എന്തുകൊണ്ട് കാനഡ ഇന്ത്യന്‍ വിദ്യാർത്ഥികളുടെ വിസ നിഷേധിക്കുന്നു: എങ്ങനെ പരിഹരിക്കാം, ഇതാ മാർഗ്ഗങ്ങള്‍
മലയാളികള്‍ ഉള്‍പ്പെടേയുള്ള ഇന്ത്യന്‍ വിദ്യാർത്ഥികളുടെ പാശ്ച്യാത കുടിയേറ്റ മോഹങ്ങള്‍ക്ക് ശക്തിപകർന്ന രാജ്യമാണ് കാനഡ. കോവിഡാനന്തരം കാനഡയിലേക്കുള്ള വിദ്യാർത്ഥി കുടിയേറ്റത്തില്‍ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തുന്നത് നാം കണ്ടു. മറ്റ് പശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ലളിതമായ വിസ പ്രക്രിയ, സൗഹൃദ മനോഭാവം, പഠനശേഷം വർക്ക് പെർമിറ്റ്, പിആർ സാധ്യതകള്‍ എന്നിവയാണ് കാനഡ കുടിയേറ്റത്തിന് ശക്തിപകർന്ന പ്രധാന ഘടകങ്ങള്‍.
കുടിയേറ്റം ശക്തമായതോടെ കാനഡയിലെ ജനസംഖ്യയിലും വർധനവ് രേഖപ്പെടുത്തി. ഇത് സ്വാഭാവികമായും പാർപ്പിടം, തൊഴിലില്ലായ്മ പ്രശ്നങ്ങള്‍ക്കും ഇടയാക്കി. ഇതോടെ സമീപകാലത്തായി വിദേശ കുടിയേറ്റത്തിന് ശക്തമായ നിയന്ത്രണങ്ങളാണ് കാനഡ നടപ്പിലാക്കിയിരിക്കുന്നത്. വിദ്യാർത്ഥി വിസാ അപേക്ഷകള്‍ക്ക് പഴയത് പോലെ അപ്രൂവല്‍ ലഭിക്കാത്ത സ്ഥിതിയും പുതിയ സാഹചര്യത്തില്‍ ശക്തമായിട്ടുണ്ട്.

ഈ വർഷം റെക്കോർഡ് നിരക്കിലായിരുന്നു കാനഡയിലെ വിദ്യാർത്ഥി വിസ അപേക്ഷ നിരസിക്കല്‍ നിരക്കെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരുടേതുമാണ്. വിവിധ കാരണങ്ങളാലാണ് അപേക്ഷ നിരസിക്കുന്നത്. കാനഡ വിസ സ്വപ്നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈ കാരണങ്ങൾ അറിയലും അവ എങ്ങനെ ഒഴിവാക്കാം എന്ന് മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്.
വിസ റദ്ദാകുന്നതിനുള്ള കാരണങ്ങള്‍
കാനഡ ഇന്ത്യൻ വിദ്യാർത്ഥി അപേക്ഷകരുടെ വിസ നിരസിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അപേക്ഷകർ രാജ്യത്ത് തുടരുന്നതിന് ആവശ്യമായ തങ്ങളുടെ സാമ്പത്തിക നില വ്യക്തമാക്കുന്നില്ല എന്നതാണ്. കാനഡയിൽ ജോലി ചെയ്യാതെ തന്നെ തങ്ങളുടെ ട്യൂഷൻ ഫീസ്, ജീവിതച്ചെലവ്, മടക്കയാത്ര എന്നിവക്കെല്ലാം മതിയായ പണം ഉണ്ടെന്ന് അപേക്ഷകർ വിസ അപേക്ഷയോടൊപ്പം വ്യക്തമാക്കേണ്ടതുണ്ട്. എന്നാല്‍ ഫലപ്രദമായ രീതിയില്‍ ഈ ഘട്ടം പൂർത്തീകരിക്കാന്‍ പലർക്കും സാധിക്കുന്നില്ല.
പഠന കാലയളവിനുശേഷം കാനഡയില്‍ തുടരുമോ ഇല്ലയോ എന്നും ഒരു വിദ്യാർത്ഥി വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നാട്ടിലെ കുടുംബം, പഠനശേഷമുള്ള തൊഴിൽ സാധ്യത, സ്വത്തുക്കൾ തുടങ്ങി മാതൃരാജ്യവുമായുള്ള ശക്തമായ ബന്ധങ്ങളിലൂടെ വേണം ഈ ഘട്ടത്തില്‍ തങ്ങളുടെ മടങ്ങിവരവിനെക്കുറിച്ച് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍. നമ്മുടെ മടങ്ങിവരവിലെ സാധ്യതകളെ കുറിച്ച് ഉദ്യോഗസ്ഥന് സംശയം തോന്നിയാല്‍ വിസ നിരസിക്കപ്പെടാം.
