. ഇവയാണ് സാബിറിനെ ആക്രമിച്ചതെന്ന് പറയുന്നു.
കടന്നലുകളും വിവിധതരത്തിലുണ്ട്, ഒരുവിധമെല്ലാം ആക്രമണ സ്വഭാവം കാണിക്കുന്നതാണ്. ഏതെങ്കിലും തരത്തില്‍ ഇവയുടെ കൂടിളക്കിയാല്‍ ചുറ്റിനും മൂവ് ചെയ്യുന്ന ജീവികളെ മുഴുവന്‍ ഇവ കടന്നാക്രമിക്കും. തീകൊണ്ട് മാത്രമേ പ്രതിരോധിക്കാന്‍ കഴിയൂ, അല്ലാത്തപക്ഷം മരണത്തിന് കീഴടങ്ങേണ്ടിവരും.
കടന്നലിന്റെയും തേനീച്ചയുടെയും ആക്രമണം വ്യത്യാസമുണ്ട്. തേനീച്ചകള്‍ കുത്തുമ്പോള്‍ അവയുടെ സ്റ്റിങ് അതായത് കൊമ്പ് നമ്മുടെ ശരീരത്തില്‍ ഒടിഞ്ഞിട്ടാണ് കയറുക, കൊമ്പിനോടൊപ്പം അവയുടെ വയറിന്റെ കുറച്ചുഭാഗവും നമ്മുടെ അകത്താകും. ഇരയെ കൊല്ലുക എന്ന ലക്ഷ്യത്തില്‍ അവയുടെ വിഷസഞ്ചിയും നമ്മുടെ ശരീരത്തിനകത്ത് കയറും. അതുകൊണ്ട് തന്നെ ഒരിക്കല്‍ നമ്മളെ കുത്തിയ തേനീച്ച പിന്നെ ജീവിക്കില്ല. അതോടെ ചത്ത് വീഴും. മാത്രമല്ല, തേനീച്ച കുത്തിവെച്ച കൊമ്പിന് എതിര്‍ഭാഗത്തേക്ക് ഒരു ചെറിയ മുള്ള് ഉണ്ടാകും, അതുകൊണ്ട് കുത്തിയ കൊമ്പ് വലിച്ചെടുക്കുമ്പം അത് അവിടെ മുറുക്കം അനുഭവപ്പെടുകയും നമുക്ക് അതീവ വേദനയും ഉണ്ടാകും.
അതേസമയം കടന്നലുകള്‍ ഇരയെ ആക്രമിക്കുമ്പോള്‍ കൊമ്പ് തറച്ചിരിക്കാത്തതുകൊണ്ട്, അവയ്ക്ക് എത്ര തവണ വേണേലും നമ്മളെ കുത്താം. ഇവിടെ, സാബിറിന്റെ ശരീരം കാണുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത് സാബീറിനെ തേനീച്ചകളാണ് ആക്രമിച്ചതും അയാള്‍ കൊല്ലപ്പെട്ടതുമെന്നാണ്.
മനപ്പൂര്‍വ്വം നമ്മള് കൂടിളക്കിയാലും, അറിയാതെ സംഭവിച്ചതാണെങ്കിലും ''കൂടിളകിയാല്‍'' അവ കരുതുന്നത് അവ ആക്രമിക്കപ്പെടുന്നു എന്നതാണ്. പിന്നെ ഇടം വലം നോക്കാതെ, ചലിക്കുന്ന എല്ലാ ജീവികളേയും അവ പൊതിഞ്ഞു കളയും, ഓടിച്ചിട്ട് കുത്തി നശിപ്പിക്കും. കടന്നലും തേനീച്ചകളുമൊക്കെ വെക്കുന്ന കൂട്ടില്‍ ലാര്‍വകളെ ഭക്ഷിക്കാനായി പരുന്ത് വരും, ഒറ്റ കൊത്തുകൊത്തി പരുന്ത് മുകളിലേക്ക് പറക്കും. അപ്പോഴും പക്ഷെ കടന്നലിന്റെ/തേനീച്ചയുടെ ആക്രമണം അടുത്തുള്ളവര്‍ക്കാണ് ഏല്ക്കുക.
ഇവിടെ സാബിര്‍ മലയുടെ താഴ്ഭാഗത്തു ചെന്നപ്പോള്‍ ആദ്യം കുറച്ചു തേനീച്ചകളെ കണ്ടു, അയാള്‍ കാര്യമാക്കിയില്ല. കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ അവയുടെ എണ്ണം കൂടി, ഉടനെ സാബിര്‍ ഷര്‍ട്ട് അഴിച്ചു വീശി. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത്. അത് അവയെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. വളഞ്ഞിട്ട് കുത്തി, കൂടെയുള്ള കൂട്ടുകാര്‍ക്കും കുത്ത് കിട്ടി, അവര്‍ ഓടി, പക്ഷെ സാബിര്‍ വീണു. എല്ലാം കൂടി സാബിറിനെ ആക്രമിച്ചു. ഇവ കുത്തിവെക്കുന്ന വിഷത്തോട് നമ്മുടെ ശരീരം ഉടനടി പ്രതികരിക്കും.
ഒന്നിലധികം കുത്ത് കിട്ടുമ്പോള്‍ പ്രതിരോധ ശേഷി താളം തെറ്റും. തലകറക്കം, ബോധക്ഷയം, ഛര്‍ദി ഇവ ആദ്യ ലക്ഷണം. ഇമ്മ്യൂണിറ്റി നഷ്ട്ടപ്പെടുന്നതിനനുസരിച്ച് രക്തസമ്മര്‍ദം കൂടുക, ശ്വാസ തടസം നേരിടുക, കോമ തുടങ്ങിയ അവസ്ഥയില്‍ എത്തും. ആയിരകണക്കിന് എണ്ണം വന്ന് പൊതിഞ്ഞു കുത്താന്‍ തുടങ്ങിയാല്‍ പിന്നെ ഒന്നും ചെയ്യാനില്ല. മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും. ഇവിടെ സംഭവിച്ചതും അതാണ്.
യാത്രകളില്‍ സൂക്ഷ്മത പാലിക്കുക. പ്രസന്‍സ് ഓഫ് മൈന്‍ഡ് കീപ് ചെയ്യുക. ചുറ്റുപാടുകളെ കുറിച്ച് മിനിമം ഒരു ബോധമുണ്ടായിരിക്കുക - ഇങ്ങനെ മുന്നറിയിപ്പ് നല്‍കിയാണ് ഡാനിഷ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications