കാനഡ കുടിയേറ്റ മോഹം അവസാനിക്കുമോ? സ്റ്റുഡന്റ് വിസകളില്‍ നിർണ്ണായക തീരുമാനമുണ്ടായേക്കും
കാനഡയിലെ കുടിയേറിയെത്തുന്ന ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള വിദ്യാർത്ഥികള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് ഉചിതമായ താമസ സ്ഥലം കണ്ടെത്തുക എന്നുള്ളത്. വിദ്യാർത്ഥികളുടേയും ജോലിക്കാരായി എത്തുന്നവരേടേയും എണ്ണം ക്രമാതീതമായി വർധിച്ചതോടെ വീടുകള്‍ക്കുള്ള വാടക കുത്തനെ ഉയർന്നു. ചെറിയ സൗകര്യങ്ങളുള്ള ഒറ്റമുറികള്‍ക്ക് പോലും വലിയ വാടകയാണ് നല്‍കേണ്ടത്.
വർധിച്ചുവരുന്ന കുടിയേറ്റ ജനസംഖ്യയ്ക്ക് ആനുപാതികമായ വാടകവീടുകള്‍ കാനഡയിലെ പല മേഖലകളിലും ഇല്ലെന്നാണ് പ്രധാന പ്രശ്നം. ഈ സാഹചര്യത്തില്‍ വർദ്ധിച്ചുവരുന്ന ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്റ്റുഡന്റ് വിസകൾക്ക് കാനഡ പരിധി നിശ്ചയിക്കുന്നത് പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

'വർദ്ധിച്ചുവരുന്ന ഭവന ചെലവിന്റെ സമ്മർദ്ദം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമീപ വർഷങ്ങളിൽ കുതിച്ചുയരുന്ന വിദേശ വിദ്യാർത്ഥി വിസകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കുന്നത് കനേഡിയന്‍ സർക്കാർ പരിഗണിച്ചേക്കും' പുതിയ ഭവന വകുപ്പ് മന്ത്രി സീൻ ഫ്രേസർ തിങ്കളാഴ്ച പറഞ്ഞു
2022-ൽ 800,000-ലധികം അന്തർദ്ദേശീയ വിദ്യാർത്ഥികളാണ് രാജ്യത്തുള്ളത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2012-ൽ ഇത് 275,000 ആയിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളില്‍ രാജ്യത്തേക്ക് വിദേശ വിദ്യാർത്ഥികളുടെ വലിയ ഒഴുക്കാണ് ഉണ്ടായിരിക്കുന്നത്. സർക്കാരും ഇതിന് സഹായകരമാവുന്ന നിലപാടായിരുന്നു സ്വീകരിച്ച് വന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന് വ്യത്യസ്തമായ ചിന്തയിലേക്ക് സർക്കാർ നീങ്ങുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.
വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ കുത്തനെയുള്ള വർദ്ധനവ് ഭവന വിപണികളിൽ സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് നേരത്തെ ഇമിഗ്രേഷൻ വകുപ്പ് മന്ത്രിയായിരുന്ന ഫ്രേസർ അഭിപ്രായപ്പെടുന്നത്. വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തുമോയെന്നചോദ്യത്തിന്, "നമ്മള്‍ പരിഗണിക്കേണ്ട ഓപ്ഷനുകളിലൊന്നാണ് ഇത് എന്ന് ഞാൻ കരുതുന്നു." എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഫ്രേസർ കൂട്ടിച്ചേർത്തു.
"ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും സ്ഫോടനാത്മകമായ വളർച്ച കാണാൻ ഒരിക്കലും രൂപകൽപ്പന ചെയ്തിട്ടില്ലാത്ത താൽക്കാലിക ഇമിഗ്രേഷൻ പ്രോഗ്രാമുകൾ ഞങ്ങൾക്ക് ലഭിച്ചു," പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ അറ്റ്ലാന്റിക് പ്രവിശ്യയിൽ നടന്ന ഒരു കാബിനറ്റ് റിട്രീറ്റിന്റെ ഭാഗമായി ഫ്രേസർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഭവന വാടക രംഗത്തെ പ്രശ്നങ്ങള്‍ കാനഡയില്‍ ഒരു രാഷ്ട്രീയ വിഷയമായും ഉയർന്ന് വന്നിട്ടുണ്ട്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ സർക്കാർ ഭവന പ്രശ്‌നം കൈകാര്യം ചെയ്യാൻ ഉചിതമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് 2025 ഒക്‌ടോബറോടെ നടക്കേണ്ട ഫെഡറൽ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ ഔദ്യോഗിക പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി ആരോപിക്കുന്നത്.












Click it and Unblock the Notifications