മോശം അക്കാദമിക് പ്രകടനം, വിദ്യാഭ്യാസ കാലയളവിലെ ദീർഘമായ ഇടവേളകള്‍ എന്നിവയും വിശദീകരണമില്ലാതെ തന്നെ വിസ നിരസിക്കാൻ ഇടയാക്കും. അക്കാദമിക് പ്രവർത്തനങ്ങളിൽ ഉയർന്ന നിലവാരമുള്ളവർക്കാണ് കാനഡ എപ്പോഴും പരിഗണന നല്‍കുന്നത്. വിദ്യാഭ്യാസ കാലയളവിലെ ദീർഘമായ ഇടവേളകള്‍ വിദ്യാർത്ഥി വിസ അപേക്ഷയെ സംശയത്തിന്റെ നിഴലിലാക്കുന്ന പ്രധാന ഘടകമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അപേക്ഷയില്‍ എല്ലാ വിവരങ്ങളും ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ് മറ്റൊരു പ്രധാന കാര്യം. അപൂർണ്ണമായും തെറ്റായ വിവരങ്ങള്‍ അടങ്ങിയതുമായ അപേക്ഷകള്‍ തുടക്കത്തില്‍ തന്നെ ചവറ്റുകൊട്ടയില്‍ എറിയപ്പെടും എന്നതില്‍ സംശയമില്ല. അപേക്ഷയിലെ എല്ലാ വിവരങ്ങളുടേയും ആധികാരികത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കിയിരിക്കണം.
പ്രതിവിധിയെന്ത്
ഏറ്റവും പ്രധാനപ്പെട്ട കാര്യം കാനഡയില്‍ എത്തിയാല്‍ അവിടെ തുടരുന്നതിന് ആവശ്യമായ സാമ്പത്തിക ശേഷി തങ്ങള്‍ക്ക് ഉണ്ടെന്ന് തെളിയിക്കലാണ്. ഇത് ഉറപ്പ് വരുത്തിയതിന് വേണം അപേക്ഷ സമർപ്പിക്കാന്‍. നിങ്ങളുടെ പഠന പദ്ധതികൾ, ഭാവി കരിയർ ലക്ഷ്യങ്ങൾ, നിങ്ങളുടെ മാതൃരാജ്യവുമായുള്ള ബന്ധങ്ങൾ എന്നിവ വിശദീകരിക്കുന്ന ഒരു വിശദമായ കവർ ലെറ്റർ തയ്യാറാക്കുന്നത്, പഠനശേഷം സ്വന്തം രാജ്യത്തേക്കുള്ള മടക്കത്തേക്കുറിച്ച് വിസ ഓഫീസറെ ബോധ്യപ്പെടുത്താൻ സഹായിക്കും.
വിദ്യാഭ്യാസ കാലയളവിലെ വ്യത്യാസങ്ങളോ അല്ലെങ്കില്‍ മറ്റേതെങ്കിലും പൊരുത്തക്കേടുകളോ ഉണ്ടെങ്കില്‍ കൃത്യമായ രീതിയിലുള്ള വിശദീകരണത്തിലൂടെ ഇത് പരിഹരിക്കാന്‍ കഴിയുന്നതാണ്. അതായത് എന്തുകൊണ്ട് പഠനം നിർത്തിയിട്ട് ഇത്രയും കാലത്തിന് ശേഷം വിദ്യാർത്ഥി വിസയ്ക്ക് അപേക്ഷിക്കുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ കഴിയണം. നിങ്ങളുടെ പഠനത്തെ ബാധിച്ച ആരോഗ്യപ്രശ്നങ്ങൾ, കുടുംബത്തിലെ സാഹചര്യം അല്ലെങ്കിൽ മറ്റ് വ്യക്തിപരമായ കാരണങ്ങളും നിങ്ങള്‍ക്ക് സൂചിപ്പിക്കാം.
ആവശ്യമായ എല്ലാ രേഖകളും ഭംഗിയായി ക്രമീകരിച്ച്കൊണ്ട് അപേക്ഷ നല്‍കുക. നിങ്ങളുടെ വിസ അപേക്ഷാ പ്രക്രിയയിൽ സത്യസന്ധതയും സുതാര്യതയും പരമപ്രധാനമായതിനാൽ, എല്ലാം ശരിയല്ലേയെന്ന് രണ്ടുതവണ പരിശോധിച്ച് ഉറപ്പ് വരുത്തുക.
കനേഡിയൻ സ്റ്റുഡൻ്റ് വിസകളിൽ വൈദഗ്ദ്ധ്യം നേടിയ പരിചയസമ്പന്നനായ ഒരു ഇമിഗ്രേഷൻ കൺസൾട്ടൻ്റുമായി കൂടിയാലോചന നടത്തുന്നതും നല്ലതാണ്. സങ്കീർണ്ണമായ അപേക്ഷ പ്രക്രിയ കൂടുതൽ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവർക്ക് സാധിക്കും. ഏജന്‍സികളെ തിരഞ്ഞെടുക്കുമ്പോള്‍ വിശ്വസനീയത ഉറപ്പ് വരുത്തുക.












Click it and Unblock the Notifications